പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ തടവിൽ; ട്രാൻസ്‌ജെൻഡർ ലൈംഗിക കുറ്റവാളി റയാൻ സ്കോട്ടിനെതിരെ മുൻപും ആരോപണങ്ങൾ
Mail This Article
ലണ്ടൻ∙ ട്രാൻസ്‌ജെൻഡർ ലൈംഗിക കുറ്റവാളിയായ റയാൻ സ്കോട്ടിനെ(21) പിടികൂടുമ്പോൾ അയാളുടെ വീട്ടിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ തടവിലുണ്ടായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. ഇയാളുടെ വീട്ടിൽ കുട്ടികൾ ഉള്ളതായി അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് വീടിന് അകത്ത് കയറിയപ്പോഴേക്കും 14 വയസ്സുള്ള ഒരു പെൺകുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം കോറൽ സ്കോട്ട് എന്ന പേരിൽ സമാനമായ കേസിൽ സ്കോട്ട് ശിക്ഷപ്പെട്ടിട്ടുണ്ട്. അന്ന് പ്രതിയെ സ്ത്രീയായിട്ടാണ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 9 ന് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ഡണ്ടി ഷെരീഫ് കോടതിയിൽ സ്കോട്ട് സമ്മതിച്ചു. കുറ്റകൃത്യം നടക്കുന്നതിന് ഒരു മാസം മുൻപ്, സ്കോട്ടിനെ 16 വയസ്സിന് താഴെയുള്ള കുട്ടികളുമായി മേൽനോട്ടമില്ലാതെ സമ്പർക്കം പുലർത്തുന്നത് കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. വിലക്ക് ഏർപ്പെടുത്തുകയും ഇത് പരിശോധിക്കാൻ അധികൃതരെ കോടതി ചുമതലപ്പെടുത്തിയ ശേഷമായിരുന്നു പ്രതിയെ ജയിൽ മോചിതനാക്കിയത്.
പോൾമോണ്ടിൽ തടവിലാക്കപ്പെട്ട സ്കോട്ടിനെ ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിൽ ഉൾപ്പെടുത്തി. മുൻപും പല കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതായി സ്കോട്ടിനെതിരെ പരാതിയുണ്ട്.