'ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ': പാസ്പോർട്ട് എടുക്കാൻ ഒരു വയസ്സ് കൂട്ടിയ മലയാളി; നാലാം ക്ലാസും ഗുസ്തിയുമായി നേരെ യുഎഇയിലേക്ക്

Mail This Article
ദുബായ് ∙ നയിഫ് പഴയ നയിഫല്ലെങ്കിലും ടൈഗർ അലി ഇപ്പോഴും പുലി തന്നെ. നയിഫിന്റെ എല്ലാത്തരം കുതിപ്പിനും സാക്ഷിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ ഈ പ്രവാസി പിന്നീട് ഖത്തറിൽ 11 വർഷം ജോലി ചെയ്തെങ്കിലും ആ അനുഭവങ്ങൾ വച്ച് പറയുന്നു, ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ.
കണ്ണൂർ തലശ്ശേരി പിലാക്കൂൽ സ്വദേശിയായ ടൈഗർ അലി എന്ന അലി മംഗലോടൻ(69) നീണ്ട മൂന്ന് പതിറ്റാണ്ടോളമാണ് ദുബായുടെ വ്യാപാര കേന്ദ്രങ്ങളിലൊന്നായ, മലയാളികളുടെ പ്രിയപ്പെട്ട നയിഫിൽ ജോലി ചെയ്തത്. പാസ്പോർട്ട് എടുക്കാൻ വേണ്ടി ഒരു വയസ്സ് കൂട്ടിയിട്ട് 17-ാം വയസ്സിൽ യുഎഇയിലേക്ക് ജോലി തേടിയെത്തിയ അദ്ദേഹം കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ച് നടക്കേണ്ടുന്ന കാലമടക്കം ജീവിതത്തിന്റെ നല്ല പാതി പ്രവാസിയായി ജീവിച്ചു.
നയിഫിന്റെ വികസനത്തെക്കുറിച്ചും ഇവിടുത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി സന്ദർശനത്തിനായി എത്തിയപ്പോൾ കാണുന്ന നഗരത്തിന്റെയും മനുഷ്യരുടെയും മാറ്റങ്ങളെക്കുറിച്ചും പുതുതലമുറ 'തന്തവൈബെ'ന്ന് പറഞ്ഞ് അവഗണിച്ചേക്കാവുന്ന തന്റെ ചിന്തകളും മനോരമ ഓൺലൈനുമായി പങ്കിടുകയാണ് അദ്ദേഹം.

11-ാം വയസ്സിൽ റസ്റ്ററന്റ് ജീവനക്കാരൻ; 17ൽ പ്രവാസി
അലിയുടെ പിതാവ് കോളോത്ത് ഇബ്രാഹിം തലശ്ശേരിയിൽ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. ഇബ്രാഹിം-മംഗലോടൻ മറിയു ദമ്പതികൾക്ക് അലി അടക്കം 9 മക്കൾ. അലി മൂത്തതായിരുന്നതിനാൽ ഉത്തരവാദിത്തം തലയിലായി. നാലിൽ പഠിത്തത്തോടെ മഹസ്സലാമ പറഞ്ഞ് 11-ാം വയസ്സിൽ തലശ്ശേരിയിലെ ഒരു റസ്റ്ററന്റിൽ ജോലിക്ക് നിന്നു. തുടർന്ന് വർഷങ്ങളോളം പലതരം തൊഴിൽ ചെയ്തു പിതാവിന് താങ്ങായി.
