സൂഖ് വാഖിഫിൽ ഇന്ന് ഫിഫ ക്ലബ് ലോകകപ്പ് ട്രോഫി കാണാം

Mail This Article
ദോഹ ∙ ഫിഫ ക്ലബ് ലോകകപ്പിന്റെ ജേതാക്കൾക്കുള്ള ട്രോഫി ഇന്നു വൈകിട്ട് 7 മുതൽ 9 വരെ സൂഖ് വാഖിഫിൽ പ്രദർശിപ്പിക്കും. ഫുട്ബാൾ ആരാധകർക്കും മറ്റെവർക്കും ട്രോഫിക്കൊപ്പം ചിത്രമെടുക്കാം. രാജ്യത്തിന്റെ വൈവിധ്യവും ആതിഥേയത്വവും പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കും.
2022 ഖത്തർ ഫിഫ ലോകകപ്പിലേക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഫിഫ ക്ലബ് ടൂർണമെന്റ്. ആസ്പയർ പാർക്ക്, പ്രധാന മാളുകൾ, ഹോട്ടലുകൾ, എംബസികൾ തുടങ്ങി രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വരും ആഴ്ചകളിൽ ട്രോഫി പ്രദർശിപ്പിക്കും. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ട്രോഫി പ്രദർശനം സംഘടിപ്പിക്കുന്നത്.
ഡിസംബർ 11 മുതൽ 21 വരെ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഖത്തറാണ് ഇത്തവണ ആതിഥേയർ. ഖത്തറിന്റെ അൽ സദ്ദ് എസ്‌സി ഉൾപ്പെടെ 7 ടീമുകളാണ് മത്സരിക്കുന്നത്.
വൻകിട ക്ലബ്ബുകളായ ലിവർപൂൾ എഫ്‌സി, സിഎഫ് മോന്റെറി, ഇഎസ് തുനിസ്, ഹെൻഗെയ്ൻ സ്‌പോർട് എന്നിവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞു.
കോൻമിബോൾ, എഎഫ്‌സി എന്നിവരുടെ പങ്കാളിത്തം ഈ മാസം 23,24 തീയതികളിൽ സ്ഥിരീകരിക്കും. ടിക്കറ്റുകളുടെ അവസാന ഘട്ട വിൽപനയ്ക്ക് ഇന്നലെ തുടക്കമായി. 3 വിഭാഗങ്ങളിലായി 25 മുതൽ 400 റിയാൽ വരെയാണ് നിരക്ക്. fifc.com/tickets എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം. ഫിഫയുടെ ഓൺലൈൻ വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു.