ADVERTISEMENT

അബുദാബി ∙ പത്തു വർഷത്തിനകം ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമാകാനുള്ള പരിവർത്തന പദ്ധതികളുമായി യുഎഇ. വി ദ് യുഎഇ 2031 എന്ന പ്രമേയത്തിലാണ് പരിഷ്കരണ പദ്ധതികൾക്ക് ധനമന്ത്രാലയം രൂപം നൽകിയത്. ഭാവി വികസനത്തിനു ഉതകുംവിധം എല്ലാ മേഖലകളിലും മത്സര ശേഷി ഊർജിതമാക്കും. കുറഞ്ഞ സമയത്തിനകം മികച്ച നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.

സാമൂഹിക, സാമ്പത്തിക, നിക്ഷേപ വികസന മേഖലകൾക്ക് ഊന്നൽ നൽകിയാകും പ്രവർത്തനങ്ങൾ. 50 വർഷം പിന്നിട്ട യുഎഇയുടെ അടുത്ത അര നൂറ്റാണ്ടു കാലങ്ങളിലെ യാത്രയും പ്രവർത്തന രീതികളും നവീന മാതൃകയിൽ ആയിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി പറഞ്ഞു. 

സാമ്പത്തിക രംഗം മെച്ചപ്പെടുത്തി കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കും. യുഎഇയെ രാജ്യാന്തര തലത്തിൽ പ്രതിനിധീകരിക്കാൻ എമിറേറ്റുകളെ ശാക്തീകരിക്കും. സാമൂഹിക, സാമ്പത്തിക, നയതന്ത്ര, ആവാസവ്യവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികൾ.

പൗരന്മാരുടെ കഴിവുകൾ പരിപോഷിപ്പിച്ച് സമൂഹത്തിൽ  അഭിവൃദ്ധി നേടുക, അടുത്ത 10 വർഷത്തെ വികസന പദ്ധതിയുടെ പ്രധാന ചാലക ശക്തി എന്ന നിലയിൽ മാനവശേഷി ശക്തിപ്പെടുത്തുക, വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഡിജിറ്റൽവൽക്കരണം ഊർജിതമാക്കുക എന്നിവയ്ക്കാണ് ഊന്നൽ.  വി ദ് യുഎഇ 2031 ദശവർഷ പദ്ധതിക്ക് സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണമുണ്ട്.

English Summary:

UAE to become World Financial Hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com