ADVERTISEMENT

''ക്രേസി പീപ്പിള്‍!'' - ഉത്തര അയര്‍ലന്‍ഡില്‍ ജൂലൈ പതിനൊന്നാം രാവിലെ 'പാപ്പാഞ്ഞി കത്തിക്കല്‍' ആയ അഗ്നി രാത്രിയെ അയല്‍വാസിയും സുഹൃത്തുമായ ഐറിഷുകാരന്‍ ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ ആദ്യം അല്‍പം വിഷമം തോന്നി. എന്തുകൊണ്ടു പറഞ്ഞു എന്നറിഞ്ഞപ്പോള്‍ ഭീതിയും. കൊച്ചി വിട്ടതിന്റെ നൊസ്റ്റാള്‍ജിയ തീര്‍ക്കാനാണ് കഴിഞ്ഞ ജൂലൈയില്‍ പാതിരാത്രിയിലെ തണുപ്പു വകവയ്ക്കാതെ 11ാം തീയതി അര്‍ധരാത്രി അഗ്നികുണ്ഡം കാണാന്‍ കുടുംബമായി ഇറങ്ങിപ്പുറപ്പെട്ടത്. നാട്ടിലുണ്ടായിരുന്ന അവസാന പുതുവര്‍ഷത്തിലും കൊച്ചിയില്‍ പാപ്പാഞ്ഞി കത്തിക്കുന്നിടത്തു കൃത്യസമയത്തു ഹാജരായ ഓര്‍മയിലാണ് സമാന കാഴ്ചയ്ക്കായി സ്ഥലത്തെത്തിയത്. സമാധാനത്തിന്റെയും ഒരുമയുടെയും ആഘോഷമാണ് കൊച്ചിയിലെ പാപ്പാഞ്ഞിയെങ്കില്‍ നാട്ടിലെ  രാഷ്ട്രീയം പോലെ ഇവിടെ രണ്ടു ചേരികള്‍ തമ്മിലുള്ള വൈരത്തിന്റെ പരസ്യ പ്രകടനമാണ് ഇതെന്നു മനസിലാക്കാന്‍ കുറച്ചു വൈകിയെന്നു മാത്രം.

ജൂലൈ 12 പുലരും മുന്നേ 50ഉം 60ഉം അടി ഉയരത്തില്‍ മരത്തിന്റെ പാലറ്റുകള്‍ പിരമിഡു കണക്കെ അടുക്കി ഉയര്‍ത്തി അതിനു തീ ഇടുന്നതാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 11ാം രാവിലെ അഗ്നികുണ്ഡങ്ങള്‍. പുതുവര്‍ഷത്തലേന്നു ഫോര്‍ട്ടു കൊച്ചിയില്‍് കത്തിക്കുന്ന പാപ്പാഞ്ഞിയെ പോലെ തോന്നുമെങ്കിലും രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു മാത്രം. കഴിഞ്ഞൊരു വര്‍ഷത്തെ സങ്കടങ്ങളും ദുതിരങ്ങളും കത്തിച്ചുകളഞ്ഞു പുതുവര്‍ഷത്തിലേയ്ക്കു കടക്കുന്നതാണ് കൊച്ചിയിലെ പാപ്പാഞ്ഞി കത്തിക്കലെങ്കില്‍ വീട്ടിലെ ആവശ്യമില്ലാത്ത പഴയ സാധനങ്ങളെല്ലാം തീക്കുണ്ഡത്തില്‍ നിക്ഷേപിച്ചു കത്തിക്കുന്നു എന്നത് ഒരു ചെറുസാമ്യമായി ചൂണ്ടിക്കാട്ടാം. രണ്ടു കത്തിക്കലുകള്‍ക്കും ആറു നൂറ്റാണ്ടിന്റ ചരിത്രം പറയാനുണ്ടു താനും.

