ഗർഭിണിയായപ്പോൾ വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടു; യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി; 1 കോടി രൂപ നഷ്ടപരിഹാരം

Mail This Article
ലണ്ടൻ. ഗർഭിണിയായതിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാൽ വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കമ്പനിയോട് നഷ്ടപരിഹാരമായി 1 കോടി രൂപ (93,616.74 പൗണ്ട്) നൽകാൻ ഉത്തരവിട്ട് യുകെ എംപ്ലോയ്മെന്റ് കോടതി. ഗർഭിണിയാണെന്ന കാരണത്താൽ യുവതിയെ അന്യായമായി ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
ജോലിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചുള്ള മൊബൈൽ സന്ദേശത്തിനൊടുവിൽ പരിഹാസ രൂപേണയുള്ള ഇമോജി (ജാസ് ഹാൻഡ് ) കൂടി ഉൾപ്പെടുത്തി അയച്ചതാണ് കോടതിയെ കൂടുതൽ ചൊടിപ്പിച്ചത്. ബർമിങ്ഹാം ആസ്ഥാനമായുള്ള റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റായി ജോലി ചെയ്തിരുന്ന പൗല മിലുസ്ക എന്ന യുവതി നൽകിയ കേസിലാണ് വിധി.
2022 ഒക്ടോബറിലാണ് പൗല ഗർഭിണിയായത്. രാവിലെ തുടർച്ചയായുള്ള ഛർദ്ദിയും ക്ഷീണവും മൂലം ജോലിക്ക് പോകുന്നത് ബുദ്ധിമുട്ടായതോടെയാണ് തൽക്കാലത്തേക്ക് വർക്കം ഫ്രം ഹോം അനുവദിക്കുമോയെന്ന് തൊഴിലുടമയോട് ആവശ്യം ഉന്നയിച്ചത്. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ബിസിനസ് തടസ്സപ്പെടാൻ ഇടയാക്കുമെന്നും ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി പരിഹാസ്യമായ ഇമോജി കൂടി ഉൾപ്പെടുത്തിയാണ് തൊഴിലുടമയായ അമർ കബിർ മറുപടി സന്ദേശമയച്ചത്.