ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഓൺലൈനായി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. ഇത്തരം തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വ്യാപകമായ ആറിനം തട്ടിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയാണ് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. 

പ്രതിയും ഇരയും തമ്മിൽ മുൻകാല ബന്ധങ്ങളും ഇടപെടലും സൂചിപ്പിക്കുന്ന ദൃശ്യമോ സന്ദേശമോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുക, വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡേറ്റ മോഷ്ടിച്ച് അവ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുക, വ്യക്തിഗത ഡേറ്റ വിൽക്കുമെന്ന് ഭയപ്പെടുത്തുക, ഡേറ്റ പ്രസിദ്ധീകരിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി പണം തട്ടുക, സാമ്പത്തിക– വാണിജ്യ വിവരങ്ങൾ പുറത്തുവിട്ടാൽ ജോലി നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തുക, ഇരയുമായി സൗഹാർദം സ്ഥാപിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് അവ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ആവർത്തിച്ചുവരുന്ന തട്ടിപ്പുകൾ. സൈബർ തട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഇലക്ട്രോണിക് മീഡിയയും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് വ്യക്തികളെ അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതാണ് സൈബർ തട്ടിപ്പ്. കെട്ടിച്ചമച്ച അപവാദങ്ങൾ, തെറ്റായ ആരോപണങ്ങൾ, വ്യക്തിഗത രഹസ്യങ്ങളോ വിവരങ്ങളോ പുറത്തുവിടൽ എന്നിവയിലൂടെ വ്യക്തിയുടെ സൽപേര് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. മാനക്കേട് ഭയന്ന് തട്ടിപ്പ് പുറത്തുപറയാൻ പലരും മടിക്കുന്നതിനാൽ തട്ടിപ്പ് പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നു.

 ∙ സുരക്ഷിതമാകട്ടെ സ്വകാര്യ വിവരങ്ങൾ
മോഹന വാഗ്ദാനങ്ങളിലോ ഭീഷണികളിലോ വീണുപോകാതെ സൂക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങൾ പങ്കിടാതിരിക്കുക, അനധികൃത വ്യക്തികൾക്ക് സ്വകാര്യ ഡേറ്റയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക, സുപ്രധാന വിവരങ്ങളും രേഖകളും ലോക്ക് ചെയ്ത് സംരക്ഷിക്കുക, ഉപകരണങ്ങൾ ഹാക്ക് ചെയ്യുകയോ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ വിദൂരമായി ഡേറ്റ മായ്‌ക്കാനുള്ള സംവിധാനം നേരത്തെ സജ്ജമാക്കുക, വിവരങ്ങളും മറ്റും സൂക്ഷിക്കാൻ സുരക്ഷിത സ്റ്റോറേജ് സംവിധാനം ഉപയോഗപ്പെടുത്തുക എന്നിവയാണ് പഠനത്തിലെ പ്രധാന നിർദേശങ്ങൾ.

 ∙ തട്ടിപ്പിന്റെ ‘വൈവിധ്യം’ വ്യക്തമാക്കി സർവേ
സൈബർ കൊള്ളയെക്കുറിച്ചുള്ള പൊതുജന അവബോധം, കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിനെക്കുറിച്ച് വ്യക്തിഗത അഭിപ്രായം, തട്ടിപ്പിനു പിന്നിലെ പ്രചോദനം, സൈബർ തട്ടിപ്പ് നേരിടാനുള്ള നിയമ വഴികൾ, മുൻകാലങ്ങളിൽ തട്ടിപ്പിന് ഇരയായവരാണോ തുടങ്ങി 9 വിഭാഗങ്ങളിലെ ചോദ്യങ്ങളുമായാണ് സർവേ നടത്തിയത്. കൂടുതൽ തട്ടിപ്പ് എത്തുന്ന സമൂഹമാധ്യമങ്ങൾ, തട്ടിപ്പുകാരെ സമീപിക്കേണ്ട രീതി, തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ എന്നിവ ഉൾപ്പെടുത്തി വിവിധ മാധ്യമങ്ങളിലൂടെ  ബോധവൽക്കരണം  ശക്തമാക്കുകയും ചെയ്തുവരുന്നു.

കുറ്റവാളിയുടെ കൈവശമുള്ള രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിന് പകരമായി ഇരയെ പണം നൽകാൻ നിർബന്ധിക്കുന്നത് സാമ്പത്തിക പിടിച്ചുപറിയിൽ ഉൾപ്പെടുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചു. ലൈംഗിക തട്ടിപ്പിനിരയാകുന്നവരും ലഹരിമരുന്നിൽ കണ്ണികളാക്കി പണം തട്ടുന്നവരും ഏറെ. വ്യാജ സൗഹൃദം സ്ഥാപിച്ച് വിഡിയോ ചാറ്റിലൂടെയും മറ്റും ചിത്രങ്ങളും ദൃശ്യങ്ങളും  രഹസ്യവിവരങ്ങളും കൈക്കലാക്കി അതുപയോഗിച്ച്  ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നവരുമുണ്ട്. നിയമലംഘകർക്ക് 2 വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. വ്യക്തിയെ സമൂഹമാധ്യമത്തിൽ അപമാനിക്കുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കും.

English Summary:

UAE Cybercrime: Abu Dhabi Study Exposes Six Electronic Blackmail Tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com