ചാൾസ് രാജാവിന്റെ ക്ഷണം: ട്രംപിനെ യുകെയിലേക്ക് സ്വാഗതം ചെയ്ത് സ്റ്റാമെർ

Mail This Article
വാഷിങ്ടൻ/ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുകെ സന്ദർശിക്കാൻ ക്ഷണിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. സ്റ്റാമെറിന്റെ വൈറ്റ്ഹൗസ് സന്ദർശന വേളയിലാണ് ബ്രിട്ടനിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാൾസ് രാജാവിന്റെ കത്ത് ഡോണൾഡ് ട്രംപിന് കൈമാറിയത്. സന്ദർശനത്തിന് ശേഷം ഇരുവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാർ വളരെ വേഗത്തിൽ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു. കരാറിൽ പ്രത്യേക താരിഫുകൾ ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസിന്റെ മറ്റ് ചില വ്യാപാര പങ്കാളികൾക്ക് മേൽ യുഎഎസ് ഏർപ്പെടുത്തിയിട്ടുള്ള വലിയ തരത്തിലുള്ള താരിഫുകൾ യുകെയ്ക്ക് ഒഴിവാക്കാൻ കഴിയുന്ന ഒരു "യഥാർഥ വ്യാപാര ഇടപാട്" വിഭാവനം ചെയ്യപ്പെടുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. യുക്രെയ്ൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലും വ്യാപാരത്തിലും ട്രംപിന്റെ തീരുമാനങ്ങളെ യുകെയ്ക്ക് അനുകൂലമാക്കാൻ ശ്രമിച്ചതിനാൽ സ്റ്റാമെറിന്റെ പ്രധാനമന്ത്രി പദത്തിലെ ഒരു പ്രധാന നിമിഷമായി അമേരിക്കൻ യാത്രയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. യുകെ സന്ദർശനത്തിനുള്ള കത്ത് സ്വീകരിച്ച ഡോണൾഡ് ട്രംപ് ക്ഷണം ഒരു വലിയ ബഹുമതിയാണെന്നും ചാൾസ് രാജാവിനെ അത്ഭുതകരമായ മനുഷ്യനെന്നും വിശേഷിപ്പിച്ചു.
യുഎസ് പ്രസിഡന്റ് പദവിയിലിരിക്കെ ട്രംപിന് ലഭിക്കുന്ന രണ്ടാമത്തെ യുകെ സന്ദർശനത്തിന്റെ ക്ഷണം ചരിത്ര സംഭവം ആണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. പരമ്പരാഗതമായി യുഎസ് പ്രസിഡന്റുമാർക്ക് ഒരു സന്ദർശനം മാത്രമേ യുകെ അനുവദിച്ചിട്ടുള്ളൂ. ക്ഷണം സ്വീകരിക്കുമെന്ന് സ്ഥിരീകരിച്ച ട്രംപ്, സ്റ്റാമെറിനൊപ്പം 30 മിനിറ്റോളം മാധ്യമപ്രവർത്തകരിൽ നിന്നുള്ള വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. യുഎസും ട്രംപും നൽകുന്ന സ്വീകരണത്തിന് സ്റ്റാമെർ നന്ദി അറിയിച്ചു.