കുവൈത്തില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ 'പണി' തുടങ്ങി; പിഴ ഇനത്തില്‍ മാസം ലഭിക്കുന്നത് 50 ലക്ഷം ദിനാര്‍
Mail This Article
കുവൈത്ത്‌സിറ്റി ∙ രാജ്യത്ത് സ്മാര്‍ട്ട് ട്രാഫിക് (ആറാം തലമുറ)ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ഒരോ മണിക്കൂറിലും 100-ല്‍ അധികം ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിമാസം 5 ദശലക്ഷം കുവൈത്ത് ദിനാര്‍ പിഴ ഈടാക്കുന്നതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍മാസം അവസാനവാരമാണ് ഏറ്റവും നൂതന സംവിധാനമുള്ള നിരീഷണ ക്യാമറകള്‍ ഉള്‍പ്പെടെ 270 ക്യാമറകള്‍ പുതുതായി സ്ഥാപിച്ചത്.
ഇതോടെ, നിരവധി മൊബൈല്‍ നിരീക്ഷണ ക്യാമറകള്‍ ഉൾപ്പെടെ നിരീക്ഷണ ക്യാമറകളുടെ എണ്ണം 400-ല്‍ അധികമായി. അമിത വേഗതിയില്‍ 'പായുന്ന'വാഹനത്തിന്റെ പ്ലേറ്റ് നമ്പര്‍ സ്മാര്‍ട്ട് ട്രാഫിക് നിരീക്ഷണ ക്യാമറയില്‍ പകര്‍ത്തി, അതിലൂടെ ലംഘനം രേഖപ്പെടുത്തുന്ന സംവിധാനം ഫലപ്രദമാണ്. അതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.
ചില ക്യാമറകള്‍ ഒരു ക്യാമറ പോയിന്റ് മുതല്‍ അടുത്ത ക്യാമറ പോയിന്റ് വരെയുള്ള വേഗത കണക്കാക്കുന്നതാണ്. അതായത്, സ്മാര്‍ട്ട് ക്യാമറകള്‍ വച്ചിരിക്കുന്ന സ്ഥലത്തെത്തുമ്പോള്‍, വേഗത കുറച്ച് പിന്നീട് അമിതവേഗതയില്‍ അടുത്ത ക്യാമറ പോയിന്റെില്‍ എത്തിയാലും 'പിടി' വീഴുമെന്നര്‍ഥം.
ഒപ്പം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക,അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ ലംഘനങ്ങള്‍ ആറാം തലമുറയിലെ ക്യാമറകള്‍ 'ഒപ്പി'യെടുക്കും. കഴിഞ്ഞ വര്‍ഷം, 4.2 ദശലക്ഷം ഗതാഗാത ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടികൂടിയവരുടെ എണ്ണം 1,86,000 ആയിരുന്നു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ ആഴ്ചയിലലെ കണക്കുപ്രകാരം 54,844 ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.