ഷാർജ കുട്ടികളുടെ വായനോത്സവം പൊലിപ്പിക്കാൻ ‘മസാക്ക കിഡ്സ്’

Mail This Article
ഷാർജ ∙ ചടുല ചുവടുകളിലൂടെ ലോകത്തിന്റെ മനം കവർന്ന ‘മസാക്ക കിഡ്സ്’ ഷാർജയിലെത്തും. ഇന്നു മുതൽ 14 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 14-ാമത് കുട്ടികളുടെ വായനോത്സവത്തിലാണ് ആഫ്രിക്കൻ കലാകുരുന്നുകൾ നൃത്തം വയ്ക്കുക. താളബദ്ധമായ നൃത്തച്ചുവടുകൾകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലെ ‘ഡാൻസ് കിഡ്സ്’ ഇത്തവണ പുസ്തകോത്സവത്തിനു മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.
യൂ ട്യൂബിൽ 30.45 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 70.8 ലക്ഷവും ടിക് ടോക്കിൽ 50.5 ലക്ഷം ആളുകളാണ് യുഗാണ്ടൻ ഗ്രൗണ്ടിലും പ്രകൃതിഭംഗിയുള്ള ഇടങ്ങളിലും ഇടതടവില്ലാതെ നൃത്തംചെയ്യുന്ന ഇവരെ പിൻതുടരുന്നത്. 20.4 ലക്ഷം അനാഥകളുള്ള യുഗാണ്ടയിൽ അവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസ, പുനരധിവാസത്തിനുമാണ് വരുമാനം വിനിയോഗിക്കുന്നത്. ഇന്നു മുതൽ ഏഴു വരെയുള്ള ദിവസങ്ങളിലാണ് കുട്ടികളുടെ വായനോത്സവ കേന്ദ്രമായ ഷാർജ എക്സ്പോ സെന്ററിലെ നൃത്ത പരിപാടി.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നൃത്തസംഘം 2014ൽ തെക്കൻ യുഗാണ്ടയിലെ മസാക്ക നഗരത്തിലാണ് സ്ഥാപിതമായത്. പാട്ടും നൃത്തവും മാനസികോല്ലാസമാക്കി ലോകത്തിലെ കുട്ടികളെയും മുതിർന്നവരെയും ഇവർ ഇതിനകം ഹഠാദാകർഷിച്ചു. അനാഥകളായ കുട്ടികളിൽ ഭാവിയെ കുറിച്ച് ഭയപ്പാടില്ലാതാക്കുക എന്നതാണ് ഈ കലാസംഘത്തിന്റെ സന്ദേശം.
30 ലധികം കുട്ടികളുടെ താരങ്ങളുള്ളതാണ് നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മസാക്ക ഡാൻസ് ടീം. യുദ്ധം, പട്ടിണി, പകർച്ചവ്യാധികൾ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് കൂടുതലും. ഇവരെ നിരാശയിലാഴാതെ പ്രതീക്ഷയുടെ പുത്തൻ ചക്രവാളത്തിലേക്ക് നയിക്കുകയാണ് ടീമിന്റെ പിന്നണിയിലുള്ളവരുടെ ലക്ഷൃം. ഉള്ളിൽ ഉറഞ്ഞ സങ്കടങ്ങളെ സന്തോഷത്തിലേക്ക് പരിവർത്തിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കുകയാണ് നൃത്തസംഘത്തിനു രൂപം നൽകിയവർ.
ലോകത്തിന്റെ നാനാഭാഗങ്ങളിലും ആരാധകവൃന്ദമുള്ള ‘മസാക്ക കിഡ്സ്’ ഷാർജയിലെ വായനോത്സവത്തിനു വർണം പകരും. കുട്ടികളിലും മുതിർന്നവരിലും വായനാ സംസ്കാരം വളർത്താൻ 900 പരിപാടികളാണ് ഷാർജ ബുക് അതോറിറ്റി ഒരുക്കുന്നത്.