ADVERTISEMENT

മസ്‌കത്ത് ∙ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂൾ ഡയറക്ടർ ബോർഡിന് മുൻപിലെത്തി. ഇന്ത്യൻ സ്‌കൂളിൽ നിലനിൽക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്  രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിന് മുൻപിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ രക്ഷിതാക്കൾക്ക് നൽകിയ ഉറപ്പുകൾ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്ന സ്കൂൾ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് രക്ഷിതാക്കൾ നേരിട്ട് എത്തി വിഷയങ്ങൾ ചർച്ച ചെയ്തത്.

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദമിക് രംഗത്ത് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. പല വിഷയങ്ങൾക്കും അധ്യാപകരില്ലാത്തതും, അനിയന്ത്രിതമായ സ്വകാര്യ ട്യൂഷനും അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് പോളിസി സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. സ്‌കൂൾ  പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ച ചെയ്യുന്നതിനായി നിർത്തി വെച്ചിരിക്കുന്ന സ്കൂൾ ഓപ്പൺ ഫോറം ഉടൻ വിളിച്ചു ചേർക്കണമെന്നും രക്ഷിതാക്കൾ  മുൻപ് പല തവണ ബോർഡ് ചെയർമാനോട് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതുവരെയും ഓപ്പൺ ഫോറം വിളിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായിട്ടില്ല.

സ്‌കൂൾ മാനേജ്‌മന്‍റ് കമ്മിറ്റി (എസ് എം സി) തിരഞ്ഞെടുപ്പിലെ സുതാര്യതയിൽ വ്യാപകമായ പരാതികളും സംശയങ്ങളും രക്ഷിതാക്കളുടെ ഇടയിൽ നിലനിൽക്കുകയാണ്. ചില ബോർഡ് അംഗങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സ്‌കൂളിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ സ്‌കൂൾ മാനേജ്‌മന്‍റ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഒമാനിൽ നിലവിൽ ഇല്ലാത്ത ആളുകളെ വരെ ചില സ്‌കൂളുകളിൽ എസ് എം സി അംഗങ്ങളായി ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തത് തികച്ചും വിചിത്രമായ നടപടിയായിരുന്നു. സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ ഉത്തരവാദിത്വമുള്ള എസ് എം സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായി നടത്തണമെന്നും ഇന്ന് നടന്ന ചർച്ചയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

രക്ഷിതാക്കളുമായി സംസാരിച്ച ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കവും ബോർഡ് അംഗങ്ങളും സ്‌കൂൾ പേരന്‍റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാം എന്ന് ഉറപ്പു നൽകി. എസ് എം സി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങൾ ഇന്നത്തെ ബോർഡ് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും രക്ഷിതാക്കൾ ഉന്നയിച്ച പ്രശ്ങ്ങൾക്കു യുക്തമായ പരിഹാരം ഉണ്ടാകുന്ന തീരുമാനങ്ങൾ എടുക്കുമെന്നും ചെയർമാൻ അറിയിച്ചു. രക്ഷിതാക്കളുടെ കൂട്ടായ്മയുമായി ബോർഡ് ചെയർമാനും അംഗങ്ങളും നാളെ വൈകുന്നേരം വീണ്ടും ചർച്ച നടത്തുന്നതിനും തീരുമാനമായി. പേരന്‍റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാം എന്ന് ബോർഡ് നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും നാളെ നടക്കുന്ന ചർച്ചയിൽ എസ് എം സി തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ വി വിജയൻ, ദിനേശ് ബാബു, സുഗതൻ, സന്ദീപ്, മിഥുൻ, അരുൺ തുടങ്ങിയവർ അറിയിച്ചു.

English Summary:

Indian School Muscat Parents Association again came before the directors board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com