1976-ലാണ് ബന്ധുമുഖേന ദുബായിൽ ജോലി ശരിയായത്. അന്നത്തെ ബോംബെയിൽ നിന്ന് കപ്പലിൽ വരാനായിരുന്നു പദ്ധതിയെങ്കിലും അക്ബർ, ദ്വാരക എന്നീ യാത്രാ കപ്പലുകൾ ഹജ് സീസണിൽ ഭയങ്കര തിരക്കായതിനാൽ എംഇ(മിഡിലീസ്റ്റ്) എയർവേയ്സിൽ യുഎഇയിലെത്തി. ഇന്നത്തെ ദുബായ് രാജ്യാന്തര വിമാനത്താവളം അന്ന് റാഷിദ് രാജ്യാന്തര വിമാനത്താവളം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

നയിഫിലെ പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ഹഫീസുല്ല ഖാൻ റസ്റ്ററന്റിൽ സപ്ലൈയറായി ജോലി കിട്ടി വന്നതാണ്. റൊട്ടിയും പച്ചരിച്ചോറും പരിപ്പുകറിയും പിടിക്കാതെ വന്നപ്പോൾ വണ്ടി തിരിച്ചുവിട്ടാലോ എന്ന് പോലും ആലോചിച്ചിരുന്നു. പക്ഷേ, പിന്നീട് 2 വർഷം അവിടെ പിടിച്ചുനിന്നു. സൗജന്യ ഭക്ഷണം, താമസം കൂടാതെ പ്രതിമാസം 660 ദിർഹം വേതനം. ശമ്പളമൊക്കെ കിറുകൃത്യം ലഭിക്കും.
എന്നാൽ ആ ജോലി ആകെ മടുത്തിരിക്കുമ്പോഴാണ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള നയിഫിലെ തന്നെ ഗോൾഡൻ ടൈഗർ റെഡിമെയ്ഡ് ഗാർമെന്റ്സ് കടയിൽ സെയിൽസ് മാനായി ജോലി ലഭിക്കുന്നത്. നാട്ടിൽ ചെന്ന് 1979 ഒക്ടോബറിൽ പുതിയ വീസയിൽ തിരിച്ചെത്തി. അന്നു തുടങ്ങിയ ആ ജോലി വർഷങ്ങളോളം തുടർന്നു. നയിഫ് വിട്ട് ഒരു ജീവിതം പിന്നീട് ഉണ്ടായിട്ടേയില്ല. ഒട്ടേറെ നല്ല സൗഹൃദങ്ങളെ ലഭിച്ചതാണ് പ്രധാന നേട്ടം. നല്ലതും അപൂർവം മോശവുമായ അനുഭവങ്ങൾ. ജീവിതം കരക്കടിഞ്ഞപോലെ അനുഭവപ്പെട്ടു. കടയിലെ ജീവനക്കാരെല്ലാം ഒന്നിച്ച് താമസം. നയിഫിലെ നജഫ് റസ്റ്ററന്റിൽ ഭക്ഷണം.
ഒരേ സ്ഥാപനത്തിൽ തന്നെ 30 വർഷത്തോളം പ്രവർത്തിച്ചു. ഗോൾഡൻ ടൈഗറിന്റെ ജീവനാഡിയായി പ്രവർത്തിക്കവേ പലരും പറഞ്ഞുപറഞ്ഞാണ് ടൈഗർ അലി എന്ന പേര് വന്നുപതിച്ചത്. അലി മംഗലോടൻ എന്ന് പറഞ്ഞാൽ പലർക്കും എന്നെ അറിയൂല്ലപ്പാ, ടൈഗർ അലി എന്ന് തന്നെ പറയണം-ഇന്നും പുലിയുടെ ശൗര്യത്തോടെ അലി പറയുന്നു. പിന്നീട് ജോലി വിട്ട് സ്വന്തമായി ഒരു റെഡിമെയ്ഡ് ഗാഡമെന്റ്സ് തുടങ്ങിയെങ്കിലും വലിയ ക്ലിക്കായില്ല. എങ്കിലും ജീവിതം അങ്ങനെ ഉരുട്ടിക്കൊണ്ടുപോകവേ, 2011ൽ കട സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിക്കുന്നു എന്ന് കേട്ടതോടെ അത് മറ്റൊരാൾക്ക് വിറ്റു നാട്ടിലേക്ക് മടങ്ങി.

നയിഫ് പഴയ നയിഫല്ല; അലി ടൈഗർ അലി തന്നെ
പ്രവാസം മതിയാക്കി നാട്ടിൽ ഭാര്യയോടൊപ്പം ശിഷ്ടജീവിതം നയിക്കാൻ ആഗ്രഹിച്ച അലിക്ക് ഖത്തറിൽ നല്ലൊരു ജോലി സാധ്യത ലഭിച്ചപ്പോൾ പിന്നെ, അങ്ങോട്ടേയ്ക്ക് വിട്ടു. അവിടെ 11 വർഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ പർചേസിങ് മാനേജരായി ജോലി ചെയ്തു. ഒടുവിൽ ഭാര്യക്ക് അസുഖം വന്ന് കൂട്ടിനാരുമില്ലാതായപ്പോൾ മക്കളുടെ കൂടി സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി നാട്ടിലേക്ക് മടങ്ങി.
