കെഎസ്ആർടിസി ഈ പള്ളിയിലെ തീർത്ഥാടകർക്ക് വേണ്ടി സൗജന്യ സര്‍വീസ് നടത്തിയോ? | Fact Check
Mail This Article
ആലപ്പുഴയിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കെഎസ്ആർടിസി സൗജന്യ സര്‍വീസ് നടത്തിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃപാസനം ജപമാല റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗജന്യയാത്ര എന്‍എച്ച് വരെ.. എന്ന ബോര്‍ഡ് വെച്ച കെഎസ്ആർടിസി ബസിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
ആലപ്പുഴ മാരാരിക്കുളത്തിനടുത്ത് കൃപാസനം എന്ന പെന്തക്കോസ്തുകാരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം ആലപ്പുഴയ്ക്ക് പോകേണ്ട ബസുകളിൽ ഒന്നാണ് ഈ കാണുന്നത്. കെഎസ്ആർടിസി പത്ത് കിലോമീറ്റർ ഫ്രീയായി ഇതുപോലൊരു യാത്ര ശബരിമല , പമ്പ നിലക്കൽ സൗജന്യമായി കൊടുത്താൽ എത്ര നന്നായിരുന്നു. പ്രതികരണശേഷി ഇല്ലാത്ത അയ്യപ്പന്മാരുടെ മറുപടി പ്രതീക്ഷിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
കെഎസ്ആർടിസി ഇത്തരത്തിലൊരു സൗജന്യ യാത്ര ഒരുക്കിയിരുന്നെങ്കിൽ അത് വാർത്താ മാധ്യമങ്ങളിലോ കെഎസ്ആർടിസിയുടെ സമൂഹമാധ്യമ പേജുകളിലോ അറിയിപ്പായി നൽകുമായിരുന്നു. എന്നാൽ കീവേഡുകളുടെ പരിശോധനയിൽ അത്തരത്തിലുള്ള റിപ്പോർട്ടുകളോ ചിത്രങ്ങളോ ഒന്നും തന്നെ ലഭ്യമായില്ല.
എന്നാൽ കെഎസ്ആർടിസി ആലപ്പുഴയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് പരിശോധിച്ചപ്പോൾ കൃപാസനം പള്ളിയിലേക്ക് സൗജന്യ യാത്രയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് സംബന്ധിച്ച കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം ലഭിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ്. പോസ്റ്റ് കാണാം.
ഈ ഒരു ഫോട്ടോ വെച്ച് ചിലർ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കണ്ടു കൃപാസനം പള്ളി യിലെ ഒരു പരുപാടി ആയി ബന്ധപ്പെട്ട് KSRTC ബസുകളിൽ സൗജന്യ യാത്ര എന്നത്. എന്താണ് ഇതിലെ വസ്തുത എന്നത് നിങ്ങൾ മനസിലാക്കുക???
ആലപ്പുഴ ജില്ലയിലെ കൃപാസനം പള്ളിയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പള്ളി അധികൃതർ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ ക്യാഷ് അടച്ച് നടത്തിയ സർവീസ് ആണ് ഇത്.
എന്താണ് ഈ സർവീസ്??
പ്രൈവറ്റ് ഹയര്‍ സംവിധാനത്തില്‍ KSRTC നല്‍കുന്ന സർവീസാണിത് ആലപ്പുഴ ഡിപ്പോയില്‍ നിന്നാണ് സർവീസിനായി ബസുകള്‍ ക്രമീകരിച്ചത്.
ഈ സർവീസുകൾ സൗജന്യമായി ആണോ ഓപ്പറേറ്റ് ചെയ്തത്?
