ഇതുവരെ ഓടിയത് 15 ലക്ഷത്തിലേറെ കിലോമീറ്റർ; മികവിന്റെ മുഖമുദ്രയായി ദുബായ് മെട്രോ
Mail This Article
ദുബായ് ∙ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ 189 കിലോമീറ്റർ ട്രാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 79 മെട്രോ ട്രെയിനുകളും നവീകരിച്ചു.
സേവനം ആരംഭിച്ചതു മുതൽ ഇതുവരെ ദുബായ് മെട്രോ സഞ്ചരിച്ചത് 15 ലക്ഷത്തിലേറെ കിലോമീറ്ററാണ്. സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്തിയതിനാൽ 99.7% ട്രെയിനുകൾക്കും സമയനിഷ്ഠ പാലിക്കാനായി. ദുബായ് മെട്രോയുടെ പ്രവർത്തനമികവിനു കരുത്താകുന്നത് കൃത്യമായി നടത്തുന്ന അറ്റകുറ്റപ്പണിയാണെന്ന് ആർടിഎ റെയിൽ ഏജൻസി റെയിൽ മെയ്ന്റനൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ പറഞ്ഞു.
‘പാതയുടെയും സ്റ്റേഷന്റെയും ട്രെയിനിന്റെയും സുരക്ഷ, കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും നവീകരിക്കുകയും ചെയ്യുന്നത്. കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കാനായെന്നു മാത്രമല്ല യാത്രക്കാർക്കു സുരക്ഷിതവും സുഖകരവും വിശ്വസനീയവുമായ യാത്രാനുഭവം നൽകാനും സാധിച്ചു’– അദ്ദേഹം കൂട്ടിച്ചേർത്തു.