ADVERTISEMENT

അബുദാബി ∙ ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി സാമ്പത്തിക വികസന വിഭാഗം. നിയമം ലംഘിക്കുന്ന കമ്പനിക്ക് 3000 ദിർഹം (68291 രൂപ) മുതൽ 10,000 ദിർഹം (2.26 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും വ്യക്തമാക്കി. മാർഗനിർദേശം പാലിക്കാൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അബുദാബിയിൽ മികച്ച ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് അനിവാര്യമാണെന്നും പറഞ്ഞു.

ഇൻഫ്ലുവൻസർമാർ വെബ്സൈറ്റ് വഴി പരസ്യസേവനം ചെയ്യുന്നതിന് സാമ്പത്തിക വികസന വിഭാഗത്തിൽനിന്ന് ലൈസൻസ് നേടിയിരിക്കണം. പരസ്യം, മാർക്കറ്റിങ്, മറ്റു പ്രമോഷനൽ പരിപാടികൾ തുടങ്ങി ഏതുവിധത്തിലുള്ള പരസ്യമായാലും അനുമതി വാങ്ങണമെന്നാണ് നിയമം. വെബ്സൈറ്റുകളിൽ പരസ്യം നൽകാനായി ബന്ധപ്പെടുന്ന ഇൻഫ്ലുവൻസർമാർക്ക് അബുദാബിയിൽ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഓർമിപ്പിച്ചു.

 വിവിധ കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും സമൂഹികമാധ്യമം വഴി പരസ്യം ചെയ്ത് പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ലൈസൻസ് നേടണമെന്ന് 2018ൽ നാഷനൽ മീഡിയ കൗൺസിൽ ഉത്തരവിറക്കിയിരുന്നു. ലൈസൻസ് ഇല്ലാതെ ഇത്തരം ജോലികൾ ചെയ്യുന്നവർ 5000 ദിർഹം പിഴ അടയ്ക്കേണ്ടിവരും. സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമുള്ള ഇത്തരം പ്രവർത്തനങ്ങൾ കൗൺസിൽ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹികമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർമാർ വൻ തുക ഈടാക്കിയാണ് വിവിധ ഉൽപന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യം ചെയ്യുന്നത്. ഇതേസമയം പണം വാങ്ങാതെ പോസ്റ്റുകൾ ഇടുന്നതിനും സ്ഥാപനങ്ങൾ ശുപാർശ ചെയ്യുന്നതിനും വിരോധമില്ല. ദൃശ്യ, ശ്രവ്യ, അച്ചടി, മാധ്യമങ്ങൾക്ക് യുഎഇയിൽ പ്രവർത്തിക്കുന്നതിന് നാഷനൽ മീഡിയ കൗൺസിലിന്റെ ലൈസൻസ് നിർബന്ധമാണ്.

English Summary:

Abu Dhabi: Fines on unlicensed Social Media Influencers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com