ജർമനിയിലെ വിദ്യാർഥികളുടെ ഇഷ്ടവിഷയങ്ങൾ അറിയാം

Mail This Article
ബര്‍ലിന്‍ ∙ജർമനിയിൽ കൂടുതൽ വിദ്യാർഥികൾ മെഡിക്കൽ മേഖലയും എംഐഎൻടി (MINT) വിഷയങ്ങളും (ഗണിതം, കംപ്യൂട്ടർ സയൻസ്, പ്രകൃതി ശാസ്ത്രം, സാങ്കേതികവിദ്യ) ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. അതേസമയം, ഹ്യുമാനിറ്റീസിൽ ആദ്യമായി മെട്രിക്കുലേഷൻ നേടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2023 അധ്യയന വർഷത്തിൽ ഏകദേശം 4,82,000 ഒന്നാം വർഷ വിദ്യാർഥികൾ രാജ്യവ്യാപകമായി ചേർന്നു.
ആദ്യമായി എൻറോൾ ചെയ്യുന്നവർ ഏതൊക്കെ കരിയർ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, പ്രത്യേകിച്ച് രണ്ട് മേഖലകളിൽ ഗണ്യമായ വർധനവുണ്ടായി: മെഡിക്കൽ , എംഐഎൻടി വിഷയങ്ങൾ. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പറയുന്നതനുസരിച്ച്, 20 വർഷത്തെ കാലയളവിൽ, ഒന്നാം സെമസ്റ്ററിൽ ഹ്യൂമൻ മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് മേഖല തിരഞ്ഞെടുത്ത വിദ്യാർഥികളുടെ എണ്ണം ഏകദേശം 132 ശതമാനം വർധിച്ചു.
2023ൽ ഏകദേശം 28,100 ഒന്നാം വർഷ വിദ്യാർഥികൾ ഈ വിഷയം തിരഞ്ഞെടുത്തു. അങ്ങനെ ആദ്യമായി മെട്രിക്കുലന്റ്‌സിൽ 20ൽ ഒരാൾ ഈ മേഖലയിലേക്ക് എത്തി. വർധിച്ചുവരുന്ന ഈ പ്രവണതയുടെ പ്രധാന കാരണം നോൺ-മെഡിക്കൽ ഹെൽത്ത് , നഴ്സിങ് പ്രഫഷനുകളുടെ അക്കാദമികവൽക്കരണമാണെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വിലയിരുത്തുന്നു.
എംഐഎൻടി വിഷയങ്ങളിലും കൂടുതൽ വളർച്ച ദൃശ്യമാണ്. 2003ൽ ഏകദേശം 45,000 വിദ്യാർഥികൾ അവരുടെ ആദ്യ സെമസ്റ്ററിൽ ഈ വിഷയങ്ങൾ തിരഞ്ഞെടുത്തു. 2023 അധ്യയന വർഷത്തിൽ ഇത് ഏകദേശം 50,800 ആയി ഉയർന്നു. ഇത് 20 വർഷം മുൻപത്തെ സാഹചര്യത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.