ഈ സർവീസ് പ്രൈവറ്റ്ഹയര്‍ സംവിധാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള റേറ്റ് പ്രകാരമാണ്. ട്രിപ്പ് വ്യവസ്ഥയിൽ KSRTC ആലപ്പുഴ ഡിപ്പോയില്‍ കൃപാസനം പള്ളി അധികൃതർ ഒരു ബസ്സിന് 11000 രൂപ ( 18% GST ഉള്‍പ്പെടെ) എന്ന നിരക്കിൽ (8 മണിക്കൂർ ഓടുന്നതിനു) 12 ബസ്സുകൾ വാടകക്ക് എടുത്തു ഓടിച്ചത് ആണ്.
ഈ ബസുകളിൽ അത് കൊണ്ട് തന്നെ 150 KM 8 മണിക്കൂർ വണ്ടി വാടകക്ക് എടുക്കുന്നവർക്ക് ഏതു രീതിയിൽ വേണേലും ഓടിക്കാൻ കഴിയും. എത്ര ട്രിപ്പും ഈ 150 കിലോമീറ്ററിന് ഉള്ളിൽ ഓടിക്കാം.
അധികമായി ഉപയോഗിക്കുന്ന മണിക്കൂറുകള്‍ക്ക് 500 രൂപയും ,ജി.എസ്.ടി ഉള്‍പ്പെടെ 2000 രൂപ വീതവും വാങ്ങുന്ന ഡെപ്പോസിറ്റില്‍ നിന്നും KSRTC ഈടാക്കും. അതുകൊണ്ട് മാത്രമാണ് ഫ്രീ സർവീസ് ആയി ഓടിയത്. പൈസ അടച്ചതിനാലാണ് ബസ് സർവീസ് KSRTC നടത്തിയത്. KSRTC സർവീസ് സൗജന്യമല്ല.
ഇതിനെ ശബരിമല സർവീസുമായി ബന്ധിപ്പിച്ച് പല പോസ്റ്റുകൾ കാണുവാനിടയായി. ഇനി വരും ദിവസങ്ങളിൽ ഈ ചാർജ് വ്യത്യാസം ഒക്കെ പറഞ്ഞു പോസ്റ്റുകൾ വരും എന്നത് ഉറപ്പാണ്. വർഷങ്ങൾ ആയി ഫെസ്റ്റിവൽ സ്പെഷ്യൽ ഒടുവാൻ 30% അധിക നിരക്ക് ഈടക്കുവാൻ കെഎസ്ആർടിസിക്ക് അനുവാദം ഉണ്ട് എന്ന് കൂടി പറയട്ടെ. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക. വസ്തുതകൾ മനസിലാക്കി വാർത്തകൾ ഇടുക എന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രൈവറ്റ് ഹയര്‍ സംവിധാനത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ ഉത്തരവുകളുടെ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചു.
ഈ സംവിധാനം ഉപയോഗിച്ചാണ് ആലപ്പുഴയിലെ പള്ളിയിലേയ്ക്ക് വാഹനങ്ങൾ നൽകിയതെന്ന് ഇതിൽ നിന്ന് വ്യക്തമായി.സ്ഥിരീകരിക്കാനായി കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുമായും ഞങ്ങൾ സംസാരിച്ചു. കൃപാസനവുമായി ബന്ധപ്പെട്ടവര്‍ പ്രൈവറ്റ് ഹയര്‍ സംവിധാനത്തിലൂടെ പണം അടച്ചാണ് കെ.എസ്.ആർ.ടി.സി ബസുകൾ സര്‍വീസിനായി ഉപയോഗിച്ചതെന്ന് അവരും വ്യക്തമാക്കി.
∙ വസ്തുത
ആലപ്പുഴയിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കെഎസ്ആർടിസി സൗജന്യ സര്‍വീസ് നടത്തിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെഎസ്ആർടിസിയുടെ പ്രൈവറ്റ് ഹയര്‍ സംവിധാനത്തിലൂടെ പണം അടച്ചാണ് ബസുകൾ സര്‍വീസിനായി ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: The posts claiming that KSRTC provided free service to the Christian pilgrimage center in Alappuzha are misleading