അലി -റഹീമ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെണ്ണും ഒരാണും. ഹഫ്സ, ഹസ്ന എന്നീ പെൺമക്കളെ വിവാഹം കഴിച്ചയച്ചു. മകൻ മുഹ് സിൻ ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മകന്റെയും കൊച്ചുമക്കളുടെയും കൂടെ കുറച്ച് നാൾ ചെലവഴിക്കാനാണ് അദ്ദേഹം ഇപ്പോൾ യുഎഇയിലെത്തിയത്. നാട്ടിലാകുമ്പോൾ എന്നും ദുബായിയും നായിഫും കൊതിപ്പിച്ചുകൊണ്ടിരുന്നു. തനിക്ക് മികച്ചൊരു ജീവിതം പ്രദാനം ചെയ്ത ഈ രാജ്യത്തെ ഒരിക്കലും മനസ്സിൽ നിന്ന് പറിച്ചുനടാനാവില്ലെന്നാണ് അലിയുടെ പക്ഷം.
ഗോൾഡൻ ടൈഗറിൽ യാതൊരു പ്രയാസവുമില്ലാതെയാണ് ജോലി ചെയ്തത്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാവാത്തപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു. പക്ഷേ കടയുടമ ഇറാനിക്ക് അലിയില്ലാത്ത ആ സ്ഥാപനം ആലോചിക്കാൻ പോലും വയ്യായിരുന്നു. ശമ്പളം കൂട്ടിത്തന്ന് ഭാര്യയെ ദുബായിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പിന്തുണച്ചത് പ്രവാസ ജീവിതത്തിലെ മറക്കനാകാത്ത അനുഭവങ്ങളിലൊന്നാണെന്ന് അലി പറഞ്ഞു. അന്ന് ഫാമിലി വീസയ്ക്ക് 3400 ദിർഹമായിരുന്നു ഫീസ്. താമസത്തിനും മുതലാളി സൗകര്യം ചെയ്തു തന്നു.
മൂന്ന് മക്കളും പിറന്നത് ദുബായിൽ തന്നെ. അന്ന് സർക്കാർ ആശുപത്രികളായ റാഷിദ്, ദുബായ്, അൽ മക്തൂം എന്നിവിടങ്ങളിൽ വിദേശികൾക്കും ചികിത്സ സൗജന്യമായിരുന്നു. വൈകാതെ ഡ്രൈവിങ് ലൈസൻസ് കൂടി സ്വന്തമാക്കി. 1981ൽ അപേക്ഷിച്ചെങ്കിലും ഡ്രൈവിങ് ലൈസൻസ് കിട്ടിയത് 1986ൽ. അന്ന് ഒരു ടെസ്റ്റ് പൊട്ടിയാൽ അടുത്തത് ലഭിക്കാൻ ചുരുങ്ങിയത് 6 മാസമെങ്കിലും എടുക്കണമെന്നത് തന്നെ കാലതാമസത്തിന് കാരണം. അലിയുടെ കാര്യത്തിൽ ടെസ്റ്റ് പൊട്ടിപ്പൊട്ടി കടന്നുപോയത് 5 വർഷം.
ഇന്ന് മഷ് രിഖ് ബാങ്കായ അന്നത്തെ ഒമാൻ ബാങ്കിൽ നിന്ന് ഡ്രാഫ്റ്റെടുത്താണ് അന്ന് നാട്ടിലേക്ക് പണമയക്കാറ്. 500 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. അയക്കാനുള്ള കമ്മിഷൻ 5 ദിർഹം. ബാങ്കിൽ ഏറെ നേരം ക്യൂ നിന്ന് വേണം പണം അയക്കാൻ.

