കൊടുംതണുപ്പിൽ രോമം റെയിൽവേ ട്രാക്കിൽ പറ്റിപ്പിടിച്ചു: തണുത്തുറഞ്ഞ റക്കൂണിന് അദ്ഭുതരക്ഷ– വിഡിയോ

Mail This Article
അതിശൈത്യം പിടിമുറുക്കിയതിനെ തുടർന്ന് അമേരിക്കയിൽ ഏതാനും ആഴ്ചകളായി ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. എന്നാൽ തണുപ്പിൽ നിന്നും രക്ഷനേടാനായി മനുഷ്യർ ധാരാളം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം മറ്റു ജീവജാലങ്ങളുടെ അവസ്ഥ അങ്ങനെയല്ല. കൊടുംതണുപ്പിൽ രക്ഷനേടാനിടമില്ലാതെ വലയുകയാണ് പക്ഷിമൃഗാദികൾ. ശരീരം തണുത്തുറയുന്നതുമൂലം അവ പല അപകടങ്ങളിലും ചെന്നുപെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെട്ട ഒരു റക്കൂണിന്റെ ദൃശ്യങ്ങളാണ് ജോർജിയയിൽ നിന്നും പുറത്തു വരുന്നത്.
ശരീരത്തിലെ രോമങ്ങൾ റെയിൽവേ ട്രാക്കിൽ തണുത്തുറഞ്ഞ് ഒട്ടിപ്പിടിച്ചതിനെ തുടർന്ന് കുടുങ്ങിപ്പോയ റക്കൂണിന്റെ ദൃശ്യമാണിത്. റക്കൂണിന്റെ ശരീരത്തിനടിവശത്തെ രോമങ്ങളാണ് റെയിൽവേ ട്രാക്കിൽ ചേർന്ന് ഉറഞ്ഞു പോയത്. എന്നാൽ റക്കൂൺ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. ട്രാക്കിൽ നിന്നും നീങ്ങാനാവാത്ത വിധത്തിൽ പരിഭ്രമിച്ചിരിക്കുന്ന റക്കൂണിനെ റെയിൽവേ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ട്രയിൻ വരാൻ സമയമായതിനാൽ റക്കൂണിനെ അവിടെ നിന്നും എത്രയും വേഗം നീക്കാനായില്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനമാരംഭിച്ചു.
നീൽ മള്ളിസ് എന്ന ഉദ്യോഗസ്ഥനാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. റക്കൂണിനെ ഉയർത്തി നീക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും അത് പരാജയപ്പെട്ടു. മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നതോടെ റക്കൂണിന്റ ശരീരത്തിന്റെ താഴെ ഭാഗത്തേക്ക് ചൂടു വെള്ളം ഒഴിച്ചു കൊടുക്കുകയായിരുന്നു. രോമങ്ങളിലെ മഞ്ഞുരുകിയതോടെ അതിന് ചലിക്കാൻ സാധിച്ചു. പിന്നീട് ഷൗവ്വൽ ഉപയോഗിച്ച് റക്കൂണിനെ ഉയർത്തിയെടുക്കുകയായിരുന്നു. അഞ്ചു മിനിറ്റ് സമയംകൊണ്ടാണ് റക്കൂണിന്റെ ശരീരം പൂർണമായി സ്വതന്ത്രനാക്കാനായത്.
രക്ഷപ്പെടുത്തിയ ഉടൻ തന്നെ റക്കൂൺ സമീപത്തെ വനമേഖലയിലേക്ക് ഓടി പോവുകയും ചെയ്തു. റക്കൂൺ കുടുങ്ങിക്കിടക്കുന്നതിന്റെയും അതിനെ രക്ഷിച്ചതിന്റെയുമെല്ലാം ചിത്രങ്ങളും ദൃശ്യനും പുറത്തുവന്നിട്ടുണ്ട്. പൊതുവേ ശല്യക്കാരല്ലെങ്കിലും ജീവന് അപകടമുണ്ടെന്ന് തോന്നുന്ന ഘട്ടങ്ങളിൽ റക്കൂണുകൾ അക്രമകാരികളാകാറുണ്ട്. അതിനാൽ അങ്ങേയറ്റം ശ്രദ്ധയോടെയാണ് തങ്ങൾ റക്കൂണിനെ കൈകാര്യം ചെയ്തതെന്ന് നീലും സംഘവും പറയുന്നു. തണുപ്പിൽ നിന്നും രക്ഷനേടാനായി കട്ടിയുള്ള രോമങ്ങളാണ് ഇവയ്ക്കുള്ളത്. ശരീര താപനില നിയന്ത്രിച്ചു നിർത്താൻ ഇത് സഹായിക്കുമെങ്കിലും രോമങ്ങൾ തണുത്തുറയുന്നതു മൂലം ഇത്തരം അപകട ഭീഷണിയും നിലനിൽക്കുന്നുണ്ട്.
തുറസ്സായ പ്രദേശങ്ങളിൽ പൊതുവേ ഇറങ്ങാത്തവയാണ് റക്കൂണുകൾ. എന്നാൽ വനനശീകരണം മൂലം സുരക്ഷിതത്വവും ഭക്ഷണവും തേടി അവ ജനവാസ മേഖലകളിലേക്കിറങ്ങാറുണ്ട്. ഇങ്ങനെയാവാം അപകടത്തിൽപ്പെട്ട റക്കൂണും റെയിൽവേ ട്രാക്കിലെത്തിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. സംഭവം നടക്കുന്ന ദിവസം മൈനസ് 12 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്തെ താപനില. റെയിൽവേ ട്രാക്കിലൂടെ നീങ്ങുന്നതിനിടെ അധിക സമയം ട്രാക്കിൽ ഇരുന്നതുമൂലമാവാം റക്കൂണിന്റെ രോമങ്ങൾ പറ്റിപ്പിടിച്ചതെന്നാണ് നിഗമനം.
English Summary: Raccoon gets frozen to railway track as temperatures plummet