ലോഞ്ച് ചെയ്ത് 41 ദിവസത്തിനുള്ളിൽ ദുബായിൽ ഒരു ദശലക്ഷം യാത്രകൾ പൂർത്തിയാക്കി ബോൾട്ട്

Mail This Article
ദുബായ് ∙ 2024 ഡിസംബറിൽ ആരംഭിച്ച രാജ്യാന്തര ഷെയേർഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ട് ദുബായിൽ ഒരു ദശലക്ഷം യാത്രകൾ പൂർത്തിയാക്കി. ദുബായ് ടാക്സി കമ്പനിയുമായി (ഡിടിസി) സഹകരിച്ചാണ് ബോൾട്ട് നഗരത്തിൽ സേവനങ്ങൾ ആരംഭിച്ചത്. ഡിടിസിയുടെ വാഹനങ്ങൾ ഉൾപ്പെടെ 200-ലധികം പങ്കാളികളിൽ നിന്നും പരിശീലനം ലഭിച്ച 18,000 ഡ്രൈവർമാർ, പ്രീമിയം ലിമോസിനുകൾ എന്നിവയാണ് ഈ നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചതെന്ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ്‌സ് (ഡിഎഫ്എം) ലിസ്റ്റിങ്ങിൽ ഡിടിസി പറഞ്ഞു.
ഇ-ഹെയ്‌ലിങ് നൽകുക, ഡിജിറ്റൽ മൊബിലിറ്റി അനുഭവം വർധിപ്പിക്കുക, എമിറേറ്റിലുടനീളം സ്മാർട്ട് ഗതാഗത സേവനങ്ങൾ വികസിപ്പിക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബായിയെ സ്മാർട്ട് അർബൻ മൊബിലിറ്റിയാക്കി മാറ്റുക, വരും വർഷങ്ങളിൽ 80 ശതമാനം ടാക്സി യാത്രകളും ഇ-ഹെയ്‌ലിങ്ങിലേക്ക് മാറ്റുക എന്ന ദുബായ് സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് കമ്പനിയുടെ പ്രവർത്തനം.
“തുടക്കത്തിൽ തന്നെ ദുബായിൽ 1 ദശലക്ഷം യാത്രകൾ പൂർത്തിയാക്കുക എന്ന സുപ്രധാന നാഴികക്കല്ല് ബോൾട്ട് നേടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ദുബായിലെ വർധിച്ചുവരുന്ന ജനസംഖ്യയും സന്ദർശകരുടെ വരവും സൃഷ്ടിച്ച ഗതാഗത ആവശ്യം നിറവേറ്റുന്നതിനായി ബോൾട്ട് പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്തത്. ദുബായിൽ ചുറ്റി സഞ്ചരിക്കുന്നത് എളുപ്പവും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് ബോൾട്ടിന്റെ വരവ് ഞങ്ങളുടെ സമൂഹത്തിന് വിലപ്പെട്ടതാണെന്ന്”ദുബായ് ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ അൽഫാലസി പറഞ്ഞു.
അടുത്ത ഘട്ടത്തിൽ, ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകളും സൗകര്യവും കാര്യക്ഷമതയും നൽകുന്ന ടാക്സി സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ചേർക്കും. ബോൾട്ട് ദുബായ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും മറ്റ് എമിറേറ്റുകളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു. ബോൾട്ടിലെ പാർട്ണർ മാർക്കറ്റ്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, മെന എന്നിവയുടെ വൈസ് പ്രസിഡന്റ് ജിജെ കിസ്റ്റെമേക്കറും നേട്ടത്തിൽ സന്തോഷം പങ്കുവച്ചു.