നായിഫിലെ സൌഹൃദക്കൂട്ടങ്ങളെ കാണാനില്ല
അലി ഓർക്കുന്നു, അന്ന് നയിഫ് മലയാളികളടക്കമുള്ള വിദേശികളുടെ സംഗമ കേന്ദ്രമായിരുന്നു. നാട്ടിൽ നിന്ന് ജോലി തേടിയെത്തുന്നവരുടെയൊക്കെ അഭയ കേന്ദ്രം. കാരണം, നാട്ടുകാരായ ഏതെങ്കിലുമൊരാൾ ഇവിടെ താമസിക്കുന്നുണ്ടായിരിക്കും. അവരുടെ ചുരുങ്ങിയ സൗകര്യത്തിൽ കിടക്കാൻ ഒരു പായ ലഭിക്കാതിരിക്കില്ല. ദുബായിലെ മറ്റേതൊരു സ്ഥലത്തേയ്ക്കാളും കുറഞ്ഞ വിലയ്ക്ക് ഭക്ഷണവും ലഭിക്കും.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞാൽ ഈ നഗരപ്രദേശം സജീവമാകും. അകലെ നിന്നൊക്കെ വരുന്നവർ അന്ന് എവിടെയെങ്കിലും പറ്റിക്കൂടി വാരാന്ത്യ അവധി ദിനമായ പിറ്റേന്ന് രാത്രി വൈകി മാത്രമേ തിരിച്ചുപോവുകയുള്ളൂ. നയിഫിന്റെ മുക്കിലും മൂലയിലും കൂടിയിരുന്ന് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടങ്ങളെ യഥേഷ്ടം കാണാം. മൊബൈൽ ഫോണില്ലാത്ത കാലത്ത് പ്രി പെയ്ഡ് കാർഡുപയോഗിച്ച് പബ്ലിക് ടെലിഫോൺ ബൂത്തിന് മുന്നിൽ ക്യൂ നിന്ന് നാട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങളറിഞ്ഞ് നാളുകൾ തള്ളിനീക്കും.
മിക്കവരും ചുരുങ്ങിയത് 2 വർഷത്തിലൊരിക്കലേ നാടുപിടിക്കുകയുള്ളൂ. കത്തുകളിലൂടെയായിരുന്നു കൂടുതൽ വിശേഷങ്ങളറിഞ്ഞിരുന്നത്. ഏതെങ്കിലും കടയുടെ പോസ്റ്റ് ബോക്സ് നമ്പർ കൊടുത്താണ് കത്ത് അയപ്പിക്കാറ്. പല കടകൾക്ക് മുന്നിലും ഈ കത്തുകൾ ഇടാൻ കുഞ്ഞുപെട്ടികളുണ്ടാകും. ഇവിടെ ചെന്ന് അവരവരുടെ കത്തുകൾ സ്വന്തമാക്കാം. ഇത് ആ കടക്കാരൻ സഹജീവികൾക്ക് നൽകുന്ന സൗജന്യസേവനം.
ഇന്ന് പക്ഷേ, ആ കാഴ്ചകളൊക്കെ ഇല്ലാതായിക്കഴിഞ്ഞു എന്ന് മാത്രമല്ല, ആളുകൾ പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കുന്നത് പോലും നയിഫിൽ കാണനാവില്ല. എല്ലാവരും മൊബൈൽ ഫോണിൽ ആഴ്ന്നിറങ്ങുകയാണെന്ന് അലി വിലപിക്കുന്നു. വാഹനത്തിരക്കാണ് മറ്റൊരു പ്രതിഭാസം. ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത റോഡുകളില്ലെന്നായി. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ പഴയ താവളം സന്ദർശിച്ചപ്പോൾ പരിചിതർ ചിലർ പോലും കാര്യമായി പരിഗണിച്ചില്ല. എല്ലാവരും കൂടുതൽ തിരക്കുകളിലാണ്. ഫോണിൽ സംസാരിച്ചും ചാറ്റ് ചെയ്തും പോകുന്നവരെയാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്. മനുഷ്യർ തമ്മിലുള്ള ബന്ധം അറ്റുപോകുന്നത് തന്നെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്നതാണെന്ന് അലി പറയുന്നു.

