ലീഡ്സ് യൂണിവേഴ്സിറ്റി പ്രഫസർ പി. എ. മുഹമ്മദ് ബഷീറിന് ബ്രിട്ടന്റെ ഉന്നത ബഹുമതി

Mail This Article
ലണ്ടൻ ∙ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ മലയാളിയായ പ്രഫസർ പി. എ. മുഹമ്മദ് ബഷീർ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ (സിബിഇ) പുരസ്‌കാരം നേടി. ചാൾസ് മൂന്നാമൻ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ബ്രിട്ടിഷ് ഗവൺമെന്റി ന്റെ ഉന്നത ബഹുമതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ മേഖലകളിലുള്ള 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുക. ഇതിൽ നാൽപ്പതോളം പേർ ഇന്ത്യൻ വംശജരാണ്. സിവിൽ (സ്ട്രക്ചറൽ) എഞ്ചിനീയറിങ്ങ് രംഗത്തുള്ള സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് പി. എ. മുഹമ്മദ് ബഷീറിന് സിബിഇ പുരസ്‌കാരം ലഭിച്ചത്.
കേരളവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മുഹമ്മദ് ബഷീർ റീബിൾഡ് കേരളാ, കേരള സയൻസ് പാർക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. 2015-2021 കാലഘട്ടത്തിൽ ലീഡ്‌സിലെ സ്കൂൾ ഓഫ് സിവിൽ എഞ്ചിനീയറിങ്ങിന്റെ തലവനായിരുന്നു. സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ സ്കൂൾ ഓഫ് എനർജി, ജിയോസയൻസ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് സൊസൈറ്റിയുടെ (ഇജിഐഎസ്) എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജിൽ നിന്നും 1981ൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ മുഹമ്മദ് ബഷീർ കോഴിക്കോട് ആർഇസി(എൻഐടി) യിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം എൻഐടിയിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു.
യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റു നേടിയ മുഹമ്മദ് ബഷീർ ദീഘകാലം ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും പ്രവർത്തിച്ചു. തുടർന്നു ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ 2014 ലാണ് ചേരുന്നത്. റോയൽ അക്കാദമി ഓഫ് എഞ്ചിനീയയറിങ് ഫെല്ലോയായ മുഹമ്മദ് ബഷീർ വിവിധ പ്രഫഷനൽ വിദ്യാഭാസ സ്ഥാപനങ്ങളുടെയും ഫെല്ലോയായി പ്രവർത്തിക്കുന്നുണ്ട്.
വെണ്ണിക്കുളത്തു ജനിച്ചു വളർന്ന മുഹമ്മദ് ബഷീറിന്റെ സ്കൂൾ, കോളജ് പഠനം നാട്ടിലായിരുന്നു. ഭാര്യ എറണാകുളം സ്വദേശിയായ ഡോ.ലുലു. മക്കൾ: നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് (ലണ്ടൻ, യുകെ).