ADVERTISEMENT

ലണ്ടൻ ∙ കെയർ ഹോം വീസയുടെ രാജ്യാന്തര റിക്രൂട്ട്മെന്റിന് യുകെയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ നിയമ പ്രകാരം യുകെയിലുള്ളവരെ പരിഗണിച്ച ശേഷം മാത്രം‌ ബാക്കിയുള്ളവർക്ക് അവസരമെന്നാണ് ‌സർക്കാർ നിലപാട്. കെയർ ഹോം മേഖലയിൽ പുതിയതായി യുകെയ്ക്ക് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് സർക്കാർ ഇതിനെ കാണുന്നത്.

ഇതിന്റെ ഭാഗമായി വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്ക് നിയമനം നൽകുന്നതിന് മുൻപ് നിലവിൽ യുകെയിൽ നിലവിൽ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴിൽ ഉടമകൾ നൽകേണ്ടിവരും. നിയമപരമായ മാർഗങ്ങളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയർ വീസയിൽ യുകെയിലെത്താൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ്.

എങ്കിലും നിലവിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക്‌ വീസയുടെ കാലാവധി പുതുക്കി കിട്ടുന്നതിന് സഹായകരമാകും. കോവിഡ് മഹാമാരിയും ബ്രെക്സിറ്റും മൂലം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി കെയർ ഹോം ജീവനക്കാർ യുകെ വിട്ടിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കെയർ ഹോം മേഖലയിൽ വർധിച്ചു വന്ന തൊഴിൽ ക്ഷാമം പരിഹരിക്കാൻ ആയിരുന്നു 2020 ൽ ഹെൽത്ത് ആൻഡ് കെയർ വീസ അവതരിപ്പിച്ചത്.

എന്നാൽ ഹെൽത്ത് ആൻഡ് കെയർ വീസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഹെൽത്ത് ആൻഡ് കെയർ വിസ ഉപയോഗിച്ച് വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. 2024 അവസാനം വരെ 3 ലക്ഷം പേരാണ് കെയർ വീസയിൽ യുകെയിൽ എത്തിയത്. കെയർ ജീവനക്കാരുടെ ആശ്രിതർ ഉൾപ്പെടെ മൊത്തം 7,45,000 പേർ ഈ സംവിധാനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹെൽത്ത് ആൻഡ് കെയർ വീസയെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നു വന്നിരുന്നു. കെയർ വീസയിൽ വന്ന പലരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ലക്ഷങ്ങൾ ആണ് നൽകിയത്. ഇത്തരം വീസയിൽ യുകെയിൽ എത്തിയ പലരും കടുത്ത ചൂഷണത്തിനാണ് വിധേയരായത്. 2021 ജൂലൈ മുതൽ 2024 ഡിസംബർ വരെ ദുരുപയോഗവും ചൂഷണവും കണ്ടെത്തിയതിനെ തുടർന്ന് ഈ മേഖലയിലെ 470 ലധികം സ്പോൺസർ ലൈസൻസുകൾ ആണ് ഹോം ഓഫിസ് റദ്ദാക്കിയത്.

കെയർ ഹോം ഉടമകൾ ആഭ്യന്തര റിക്രൂട്ട്മെന്റുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഹോം ഓഫിസ് വ്യക്തത വരുത്തിയിട്ടില്ല. ഉടൻ പുറത്തിറങ്ങുന്ന ഇമിഗ്രേഷൻ നിയമങ്ങൾക്കൊപ്പം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

New rules to prioritise recruiting care workers in England

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com