ആയിരങ്ങളെത്തി; പോറ്റുനാടിനോടുള്ള കടപ്പാട് അറിയിച്ച് കെഎംസിസി റാലി
Mail This Article
അബുദാബി ∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികൾക്കും അഭിവാദ്യമർപ്പിച്ച് അബുദാബി കെഎംസിസി സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ദേശീയ പതാകയേന്തി അതേ നിറത്തിലുള്ള ഷാളുമണിഞ്ഞ് മലയാളികൾ നിരത്തിലിറങ്ങിയപ്പോൾ അബുദാബി കോർണിഷ് റോഡ് ചതുർവർണ ശോഭയിലായി. ഇന്തോ-അറബ് കലാപരിപാടികളും ബാൻഡ് മേളവും കോൽകളിയുമെല്ലാം വാക്കത്തൺ വർണാഭമാക്കി. കെഎംസിസി പ്രവർത്തകർക്കു പുറമേ വിദ്യാർഥികളും വിവിധ ജില്ലാ കെഎംസിസികളുടെ ബാനറിനു കീഴിൽ അണിനിരന്നു.
യുഎഇ എന്ന രാജ്യത്തോട് പ്രവാസി മലയാളി സമൂഹത്തിനുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്ന സംഗമമായി വാക്കത്തൺ. തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളിൽ മലയാളികൾ യുഎഇ പതാക വഹിച്ച് നിരനിരയായി പോകുന്നത് സ്വദേശികൾക്കും വേറിട്ട കാഴ്ചയായി.
ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ (ഐഐസി) പ്രസിഡന്റ് ബാവാ ഹാജി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി.എച്ച്. യുസുഫ് എന്നിവർക്ക് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. ഐഐസി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള, ഇബ്രാഹിം ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടി.കെ. അബ്ദുസ്സലാം, അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, കോയ തിരുവത്ര, ബാസിത് കായക്കണ്ടി, അനീസ് മാങ്ങാട്, സാബിർ മാട്ടൂൽ, ഷറഫുദ്ദീൻ കൊപ്പം, ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, സിപി അഷറഫ്, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.