ഇവിടെ ക്രിസ്തു വിശ്വാസത്തേക്കാള്‍ ഉപരി രാഷ്ട്രീയമാണ് കാതലിക് - പ്രൊട്ടസ്റ്റന്റ് ചേരി തിരിവ്. തിരഞ്ഞെടുപ്പു ഫലങ്ങള്‍ നിശ്ചയിക്കുന്നതും പ്രദേശത്ത ഏതു വിഭാഗത്തിനാണു ഭൂരിപക്ഷം എന്നതിന്റെ അടിസ്ഥാനത്തില്‍ തന്നെ.

history-behind-the-arson-in-northern-ireland2
50ഉം 60ഉം അടി ഉയരത്തില്‍ മരത്തിന്റെ പാലറ്റുകള്‍ പിരമിഡു കണക്കെ അടുക്കി ഉയര്‍ത്തും. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

∙എന്തിനാണ് ഈ തീക്കുണ്ഡങ്ങള്‍?
ഉത്തര അയര്‍ലന്‍ഡിലെ തീകത്തിക്കലിനു പിന്നിലൊരു ചരിത്രമുണ്ട്. അധിനിവേശത്തിന്റെയും പിടിച്ചെടുക്കലിന്റെയും യുദ്ധങ്ങളുടെയും വിജയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും കണ്ണീരിന്റെയുമെല്ലാം കഥ. വിജയാഘോഷത്തിന്റെയും പൈതൃകത്തിന്റെയും വിശ്വസ്ഥതയുടെയും ആഘോഷമാണ് ഇവിടെയുള്ള പ്രൊട്ടസ്റ്റന്റുകള്‍ക്ക് ഈ തീ കത്തിക്കൽ എങ്കില്‍ ഇപ്പോഴും ഉള്ളില്‍ തീപ്പൊരി പോലെ എരിയുന്ന വേദനകളുടെ ചരിത്രമാണ് മറുവിഭാഗത്തിന് ഇത്. എല്ലാ ജൂലൈയിലും പ്രൊട്ടസ്റ്റന്റുകാര്‍ നടത്തുന്ന തീ കത്തിക്കലുകള്‍ക്കു പിന്നിലുള്ളത് ആറു നൂറ്റാണ്ടു നീളുന്ന ചരിത്ര സ്മരണ. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആഘോഷങ്ങള്‍ ശക്തി പ്രാപിക്കുന്നതാണ് കാഴ്ച. ഓരോ വര്‍ഷവും ഉയരുന്ന തീക്കുണ്ടങ്ങളുടെയും പരേഡുകളുടെയും എണ്ണവും വലിപ്പവും വര്‍ധിച്ചു വരുന്നു. നേരത്തെ എതിരാളികളുടെ കേന്ദ്രങ്ങളില്‍ തീയിടുകയും മദ്യപിച്ചു കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നത് ഇപ്പോള്‍ ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്. 

history-behind-the-arson-in-northern-ireland1
വില്യം മൂന്നാമന്‍ കത്തോലിക്ക രാജാവായ ജയിംസ് രണ്ടാമനെ തോല്‍പിച്ച ബയണ്‍ യുദ്ധചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ തീക്കളി.ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

1690ല്‍ ഓറഞ്ചിലെ രാജാവ് എന്നു വിളിക്കുന്ന പ്രൊട്ടസ്റ്റന്റ് രാജാവ് വില്യം മൂന്നാമന്‍ കത്തോലിക്ക രാജാവായ ജയിംസ് രണ്ടാമനെ തോല്‍പിച്ച ബയണ്‍ യുദ്ധചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ തീക്കളി. യുദ്ധം വിജയത്തിലെത്തിക്കാന്‍ ആവേശം ഉയര്‍ത്തി വില്യം രാജാവ് അയര്‍ലന്‍ഡിലെ ആന്‍ട്രിം കാരിക്ക്‌ഫെര്‍ഗസിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനും പിന്തുണ അറിയിക്കാനുമായി അള്‍സ്റ്റര്‍ പ്രവിശ്യയിലാകെ പ്രൊട്ടസ്റ്റന്റുകള്‍ തീ പടര്‍ത്തി. കത്തോലിക്കാ ഭൂരിപക്ഷ പ്രദേശത്ത് ഏറെ നാശം വരുത്തിവച്ചുകൊണ്ടായിരുന്നു ഈ കത്തിക്കലുകള്‍. തുടര്‍ന്ന് ഐറിഷ് നഗരമായ ദ്രോഗെഡെയ്ക്കു സമീപത്ത് ബോയെണ്‍ നദിക്കു സമീപത്തു നടന്ന യുദ്ധത്തില്‍ 2000ല്‍ പരം ആളുകള്‍ക്കാണ് ജീവഹാനിയുണ്ടായത്. യുദ്ധത്തില്‍ പങ്കെടുത്തവരുടെ എണ്ണം നോക്കിയാല്‍ ഇതൊരു ചെറിയ സംഖ്യയാണെന്നതാണു വസ്തുത. യുദ്ധത്തില്‍ അടി പതറിയതോടെ ജയിംസ് മൂന്നാമന്‍ തന്റെ പടയാളികളോടു സുരക്ഷിതമായി പിന്‍വാങ്ങാന്‍ നിര്‍ദേശിച്ചത് മരണ സംഖ്യ കുറയുന്നതിനു സഹായിച്ചു. യുദ്ധവിജയം പ്രൊട്ടസ്റ്റന്റ് രാജാവിനായപ്പോള്‍ അതിന്റെ ഓര്‍മയ്ക്കായി തീ കത്തിക്കല്‍ ഈ വിഭാഗം തുടര്‍ന്നു വരികയായിരുന്നു. 

