ADVERTISEMENT

ദുബായ് ∙ ജോലി മാറാനുള്ള ശ്രമം തടയുന്നതിന് കൊല്ലം സ്വദേശി കമ്പനിയുടമ തന്നെ കള്ളക്കേസിൽ കുടുക്കിയതായി മലയാളി യുവാവിന്റെ പരാതി. ഒമാനിൽ  കുടുങ്ങിയ മകന്റെ വിഷമം താങ്ങാനാകാതെ ഹൃദ്രോഗിയായ പിതാവ് നാട്ടിൽ ജീവനൊടുക്കുകയും ചെയ്തു. ഒമാൻ അസൈബയിൽ താമസിക്കുന്ന കൊല്ലം കടയ്ക്കൽ കാരിയം സ്വദേശി വിഷ്ണു സതീഷ് ബാബു(35)വാണ് പിതാവിന്റെ മുഖം അവസാനമായി കാണാൻ പോലും സാധിക്കാത്തതിനെ തുടർന്നുള്ള കടുത്ത വേദനയിൽ കഴിയുന്നത്. നേരത്തെ 28 വർഷത്തോളം ഒമാനില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് സതീഷ് ബാബു(65) ഈ മാസം 11 നായിരുന്നു വീട്ടിൽ ജീവനൊടുക്കിയത്.

∙ പട്ടിണി കിടത്തി കൊന്നുകളയുമെന്ന് ഭീഷണി
2014 മുതൽ ഒമാനിൽ പ്രവാസിയായ വിഷ്ണു 2017ലായിരുന്നു കൊല്ലം കല്ലമ്പലം സ്വദേശി ജയറാം എന്നയാളുടെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. ഒമാനിലും നാട്ടിലും ഒട്ടേറെ സംരംഭങ്ങളുള്ളയാളാണ് ജയറാം. 2019 ആയപ്പോഴേയ്ക്കും അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിയില്ലെന്നും സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തോളാനും കമ്പനിയധികൃതർ വിഷ്ണുവിനോട് നിർദേശിച്ചു. വലിയ ട്രക്കുകളുടെയൊക്കെ സ്പെയർ പാർട്സുകൾ വിൽക്കുന്ന സ്ഥാപനമായതിനാൽ ഇതേക്കുറിച്ച് പഠിച്ചവർക്ക് മാത്രമേ സെയിൽസിൽ ജോലി ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യം അറിയിച്ചപ്പോൾ മറ്റു കാര്യങ്ങളെല്ലാം നോക്കുന്ന ബ്രാഞ്ച് ഇൻചാർജായി നിന്നോളൂ എന്നായിരുന്നു മറുപടി. പുതിയ ഉപയോക്താക്കളെ കണ്ടെത്തുകയായിരുന്നു വിഷ്ണുവിന്റെ പ്രധാന ജോലി. നാല് വർഷത്തോളം ഇവിടെ ജോലി ചെയ്തു. ഇ‍ടയ്ക്ക് സ്പെയർപാർട്സുകളുടെ സ്റ്റോക്കിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനയുടമയുടെ മകനോട് സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു. എങ്കിലും തന്റെ ജോലി ആത്മാർഥമായി ചെയ്തു വിഷ്ണു സ്ഥാപനത്തിന് ലാഭമുണ്ടാക്കിക്കൊടുത്തു. 

