ഫ്ലോറിഡ നിവാസികളെ വിസ്മയിപ്പിച്ച ‘ഭീമന്‍ പെന്ഗ്വിൻ’, ചുരുളഴിഞ്ഞ രഹസ്യം, കാൽപാടുകൾക്ക് പിന്നിൽ?

Mail This Article
1948 ലാണ് ഫ്ലോറിഡ ബീച്ചീല്‍ മൂന്ന് വിരലുകളുള്ള കാൽപാദങ്ങളുടെ പാട് കണ്ടെത്തുന്നത്. ക്ലിയര്‍വാട്ടര്‍ ബീച്ചില്‍ കണ്ടെത്തിയ ഈ കാൽപാദങ്ങളുടെ പാടിന് അസാധാരണമായ വലുപ്പമുണ്ടായിരുന്നു. അതായത് 35 സെന്‍റിമീറ്റര്‍ നീളവും, 28 സെന്‍റിമീറ്റര്‍ വീതിയും. കടലില്‍ നിന്ന് കരയിലേക്ക് കയറി വന്ന ഒരു ജീവിയുടേതെന്ന പോലെ ആയിരുന്നു ഈ കാൽപാടുകള്‍. തുടര്‍ന്ന് തീരത്തു കൂടി ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ച് തിരികെ കടലിലേക്കിറങ്ങി പോയെന്നും കാല്‍പ്പാടുകളിലൂടെ വ്യക്തമായി. രണ്ട് കാലില്‍ നടക്കാന്‍ കഴിയുന്ന ജീവിയുടേതാണ് ഈ കാല്‍പ്പാടുകളെന്നും തീരിച്ചറിഞ്ഞു. കാല്‍പ്പാടുകള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് 1.2 മീറ്ററായിരുന്നു. ഇതില്‍ നിന്ന് തന്നെ ഏതാണ്ട് 15 അടി നീളം ഈ ജീവിക്കുണ്ടെന്നും അന്ന് കണക്കുകൂട്ടി.
വൈകാതെ ഈ കാൽപാദത്തിന്‍റെ ഉടമയായ ജീവിയെ കണ്ടതായുള്ള പല വാര്‍ത്തകളും ഫ്ലോറിഡ മേഖലയില്‍ പ്രചരിച്ചു. ഡുനെഡിന്‍ ഫ്ലൈയിങ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ ജീവിയെ നേരിട്ടു കണ്ടു എന്നവകാശപ്പെട്ട് അധികൃതരെ സമീപിച്ചു. കടലില്‍ നീന്തുന്ന സ്ഥിതിയില്‍ കാട്ടുപന്നിയുടെ തലയോട് കൂടിയ ഒരു ജീവിയാണ് ഇതെന്നായിരുന്നു ഇവരുടെ അവകാശം. സമാനമായ ഒരു അവകാശ വാദം തീരത്ത് നീന്താനെത്തിയ ചിലരും ഉന്നയിച്ചു. വലിയ ഒരു ജീവി കടലില്‍ നീന്തുകയായിരുന്നു എന്നും ഇവര്‍ തീരത്തേക്കെത്തിയതോടെ ജീവി കടലിലേക്ക് മറഞ്ഞെന്നും ആണ് ഇവര്‍ അവകാശപ്പെട്ടത്.
അധികൃതരും പൊലീസും തുടര്‍ന്ന് പല തവണ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. കാൽപാദങ്ങള്‍ ഏത് ജീവിയുടേതാണെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇത് ആളുകളെ കബളിപ്പിക്കാന്‍ ആരെങ്കിലും നടത്തിയ ശ്രമാമാകാമെന്നും ഇവര്‍ സംശയിച്ചു. തുടര്‍ന്നും പല തവണ ഏതാണ്ട് ഒരു പതിറ്റാണ്ട് കാലത്തേക്ക് ഈ വലിയ കാല്‍പ്പാടുകള്‍ ഫ്ലോറിഡ തീരത്ത് പ്രത്യക്ഷപ്പെട്ടു.
ഇതിനിടയില്‍ സ്യൂഡോ സയന്‍സില്‍ ഗവേഷണം നടത്തുന്ന ബ്രിട്ടിഷ് ബയോളജിസ്റ്റ് ഇവാന്‍ ടെറന്‍സ് സാന്‍ഡേഴ്സണ്‍ ആണ് ഈ കാല്‍പ്പാടുകള്‍ പെന്‍ഗ്വിന്‍റേതാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഏതാണ്ട് 4.5 മീറ്റര്‍ വലുപ്പം വരുന്നതാണ് ഈ പെന്‍ഗ്വിനെന്നും ഇവാന്‍ വിശദീകരിച്ചു. ഇതിന് ശാസ്ത്രീയമായ ചില വാദങ്ങളും ഇദ്ദേഹം മുന്നോട്ടു വച്ചു. നടക്കുന്ന പാതയിലെ ഓരോ ചെറിയ തടസ്സങ്ങള്‍ പോലും ഒഴിവാക്കിയാണ് കാല്‍പ്പാദങ്ങളുള്ളത്. കൂടാതെ കാറ്റിന്‍റെ ദിശയ്ക്കനുസരിച്ചാണ് ഈ ജീവി നടന്നു പോയിരിക്കുന്നത്. മാത്രമല്ല പെന്‍ഗ്വിനുകള്‍ നടക്കുന്നത് പോലെ പതിഞ്ഞുള്ള നടത്തത്തിന് തുല്യമായ കാല്‍പ്പാടുകളാണ് തീരത്തുള്ളതെന്നും ഇവാന്‍ വിശദീകരിച്ചു. കൂടാതെ ഈ ജീവിയെ കണ്ട വാര്‍ത്ത ഒരു തട്ടിപ്പാകാനുള്ള സാധ്യതയും ഇവാന്‍ തള്ളിക്കളഞ്ഞു.