ജൂലിയന്‍ കലണ്ടര്‍ പ്രകാരം 1960 ജൂലൈ ഒന്നിനായിരുന്നു ബോയെണ്‍ യുദ്ധം. എന്നാല്‍ ഇതു കാലഗണനയുടെ സൗകര്യാര്‍ഥം ഗ്രിഗോറിയന്‍ കലണ്ടറിലേയ്ക്കു മാറ്റിയപ്പോള്‍ ജൂലൈ 11 ആയി മാറുകയായിരുന്നു. എന്നിരുന്നാലും ആധുനിക കാലത്തെ ആഘോഷ ദിവസം ജൂലൈ 12 ആയാണ് പരിഗണിക്കുന്നത്. ജൂലൈ 11 രാത്രിയാണ് സാധാരണ പ്രൊട്ടസ്റ്റന്റുകള്‍ അഗ്നികുണ്ഡം ഒരുക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഒന്നാം തീയതി തന്നെ തീക്കുണ്ഡമൊരുക്കും. ഇതു കാണാന്‍ പ്രദേശത്തെ മുഴുവന്‍ പ്രൊട്ടസ്റ്റന്റുകാരും എത്തുകയും ചെയ്യും.

പ്രൊട്ടസ്റ്റന്റുകളുടെ ഈ വിജയാഘോഷത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതും ഇപ്പോള്‍ പതിവു കാഴ്ചയാണ്. എതിരാളികളുടെ പോസ്റ്ററുകളും കോലങ്ങളും ഫോട്ടോകളുമൊക്കെ തീക്കുണ്ഡത്തില്‍ എറിഞ്ഞാണ് പ്രതികാരം. ഇതിനെതിരെ പൊലീസ് നടപടിയും കേസുമെല്ലാം പതിവു സംഭവമാണു താനും. നാട്ടിലെ പോലെ ആരുടെയും കോലം കത്തിച്ചു പ്രതിഷേധിക്കാന്‍ യുകെയില്‍ അനുവാദമില്ല എന്നതുകൊണ്ടു തന്നെ ഇതു ക്രിമിനല്‍ കുറ്റമായി മാറുന്നതാണ് പതിവ്.

∙ജൂണ്‍മാസം പരേഡുകാലം
ജൂണ്‍മാസമായാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പരേഡുകളുടെ കാലമാണ്. മിക്ക ദിവസങ്ങളിലും പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ മേഖലകളില്‍ പരേഡുകള്‍ സംഘടിപ്പിക്കപ്പെടും. വലിയ ഡ്രമ്മുകള്‍ കൊട്ടി രാജകീയ വസ്ത്രമണിഞ്ഞ യുവതീ യുവാക്കളെ അണിനിരത്തിയുള്ള പരേഡുകള്‍ ജൂലൈ 12 വരെ പതിവു കാഴ്ചയാണ്. പരേഡുകള്‍ ഗതാഗതത്തെ ബാധിക്കുമെന്നതിനാല്‍ പൊലീസിന്റെ സാന്നിധ്യവും ഗതാഗത നിയന്ത്രണവുമെല്ലാമുണ്ടാകും. വില്യം രാജാവിനോടു പുലര്‍ത്തിയ വിശ്വസ്ഥതയുടെ പിന്തുടര്‍ച്ചയാണെങ്കിലും ഇന്നത് രാജ്യത്തിന്റെ സാംസ്‌കാരിക ആഘോഷമായി മാറിയിട്ടുണ്ടെന്നു പറയാം. 