malyali-lives-a-miserable-life-in-oman-father-commits-suicide-unable-to-bear-the-pain-5
വിഷ്ണു സതീഷ് ബാബു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇതോടെ ഹെവി സ്പെയർപാർട്സുകൾ വിൽക്കുന്ന ഇതര സ്ഥാപനങ്ങളിൽ നിന്ന് വിഷ്ണുവിന് ജോലി ഓഫറുകൾ ലഭിച്ചു. മെച്ചപ്പെട്ട ജോലിയിലേയ്ക്ക് മാറാമെന്ന് കരുതി 2023 മാർച്ച് 20ന്  ഈ യുവാവ് രാജിക്കത്ത് നൽകി. രാജി ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാം തന്റെ ജോലിയുടെ ഭാഗമല്ലാത്ത സ്റ്റോക്കെടുക്കണമെന്നായിരുന്നു സ്ഥാപനയധികൃതരുടെ ആവശ്യം. സ്റ്റോക്കിൽ ഒന്നും ശ്രദ്ധിക്കേണ്ടെന്ന് നേരത്തെ വിലക്കിയിരുന്നതിനാൽ അതിന്റെ ആവശ്യമുണ്ടോ  എന്ന് വിഷ്ണു ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടമായില്ല.  വിഷ്ണുവിന് പകരം ജോലിക്കെത്തിയ പ്രദീപും കമ്പനി പിആർഒ യൂസഫും ഇറക്കിവിട്ടു. ഇതിന് ശേഷമായിരുന്നു കണക്കിൽ 32,0000 റിയാൽ കുറവുണ്ടെന്ന് അറിയിച്ചത്. ഈ വിഭാഗത്തിൽ ജോലി ചെയ്യാത്തതിനാൽ അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.  ആവശ്യമില്ലെങ്കിൽ പോലും താനുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ എല്ലാ വിശദാംശങ്ങളും കൈമാറുകയും ചെയ്തു. എങ്കിലും ഒന്നരമാസത്തോളം താമസ സ്ഥലത്ത് കാത്തിരുന്നെങ്കിലും കമ്പനി വിഷ്ണുവിന്റെ വീസ ക്യാൻസൽ ചെയ്യാൻ കൂട്ടാക്കിയില്ല. അതേസമയം, 32,0000 റിയാൽ തിരിമറി നടത്തി എന്ന് വ്യാജ രേഖകളുണ്ടാക്കി തൊഴിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു ഉണ്ടായതെന്ന് വിഷ്ണു മനോരമ ഓൺലൈനിനോട് പറഞ്ഞു. തുടർന്ന് സിഐഡിയെക്കൊണ്ട് പിടിപ്പിക്കാൻ നോക്കിയെങ്കിലും സുഹൃത്തിന്റെ താമസ സ്ഥലത്തേയ്ക്ക് മാറിയതിനാൽ സാധിച്ചില്ല. എങ്കിലും കേസ് ഫയൽ ചെയ്തതോടെ യാത്രാ വിലക്കുണ്ടായതിനാൽ ജോലി മാറ്റമോ, നാട്ടിലേയ്ക്കുള്ള മടക്കയാത്രയോ മുടങ്ങി. കഴിഞ്ഞ 2 വർഷമായി വിഷ്ണുവിന് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചിട്ടില്ല. വിഷ്ണു സിഐഡി കസ്റ്റഡിയിലാണെന്നതടക്കമുള്ള ഇല്ലാത്ത കാര്യങ്ങൾ ജയറാമും കൂട്ടരും നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഒരിക്കലും വിഷ്ണുവിനെ നാട്ടിലേയ്ക്ക് വിടില്ലെന്നും പട്ടിണി കിടത്തി കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.

