ഈന്തപ്പഴത്തിന്‍റെ രുചി പെരുമയിൽ ‘മിലാഫ് കോള’ വരുന്നു; വിപണിയിൽ പ്രതീക്ഷയുമായി സൗദി
Mail This Article
റിയാദ് ∙ ലോകത്തെ പുതിയൊരു രുചിയുടെ അനുഭവത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. ഈന്തപ്പഴത്തിന്‍റെ സത്ത് ഉപയോഗിച്ച് നിർമിച്ച 'മിലാഫ് കോള' എന്ന ശീതളപാനീയമാണ് സൗദി അറേബ്യയുടെ പുതിയ പ്രതീക്ഷ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിനു കീഴിലെ മദീന ഹെറിറ്റേജ് കമ്പനിയാണ് ഈ പാനീയം വിപണിയിലെത്തിക്കുന്നത്.
ലോകത്തെ ആദ്യമായി ഈന്തപ്പഴ സത്ത് ഉപയോഗിച്ച് നിർമിക്കുന്ന ശീതളപാനീയമാണ് മിലാഫ് കോള. സൗദിയിലെ ഈന്തപ്പഴത്തിന്‍റെ മൂല്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മദീന ഹെറിറ്റേജ് കമ്പനി സി.ഇ.ഒ എൻജിനീയർ ബന്ദർ അൽഖഹ്ത്താനി പറഞ്ഞു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായും നാഷനൽ സെന്‍റർ ഫോർ പാംസ് ആൻഡ് ഡേറ്റസുമായും സഹകരിച്ച് ഈന്തപ്പഴത്തിൽ നിന്നുള്ള നിരവധി ഉൽപന്നങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്.
റിയാദിൽ നടന്ന വേൾഡ് ഓഫ് ഡേറ്റസ് എക്‌സിബിഷനിലാണ് മിലാഫ് കോളയുടെ പ്രഖ്യാപനം നടന്നത്.