പഴയ, പുതിയ നയിഫ്; മായാത്ത കാഴ്ച സങ്കടബെഞ്ചിലേത് മാത്രം
അലിയുടെ മുന്നിൽ താനില്ലാത്ത 13 വർഷം കൊണ്ട് നയിഫടക്കം ദുബായിലുണ്ടായ വികസനങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. നയിഫിലെ പല പ്രശസ്ത കെട്ടിടങ്ങളും ഇല്ലാതായി. അവിടെയെല്ലാം പുതുമ നിറഞ്ഞ ബഹുനില കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നു.
നയിഫിലെ ഒട്ടുമുക്കാലും പഴയ കെട്ടിടങ്ങളും പൊളിച്ചു. ഇന്ന് നിലനിൽക്കുന്നതിൽ ചിലതിൽ അലി ജോലി ചെയ്തിരുന്ന ഗോൾഡൻ ടൈഗർ പ്രവർത്തിച്ചിരുന്ന ഖത്തർ ഇൻഷുറൻസ് കെട്ടിടവും സഹോദര സ്ഥാപനമായ ഗോൾഡൻ എലിഫെന്റ് സ്ഥിതിചെയ്യുന്ന സർഊനി കെട്ടിടവുമുണ്ട്. രണ്ടുനില മാത്രമുള്ളതുകൊണ്ടായിരിക്കാം അതിപ്പോഴും നിലനിൽക്കുന്നതെന്നാണ് അലിയുടെ വിശ്വാസം.

സവിശേഷ രുചിയുള്ള ചിക്കൻ 65 ലഭിച്ചിരുന്ന നജഫ് റസ്റ്ററന്റ് ഇപ്പോഴില്ല. മലയാളികളുടെ പ്രിയപ്പെട്ട ഖാദർ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇന്ന് ബുഹനില ഹോട്ടലാണ് കാണുക. മലയാളികളുടെ പ്രിയപ്പെട്ട കണ്ണാടിപ്പള്ളിയും ഓർമയായി. ഇങ്ങനെ പലതും.
പണ്ട് എല്ലാത്തരം കടകളും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്ന് ഓരോ വിഭാഗത്തിനും പ്രത്യേകം ഏരിയയായിത്തീർന്നു. എന്നാൽ സബ്ക്കയിലൊക്കെ ഇപ്പോഴും പഴയ രീതി കാണാം. ഗ്രോസറികൾ പലതും ഇല്ലാതായി പകരം സൂപ്പർമാർക്കറ്റുകൾ ഇടംപിടിച്ചു. അന്ന് നയിഫ് നാട്ടിലേക്ക് പോകുന്നവരുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായിരുന്നു. നയിഫ് സന്ദർശിക്കാതെ നാട്ടിലേക്കുള്ള പോക്ക് മലയാളികൾക്ക് ആലോചിക്കാൻ പോലുമാകില്ലായിരുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, പെട്ടികൾ.. ഉപ്പു തൊട്ട് കർപ്പൂരം വരെ മിതമായ വിലയ്ക്ക് എന്തും കിട്ടും എന്നത് തന്നെ പ്രധാന ആകർഷണം.
എല്ലാത്തരം ഉൽപന്നങ്ങളാലും സജീവമായിരുന്ന നയിഫ് തെരുവ്. ഇന്ന് എല്ലായിടത്തും എല്ലാം ലഭ്യമാണെന്ന സ്ഥിതിവിശേഷം വന്നതോടെ ആ പ്രാധാന്യവും കുറഞ്ഞു. എന്തിന് പ്രവാസ ജീവിതത്തിൽ 30 വർഷം പിന്നിട്ടിവരൊക്കെ ഗൃഹാതുരത്വത്തോടെ മാത്രം ഓർക്കുന്ന സർഊനി പള്ളി പോലും പുതുമോടിയിലായി. എന്നാൽ, മാറ്റമില്ലാത്ത ഒന്ന് ഇന്നത്തെ നയിഫ് മെട്രോ സ്റ്റേഷന് അടുത്തുള്ള സങ്കടബെഞ്ച് മാത്രം. ജോലി തേടിയെത്തുന്നവർ നടന്ന് ക്ഷീണിിക്കുമ്പോൾ ചെന്നിരുന്ന് വിശ്രമിക്കുന്ന ഇടമാണിത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി നയിഫ് ഇന്നും നിലനിക്കുന്നതാണ് ഇവിടുത്തെ വ്യാപാരികൾ വലിയ പരുക്കില്ലാതെ മുന്നോട്ടുപോകുന്നതിന് ഒരു കാരണമെന്നാണ് അലിയുടെ വിലയിരുത്തൽ.

