മാതാപിതാക്കൾക്കൊപ്പം ഓഫിസിൽ ഒരു ദിവസം; പദ്ധതിക്ക് തുടക്കം
Mail This Article
ദുബായ് ∙ അച്ഛനും അമ്മയും ഓഫിസിൽ എന്തു ചെയ്യുകയാകും? മറ്റുള്ളവരോടുള്ള പെരുമാറ്റം എങ്ങനെയാണ്? ഓഫിസിൽ തിരക്കാണെന്നു പറയുന്നതിൽ കാര്യവുമുണ്ടോ? കുട്ടികളുടെ ഈ ചോദ്യത്തിനെല്ലാം മറുപടി നേരിട്ടു കിട്ടാൻ കുറഞ്ഞത് ഒരു ദിവസമെങ്കിലും മാതാപിതാക്കൾക്കൊപ്പം ഓഫിസിൽ പോകണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് കുട്ടികൾക്ക് മാതാപിതാക്കളുടെ ജോലിസ്ഥലം അടുത്തറിയാനും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവസരം ഒരുക്കിയത്.
‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കാനും അവരുടെ ജോലിയും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും അവസരം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ 6 - 16നും ഇടയിൽ പ്രായമുള്ള 100 കുട്ടികളെ തിരഞ്ഞെടുത്തു.
പദ്ധതി നടപ്പാക്കുന്ന ഓഫിസുകൾ
പ്രധാന ഓഫിസിലും മേഖലാ ഓഫിസുകളിലും കുട്ടികളെ കൊണ്ടുപോകും. എയർപോർട്ട് ജിഡിആർഎഫ്എ സെക്ടർ, ഹത്ത ബോർഡർ ക്രോസിങ്, വീസ നിയമലംഘകർക്കുള്ള ഷെൽറ്റർ സെന്റർ, ജബൽ അലി പോർട്ട് എന്നീ സ്ഥലങ്ങളിലെ ഓഫിസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും സന്ദർശനവും ഇതിന്റെ ഭാഗമായി നടത്തി. ‘വൊളന്റിയർ ഹീറോസ്’ എന്ന പേരിൽ ശിൽപശാലയും നടത്തി. പുതിയ തലമുറയും തൊഴിൽ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.