‘വെള്ള മുടിയുള്ള ഒരാൾ ഉപ്രദവിച്ചു’; 6 വയസ്സുള്ള കുട്ടിയുടെ വെളിപ്പെടുത്തലിൽ കണ്ടെത്തിയത് 299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടറെ

Mail This Article
പാരിസ് ∙ ഫ്രാൻസിൽ 299 കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടറുടെ വിചാരണ ആരംഭിച്ചു. 74 കാരനായ ഡോ.ജോയൽ ലെ സ്കൂവർനെക് ആണ് മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ 299 കുട്ടികളെ പീഡിപ്പിച്ചത്. ശസ്ത്രക്രിയക്ക് അനസ്തേഷ്യ നൽകിയ ശേഷമാണ് കുട്ടികൾ പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കോടതിയിൽ വിചാരണ തുടങ്ങിയ ആദ്യ ദിനം തന്നെ പ്രതി കുറ്റം സമ്മതിച്ചു. 'ഞാൻ ഖേദിക്കുന്നു. ചോദ്യം ചെയ്യലിൽ ഞാൻ സമ്മതിച്ച കാര്യങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. ഈ മുറിവുകൾ മായ്ക്കാനോ സുഖപ്പെടുത്താനോ കഴിയില്ലെന്ന് എനിക്കറിയാം' ലെ സ്കൂവർനെക് പറഞ്ഞു. 2020ൽ അയൽവാസിയായ ആറ് വയസ്സുകാരിയെയും നാല് വയസ്സുള്ള കുട്ടിയെയും രണ്ട് സഹോദരി പുത്രിമാരെയും പീഡിപ്പിച്ച കേസിൽ 15 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഡോ.ജോയൽ ഇപ്പോൾ തടവിലാണ്.
അയൽവാസിയായ ആറു വയസ്സുകാരി വെള്ള മുടിയുള്ള ഒരാൾ തന്നെ ഉപദ്രവിച്ചതായി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് ലെ സ്കൂവർനെക്കിന്റെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവരുന്നത്. തുടർന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കുട്ടികളുടെ ലൈംഗികാതിക്രമം ചിത്രീകരിച്ച 300,000 ഫോട്ടോകളും വിഡിയോകളുമാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 1980 മുതൽ കുട്ടികളെ ആക്രമിച്ചതിന്റെ വിവരങ്ങൾ, ഇരകളുടെ പേരുകൾ, തീയതികൾ, ആക്രമണങ്ങളുടെ വിവരണങ്ങൾ എന്നിവ അടങ്ങിയ കൈയെഴുത്തും ഡിജിറ്റൽ ഡയറികളും പൊലീസ് കണ്ടെടുത്തു. 'ഞാൻ ഒരു പീഡോഫൈലാണ്, ഞാൻ എപ്പോഴും അങ്ങനെയായിരിക്കും" എന്ന് ഡയറിയിൽ പ്രതി എഴുതിയിരുന്നു.
2005ൽ എഫ്ബിഐയുടെ ഓപ്പറേഷനിൽ കുട്ടികളുടെ അശ്ലീലസാഹിത്യം കൈവശം വെച്ചതിന് ലെ സ്കൂവർനെക് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, അധികം വൈകാതെ ശിക്ഷ ഇളവ് ലഭിച്ച് ഇയാൾ പുറത്തറിക്കി. പിന്നീട് ജോൺസാക്കിലെ ഒരു ആശുപത്രിയിൽ മുഴുവൻ സമയ ജോലിയിൽ പ്രവേശിച്ചു. 2017 വരെ അവിടെ പ്രാക്ടീസ് ചെയ്തു. അക്കാലത്തും പ്രതി രോഗികളെ ഉപദ്രവിച്ചിട്ടുണ്ട്.