യുഎസിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്; അടിയന്തര വീസ തേടി കുടുംബം

Mail This Article
കലിഫോർണിയ ∙ യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. സംഭവത്തെ തുടർന്ന് അടിയന്തര യുഎസ് വീസ അപേക്ഷിച്ച് കുടുംബം. യുഎസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിൻഡെയാണ് (35) ഗുരുതരാവസ്ഥയിൽ കഴിയുന്നത്. നിലവിൽ കോമയിലാണ് യുവതി.
ഫെബ്രുവരി 14 ന് കലിഫോർണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. സായാഹ്ന നടത്തത്തിനിടെ പിന്നിൽ നിന്ന് ഒരു വാഹനം നിലം ഷിൻഡെയെ ഇടിച്ചു വീഴ്ത്തിയതായാണ് റിപ്പോർട്ട്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷമാണ് അപകട വിവരം കുടുംബം അറിഞ്ഞത്. തലയിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയതായി കുടുംബം പറഞ്ഞു. മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥിനിയായ ഷിൻഡെ കഴിഞ്ഞ നാല് വർഷമായി യുഎസിലാണ്. അപകടവിവരം അറിഞ്ഞതു മുതൽ അടിയന്തര വീസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.