ദെയ്റ ക്ലോക്ക് ടവറായിരുന്നു മനുഷ്യനിർമിതികളിൽ അന്ന് ദുബായുടെ പ്രധാന ആകർഷണം. റാഡോ ബിൽഡിങ്, പെപ്സി കോള ബിൽഡിങ്, ദേവ കെട്ടിടം, ഹിൽട്ടൺ ഹോട്ടൽ തുടങ്ങിയവയൊക്കെയായിരുന്നു ഏറ്റവും വലിയ കെട്ടിടങ്ങൾ. പിന്നീട് 1979 ൽ ദുബായിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി ദുബായ് വേൾഡ് ട്രേഡ് സെന്ററർ യാഥാർഥ്യമായി. ഈ വിസ്മയം കാണാനും അതിന് മുന്നിൽ നിന്ന് ഫോട്ടോ പകർത്താനും ആളുകളുടെ ഒഴുക്കായിരുന്നു.
ഏറെ വർഷത്തോളം ആ കെട്ടിടം തകർപ്പൊടാത്ത റെക്കോർഡുമായി നിലകൊണ്ടു. കടലിന് നടുവിലെ ബുർജുൽ അറബും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും മ്യൂസിയം ഓഫ് ഫ്യൂച്ചറുമെല്ലാം ദുബായ് സ്വന്തമാക്കിയെങ്കിലും ദുബായ് വേൾഡ് സെന്ററിനെ ഇന്നും നെഞ്ചേറ്റുന്ന പഴയകാല പ്രവാസികൾ ഒട്ടേറെയാണെന്ന് അലി പറയുന്നു.

അലിക്ക് നൽകാനുള്ള ഉപദേശം
ഒട്ടേറെ പേരെ നാട്ടിൽ നിന്ന് കൊണ്ടുവന്ന് ജോലിയിൽ കയറ്റാൻ കഴിഞ്ഞതാണ് പ്രവാസ ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകുന്ന കാര്യമെന്ന് അലി പറയുന്നു. അവരെല്ലാം ജീവിതവിജയം നേടിയതിന് നേർസാക്ഷിയായി. മറ്റുള്ളവർ എത്രമാത്രം ഗൗരവമായെടുക്കം എന്നറിയില്ല, പലരും വിമർശിക്കുകയും ചെയ്തേക്കാം.
എങ്കിലും നാല് പതിറ്റാണ്ടിലേറെ നീണ്ട കുടിയേറ്റ ജീവിതം നയിച്ച ഞാൻ മനസ്സിലാക്കിയ യാഥാർഥ്യം പറയാതിരിക്കാനാവില്ല. ആരോഗ്യമുള്ളിടത്തോളം കാലം ഇവിടെ തന്നെ ജീവിക്കുക-എനിക്ക് പ്രവാസികളെ ഉപദേശിക്കാനുള്ളത് ഒന്നുമാത്രം. താൻ പറഞ്ഞതിന്റെ പൊരുൾ പ്രവാസികൾ ആലോചിച്ചെടുത്തോട്ടെ എന്നാണ് അലിക്ക് പറയാനുള്ളത്.
നാലാം ക്ലാസും ഗുസ്തിയുമായാണ് യുഎഇയിലെത്തിയതെങ്കിലും ഇവിടെ നിന്ന് ഇംഗ്ലിഷ്, ഹിന്ദി, അറബിക്, പാർസി എന്നീ ഭാഷകൾ സംസാരിക്കാൻ പഠിച്ചു. കണ്ണൂർ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ വെയ്ക്, കെഎംസിസി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന, സാമൂഹിക പ്രവർത്തകൻ കൂടിയായ അലി തന്റെ ആദ്യ പാസ്പോർട്, യുഎഇ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പഴയ ഫോട്ടോകൾ തുടങ്ങിയവയെല്ലാം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു, പോയകാലത്തിന്റെ തിരുശേഷിപ്പുകളായി.
ഫോൺ - +91 88919 99179