1988ൽ പുറത്തുവന്ന സത്യം
ആദ്യമായി പെന്‍ഗ്വിന്‍റെ ഭീമന്‍ കാലുകള്‍ തീരത്ത് പ്രത്യക്ഷപ്പെട്ട് നാല്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ പെന്‍ഗ്വിന്‍ കഥയുടെ സത്യം പുറത്തുവന്നത്. ടോണി സിഗ്നറോനി എന്ന വ്യക്തി തന്‍റെ കൈയിലുള്ള പെന്‍ഗ്വിന്‍ കാലുകളുടെ രൂപത്തിലുള്ള ഷൂ പരസ്യമാക്കി. അസാധാരണ വലുപ്പമുള്ള ഈ ഷൂ ധരിച്ച് ടോണി തന്നെയാണ് കടല്‍തീരത്ത് കൂടി രാത്രി കാലങ്ങളില്‍ നടന്നത്. ഏതാണ്ട് 10 വര്‍ഷത്തോളം ഈ പറ്റിക്കല്‍ ഇടയ്ക്കിടെ ടോണി തുടരുകയും ചെയ്തു. തന്‍റെ പെന്‍ഗ്വിന്‍ കാലുകള്‍ക്കൊപ്പമുള്ള ചിത്രം സഹിതമാണ് ഈ തട്ടിപ്പിന് പിന്നില്‍ താനായിരുന്നു എന്ന് ടോണി വെളിപ്പെടുത്തിയത്.
ടോണി മാത്രമായിരുന്നില്ല, അയാളുടെ സുഹൃത്ത് വില്യംസും ഈ തട്ടിപ്പിനായി കൂടെയുണ്ടായിരുന്നു. അക്കാലത്ത് നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ വന്ന ഒരു ദിനോസറിന്റെ കാൽപാദത്തിന്‍റെ ചിത്രമാണ് ഈ തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് ഏതാണ്ട് 15 കിലോ ഭാരം വരുന്ന ഈ പെന്‍ഗ്വിന്‍ കാലുകളുടെ രൂപത്തിലുള്ള ഷൂ നിർമിക്കുന്നതും. തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്ന് ഷൂ ചുമന്ന് ബോട്ടിലെത്തിച്ചു. ബോട്ടില്‍ കടലില്‍ പോയി തീരത്തേക്ക് തിരിച്ചുവന്ന ശേഷം, തീരത്തിന് സമീപം നിന്ന് ഷൂ ധരിച്ച് കരയിലേക്ക് നടക്കും. തുടര്‍ന്ന് നടത്തം പൂര്‍ത്തിയാകുമ്പോള്‍ കടലില്‍ ഇറങ്ങി തിരികെ ബോട്ടില്‍ കയറും.
ഇങ്ങനെയാണ് സമീപത്തെങ്ങും മനുഷ്യന്റെ കാല്‍പ്പാടുകളില്ലാതെ ഈ ജീവിയുടെ കാല്‍പ്പാട് മാത്രമായി പതിഞ്ഞു എന്ന് ഇരുവരും ഉറപ്പു വരുത്തിയിരുന്നത്. കൂടാതെ ബോട്ടില്‍ നിന്നിറങ്ങി കരയിലേക്കെത്തി, തിരികെ ബോട്ടില്‍ കയറി യാത്ര അവസാനിപ്പിക്കുന്നതോടെ ജീവി കടലില്‍ നിന്ന് വരുന്നു, കടലിലേക്ക് തന്നെ തിരിച്ചുപോകുന്നു എന്ന ധാരണ ഉണ്ടാക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. ഏതായാലും തട്ടിപ്പുകാര്‍ രണ്ടും ഇന്ന് ജീവിച്ചിരിപ്പില്ല. വില്യംസ് 1969 ല്‍ മരിച്ചപ്പോള്‍, ടോണി തന്‍റെ രഹസ്യമെല്ലാം വെളിപ്പെടുത്തിയ ശേഷം ഏതാണ്ട് രണ്ടര പതിറ്റാണ്ട് ജീവിച്ചിരുന്നു. 2013 ലാണ് ടോണി മരിക്കുന്നത്. ഈ വെളിപ്പെടുത്തതിലൂടെ കൂറ്റന്റെ പെൻഗ്വിന്റെ രഹസ്യവും ചുരുളഴിഞ്ഞു.
English Summary: The Giant Penguin Hoax That Fooled Florida For 10 Whole Years