ദ് മിസ്റ്റിക്കൽ ഗാർഡനിൽ ഐസ് സ്കേറ്റിങ് ഷോ

Mail This Article
ഷാർജ ∙ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലെ ‘ദ് മിസ്റ്റിക്കൽ ഗാർഡ’നിൽ സ്കേറ്റിങ് വിദഗ്ധരുടെ കറക്കവും നൃത്തവും ആസ്വദിക്കാം. ആദ്യത്തെ ഐസ് സ്കേറ്റിങ് ഷോ വായനോത്സവത്തിൽ എത്തിയിരിക്കുകയാണ് ഇൗ വർഷം.


ഇലക്ട്രോണിക് ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്ന തലമുറയ്‌ക്കായി പുസ്തകം വഴികാട്ടിയാകുന്ന കഥാതന്തുവാണ് 'ദ് മിസ്റ്റിക്കൽ ഗാർഡൻ' കാണിച്ചുതരുന്നത്. ലൂണ എന്ന പെൺകുട്ടിയോടൊപ്പം സ്വയം കണ്ടെത്താനുള്ള സംഗീത യാത്ര പ്രേക്ഷകർക്ക് നടത്താം.


പെൺകുട്ടി അവളുടെ മുത്തശ്ശിയെ കാണാൻ ചെന്നപ്പോൾ ആ വീട്ടിൽ ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഇല്ലെന്ന് മനസ്സിലാക്കുന്നു. പിന്നീട് പുറംലോകവുമായുള്ള അവളുടെ ഏക ബന്ധം ഷെൽഫിൽ നിറഞ്ഞുനിൽക്കുന്ന പുസ്തകങ്ങളിലൂടെയായിത്തീരുന്നു. എല്ലാം വളരെ വിരസമായി തോന്നുന്നതിനാൽ മറ്റുള്ളവർക്ക് അവൾ പുസ്തകങ്ങൾ വായിക്കുന്നത് സഹിക്കാനാകുന്നില്ല. തുടര്‍ന്ന് സംഭവിക്കുന്നതെന്താണ്?
പുസ്തകങ്ങൾ വായിക്കുന്നതിന്റെ മാന്ത്രികത അവിടെ ഉണ്ടെന്ന് അവൾ മനസ്സിലാക്കുകയും വായനക്കാരന്റെ ഭാവനയെ അഴിച്ചുവിടുകയും ചെയ്യുന്നു. ആ പൂന്തോട്ടം അക്ഷരാർഥത്തിൽ ലൂണ അത്ഭുതത്തോടെ വീക്ഷിക്കുന്നു. അവൾക്കു ചുറ്റും ജീവൻ പ്രാപിക്കുന്നു. മാജിക്കൽ റിയലിസത്തിലൂടെയാണ് കുട്ടിയുടെ ഭാവനയുടെ ശക്തിയെ പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നത്.
‘പുസ്‌തകങ്ങൾ വായിക്കുക’ എന്നതാണ് ദ് മിസ്റ്റിക്കൽ ഗാർഡന്റെ പ്രധാന ഉദ്ദേശ്യമെന്ന് നിർമാതാവ് അലി എൽ. ബുർഗി പറഞ്ഞു. നിങ്ങൾക്ക് ഗെയിമിങ്ങിൽ താൽപര്യമുണ്ടെന്ന് വയ്ക്കുക. ഗെയിമിങ്ങിനായി ഒരു പുസ്തകവുമുണ്ട്. നിങ്ങൾക്ക് ഫാഷനിൽ താൽപ്പര്യമുണ്ടെങ്കിൽ അതേക്കുറിച്ചും നിങ്ങൾക്കൊരു പുസ്തകമുണ്ട്. അതിനാൽ, പുസ്തകങ്ങളിലൂടെ സ്വയം കണ്ടെത്തുക, കാരണം നിങ്ങൾക്കറിയില്ല, ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ ഭാവി കണ്ടെത്തുന്നത് പുസ്തകങ്ങളിലൂടെയായിരിക്കാം–അദ്ദേഹം പറഞ്ഞു.