സ്വതവേ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ക്കു താല്‍പര്യമില്ലാത്ത ആളുകള്‍ വലിയ ആള്‍ക്കൂട്ടങ്ങളായി മാറുന്നതാണ് 11ാം രാവില്‍ കാണുന്നത്. മാസങ്ങള്‍ക്കു മുന്നേ അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങും. വെയര്‍ഹൗസുകളില്‍ സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ഉപയോഗിക്കുന്ന മരത്തിന്റെ പാലറ്റുകള്‍ അടുക്കി വന്‍ പിരമിഡുകള്‍ സൃഷ്ടിക്കുന്നു. ഇതിനകത്ത് ആവട്ടെ വീടുകളിലെ മാലിന്യങ്ങളും മറ്റുമിട്ടു നിറയ്ക്കും. ഇതിനിടെ ചില വിരുതന്‍മാന്‍ പഴകിയ ടയറുകളും പരിസ്ഥിതിക്കു കോട്ടം വരുത്തുന്ന ടയര്‍ ഉള്‍പ്പടെ നിറയ്ക്കും. തീ കൊടുത്തു കഴിഞ്ഞാല്‍ അടുത്തെങ്ങും ആര്‍ക്കും നില്‍ക്കാനാവാത്ത അത്ര ചൂടുകൊണ്ടു പരിസരം നിറയും. അടുത്തുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതു പതിവു സംഭവമായിരുന്നെങ്കിലും കാലക്രമേണ അക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ അധികാരികളും ശ്രദ്ധിക്കുന്നുണ്ട്. 

പരിസ്ഥിതി അനുകൂല ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ മിക്കയിടത്തും പിരമിഡുകള്‍ ഉയര്‍ത്തുക. ഇങ്ങനെ ചെയ്യുന്ന പിരമിഡുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കി വരുന്നുണ്ട്. പുതുതലമുറില്‍ പരിസ്ഥിതി സൗഹൃദ ഭാവം വളര്‍ത്തുകയും ഇതിന്റെ ലക്ഷ്യമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. അഗ്നികുണ്ഡങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം തീകത്തിക്കലിനെ എതിര്‍ക്കുമ്പോള്‍ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടു തന്നെ സര്‍ക്കാര്‍ ഇവയ്ക്കു സാമ്പത്തിക സഹായം നല്‍കി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. 

∙കടുത്ത സുരക്ഷ
ഒരു പിരമിഡു പണി തുടങ്ങിയാല്‍ അതിനെ ചുറ്റിപ്പറ്റി ഒരു പറ്റം കുട്ടിപ്പട്ടാളങ്ങളുണ്ടാകും. ആരെങ്കിലും പിരമിഡിനെ തകര്‍ക്കുന്നത് ഒഴിവാക്കാനും ക്രിമിനലുകള്‍ ആരെങ്കിലും എന്തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഇതില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് കാവല്‍. രാവന്തിയോളം സംഘത്തില്‍ ആരെങ്കിലുമെക്കെ ഇതിനോടു ചേര്‍ന്നുള്ള കാവല്‍മാടങ്ങളിലുണ്ടാകും. ഇവരുടെ ചെലവിനായി പിരിവുകളും പതിവാണ്. അടുത്തുള്ള വീടുകളിലൂടെയും കടകളിലൂടെയും കുട്ടിസംഘം കയറിയിറങ്ങും. പാലറ്റുകള്‍ സംഘടിപ്പിക്കുന്നതിനു മുതല്‍ കാവല്‍ സംഘത്തിനുള്ള ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള വക വരെ ഇങ്ങനെ സംഘടിപ്പിക്കും. പരേഡുകള്‍ക്കും വഴിയില്‍ സ്ഥാപിക്കുന്ന ആര്‍ച്ചുകളുടെയുമെല്ലാം പേരുപറഞ്ഞു കടകളും വീടുകളും കയറിയുള്ള പിരിവുകളും ഇതിനായി നടക്കുന്നുണ്ട്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് അഗ്നികുണ്ഡങ്ങള്‍ ഒരുക്കുന്നത് എന്ന് അവകാശപ്പെടുമ്പോഴും ഇതില്‍ നിന്നു വീണുള്ള അപകട മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

English Summary:

History behind the arson in Northern Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com