malyali-lives-a-miserable-life-in-oman-father-commits-suicide-unable-to-bear-the-pain-2
വിഷ്ണു പിതാവ് സതീഷ് ബാബുവിനോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മാനസികാഘാതം; പിതാവ് ജീവനൊടുക്കി
ഇതൊക്കെ കേട്ട് കടുത്ത ആശങ്കയിലായ വിഷ്ണുവിന്റെ പിതാവ് സതീഷ് ബാബുവും ഭാര്യയും പലപ്രാവശ്യം ജയറാമിന്റെ നാട്ടിലെ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ യുവാവായ മകൻ മാനസികമായി തളർത്തിയും അപമാനിച്ചും ആട്ടിയകറ്റി. തന്റെ ആകെയുള്ള സമ്പാദ്യമായ വീടും പറമ്പും വിറ്റിട്ടാണെങ്കിലും തിരിമറി നടത്തി എന്ന് കള്ളപ്പരാതി നൽകിയ പണം തിരിച്ചു നൽകാമെന്നും മകനെ വെറുതെ വിടണമെന്നും പറഞ്ഞെങ്കിലും വൈരാഗ്യത്തോടെയായിരുന്നു ഈ വയോധികനോടും സ്ത്രീയോടും പെരുമാറിയത്. പിതാവിനെ പിടിച്ചു തള്ളുക പോലും ചെയ്തെന്ന് വിഷ്ണു പറഞ്ഞു. അത്രയ്ക്കും അപമാനഭാരത്തോടെയായിരുന്നു സതീഷ് ബാബുവും വിഷ്ണുവിന്റെ ഭാര്യയും അവിടെ നിന്ന് മടങ്ങിയത്. മാനസിക വിഷമം താങ്ങാനാകാതെ സതീഷ് ബാബുവിന് ഹൃദയാഘാതമുണ്ടാവുകയും ഭാഗ്യത്തിന് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും മാനസികാഘാതം താങ്ങാനാകാതെ വീട്ടിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു.

malyali-lives-a-miserable-life-in-oman-father-commits-suicide-unable-to-bear-the-pain-4
വിഷ്ണു സതീഷ് ബാബു ഒമാനിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ പിതാവിനെയും കുടുംബത്തെയും കാണാതെ 2 വർഷം
കഴിഞ്ഞ 2 വർഷമായി കുടുംബത്തെ വിഷ്ണു കണ്ടിട്ടില്ല. പ്രിയപ്പെട്ട പിതാവിന്റെ മുഖം അവസാനമായി കാണാനുള്ള അവസരം പോലും കള്ളക്കേസ് കാരണം നടന്നില്ല. സതീഷ് ബാബു മരിക്കുന്നതിന് ഒരാഴ്ച മുൻപ് വിഷ്ണുവുമായി ഫോണിൽ സംസാരിച്ചിരുന്നു. തന്റെ കാര്യമോർത്ത് അച്ഛൻ വല്ലാതെ വിഷമിക്കുന്നതായി മനസിലായി സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി വിഷ്ണു കണ്ണീരടക്കാനാകാതെ പറയുന്നു. ഒരു മകനും ഇതുപോലെ ഒരവസ്ഥയുണ്ടാകരുതെന്ന് ഈ യുവാവ് പറയുന്നു. ഒമാൻ ലേബർ കോടതിയിൽ കേസുള്ളതിനാൽ  നാട്ടിലേയ്ക്ക് മടങ്ങാനാകില്ല. അതുകൊണ്ട് അച്ഛന്റെ മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാനായില്ല. 

malyali-lives-a-miserable-life-in-oman-father-commits-suicide-unable-to-bear-the-pain-1
സതീഷ് ബാബു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നിരപരാധിയായ ഒരാളെ ഇത്രമാത്രം ദ്രോഹിക്കുന്ന ക്രൂരത ആരിൽ നിന്നുമുണ്ടാകരുതെന്നാണ് വിഷ്ണുവിന്റെ അഭ്യർഥന. ഇതുകൊണ്ടൊന്നും ആർക്കും നേട്ടമുണ്ടാകാൻ പോകുന്നില്ലെന്നും പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും സ്ഥാപനയുടമ തയാറാകാത്തതിനാൽ കടയ്ക്കൽ പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വിഷ്ണുവിന്റെ ഭാര്യയും അമ്മയും. 9 വയസ്സുകാരനായ മകനാണ് വിഷ്ണുവിനുള്ളത്.

English Summary:

Threatened to starve to deat; Malyali lives a miserable life in Oman, father commits suicide unable to bear the pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com