ഇത് കേരളത്തിലെ ചെളി നിറഞ്ഞ റോഡിൽ ഞാറ് നടുന്ന ചിത്രമോ? | Fact Check
Mail This Article
ഒരാള്‍ നടുറോഡില്‍ നിന്ന് നെൽ കൃഷി ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറല്‍ ചിത്രം കേരളത്തിലാണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ
എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
ചിത്രം വ്യക്തമായി പരിശോധിച്ചപ്പോൾ ചിത്രത്തില്‍ ഹിന്ദിയില്‍ ഒരു ബ്യുട്ടി പാര്‍ലറിന്‍റെ ബോര്‍ഡ് കാണാം. ഇത് ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്ന സൂചന നൽകി.
പിന്നീട് വൈറൽ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2015ൽ ഇതേ ചിത്രവുമായി പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് ലഭിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം പ്രവീൺ കോശിയാരി എന്ന വ്യക്തി ഉത്തരാഖണ്ഡിലെ ധാർചുല എന്ന പ്രദേശത്തെ ചെളി നിറഞ്ഞ് യാത്ര ദുഷ്കരമായ റോഡിൽ ഞാറ് നട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യമാണിതെന്ന് വ്യക്തമായി. ചിത്രത്തിൽ കാണുന്ന റോഡ് പൂർണമായും നശിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ നേടാനായി ഞാറ് നട്ടതെന്ന് മറ്റൊരു റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
കൂടാതെ 2015ൽ ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ ഹരീഷ് റാവത്തായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധത്തെ തുടർന്ന് പിന്നീട് പ്രദേശത്ത് റോഡ് നിർമാണം ആരംഭിക്കുകയും റോഡ് നിർമാണം പൂർത്തിയാക്കിയ ശേഷം റാവത്ത് നേരിട്ട് നിർമ്മാണം വിലയിരുത്താനെത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് നടുറോഡില്‍ ഒരാള്‍ നെല്‍കൃഷി ചെയ്യുന്നത്തിന്‍റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന ചിത്രം 2015ൽ ഉത്തരാഖണ്ഡിലെ ധാർചുലയിലെ അൽമോറ എന്ന പ്രദേശത്ത് നിന്നുള്ളതാണെന്ന് വ്യക്തമായി.
∙ വസ്തുത
കേരളത്തിലെ തകർന്ന റോഡിൽ ഞാറ് നടുന്ന ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ റോഡ് തകർന്നതിനെത്തുടർന്ന് 2015ൽ ആളുകൾ ഞാറ് നട്ട് പ്രതിഷേധിച്ചതിന്റെ ചിത്രമാണിത്.
English Summary :The post circulating with the claim of a picture of sorghum planting on a dilapidated road in Kerala is misleading