ഇത് ആർസിസിയിലെ ഡോക്‌ടറുടെ കുറിപ്പല്ല | Fact Check
Mail This Article
മിത്തുകളാണല്ലോ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരോഗ്യ പരിപാലന ടിപ്പുകൾ പലതും ഇന്ന് വൈറലാണ്. സമൂഹമാധ്യമങ്ങളിലെ സാങ്കല്പിക ഡോക്ടർമാരാവുകയാണ് പലരും. മരുന്നേതാണ് മിത്തേതാണെന്നറിയാതെ ഇത്തരം സന്ദേശങ്ങളിൽ പലരും വീണുപോകുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ (ആർസിസി) പ്രശസ്ത ക്യാൻസർ വിദഗ്‍ധനായ ഡോക്ടറുടേത് എന്ന പേരിൽ കാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. പോസ്റ്റിന്റെ വസ്തുത പരിശോധനക്കായി മനോരമ ഒാൺലൈൻ വാട്സാപ്പ് നമ്പറിൽ (8129100164) ലഭിച്ച സന്ദേശമാണിത്. വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
കാൻസർ ബാധിച്ച് ഒരാളും മരണപ്പെടില്ല, ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച് എന്ന മുഖവുരയോടെയാണ് കുറിപ്പ്.
എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം കാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.
രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പിയെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു.
ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്. മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് കാൻസർ കോശങ്ങളെ തടയുന്നു.രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു. ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുക .ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപാക്കുക.ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക. പാലിൻറെ ഉപയോഗം കുറക്കുക. വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക .രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു.ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക.മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.
നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത് മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന കാൻസർ തടയുന്നതിന് കാരണമാണ്.
രാത്രിയേക്കാൾ കൂടുതൽ വെള്ളം പകൽ കുടിക്കുക. ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദരപരമായ രോഗങ്ങൾക്കും കാരണമാകും.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും. അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക.
വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും. പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്. നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു. ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
കൂടാതെ ചൂടുവെള്ളത്തിൽ 2-3 നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നിത്യ പാനീയമായി ഉപയോഗിക്കുക. തണുത്ത നാരങ്ങവെള്ളത്തിൽ വൈറ്റമിൻ സി മാത്രമേയുള്ളൂ. അതിനെ കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. നാരങ്ങാനീര് ചേർത്ത ചൂടുവെള്ളത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്. ഈ പാനീയം അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരിൽ ഉള്ള പോളിഫിനോളും ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു. ഡീപ് വെയിൻ ത്രോംബോസിസ് എന്ന അസുഖം ഉണ്ടാവാനുള്ള സാധ്യത തടയുന്നു. എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് പോസ്റ്റിൽ ക്യാൻസർ തടയാനുള്ള മാർഗങ്ങളായി നിർദേശിക്കുന്നത്.
മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വായനക്ക് ശേഷം മറ്റുള്ളവരുമായി പങ്കുവെക്കു .ശരീര സംരക്ഷണത്തിന് കരുതൽ നൽകു. ഡോക്ടർ (RCC തിരുവനന്തപുരം)
ഇങ്ങനെ നീളുന്നു കുറിപ്പ്....
കീവേഡുകളുപയോഗിച്ച് പോസ്റ്റിനെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മുൻപും ഇത്തരത്തിൽ പോസ്റ്റുകൾ വ്യാപകമായി വാട്സാപിലടക്കം പ്രചരിച്ചതായി ഞങ്ങൾ കണ്ടെത്തി.
സന്ദേശം ആർസിസിയിലെ കാൻസർ സ്പെഷ്യലിസ്റ്റ് പുറപ്പെടുവിച്ചതാണെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഡോക്‌ടറുടെ പേര് വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ സ്ഥിരീകരണത്തിനായി തിരുവനന്തപുരം ആർസിസി വക്താവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സന്ദേശം ഏറെനാളായി പ്രചാരത്തിലുണ്ടെന്നും ആർസിസിയിലെ ഡോക്ടർമാരാരും തന്നെ ഇത്തരം ഒരു സന്ദേശം നൽകിയിട്ടില്ലെന്നും വ്യക്തമായി.
കൂടുതൽ വ്യക്തതയ്ക്കായി പ്രമുഖ ഓങ്കോളജിസ്റ്റ് വിഭാഗം ഡോക്ടറുമായി സംസാരിച്ചപ്പോൾ സന്ദേശത്തിലുള്ളത് തീർത്തും അടിസ്ഥാനരഹിതമായ വിവരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെയാണ് ഇത്തരം വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.
ആരോഗ്യകരമായ ജീവിത ശൈലിക്കും പ്രതിരോധ ശേഷി നേടുന്നതിനും പോസ്റ്റിലുള്ള പല വിവരങ്ങളും പ്രയോജനപ്പെട്ടേക്കാം. എന്നിരുന്നാലും കാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകളല്ല ഇവയൊന്നും എന്ന് ഡോക്ടർ വ്യക്തമാക്കി.
നാരങ്ങ ചെറു ചൂടുവെള്ളത്തിൽ കുടിക്കുന്നത് കാൻസറിനെ ചെറുക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. അന്വേഷണത്തിൽ ഇതും വ്യാജ പ്രചരണമാണെന്ന് ഞങ്ങൾ കണ്ടെത്തി. യാഥാർത്ഥ്യം വ്യക്തമാക്കുന്ന നാഷണൽ സെന്റർ ഫോർ ഹെൽത്ത് റിസർച്ചിന്റെ പഠനം കാണാം.
വസ്തുത
കാൻസർ വരാതിരിക്കാൻ ആർസിസി പുറത്തിറക്കിയ മുൻകരുതലുകൾ എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.
English Summary : Doctor Debunks Preventive Measures Of Cancer- Fact Check