പുസ്തകങ്ങളോട് കൂട്ടുകൂടാൻ... ഷാർജയിൽ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 23 മുതൽ

Mail This Article
ഷാർജ ∙ കുട്ടികളുടെ വായന ഉൽസവത്തിന്റെ 16ാം പതിപ്പിന് ഏപ്രിൽ 23ന് ഷാർജ എക്സ്പോ സെന്ററിൽ തിരശീല ഉയരും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ മേയ് 4ന് സമാപിക്കും. പുസ്തകോൽസവത്തിനൊപ്പം നാടകങ്ങളും മറ്റു കലാപരിപാടികളും നടക്കും.
വായനോത്സവത്തിന്റെ ഭാഗമായി ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവ പ്രഖ്യാപിക്കും. അറിവിന്റെയും ആവിഷ്കാരത്തിന്റെയും സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായാണ് വായനോത്സവം സംഘടിപ്പിക്കുന്നതെന്ന് ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കഡ് അൽ അമേരി പറഞ്ഞു. പുസ്തകങ്ങളാണ് കുട്ടികളുടെ വികാസത്തിനും ഭാവനയ്ക്കും അടിത്തറ നൽകുന്നതെന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഭാര്യ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ചയ്ക്കു സഹായകരമാകുന്ന ശിൽപശാലകളും പഠന പ്രവർത്തനങ്ങളും ഇതോടൊപ്പം ഒരുക്കുന്നത്.
വിനോദത്തിലൂടെ അറിവ് നേടുന്നതിനും പുതിയതിനെ കണ്ടെത്തുന്നതിനും ഭാവന വികസിപ്പിക്കുന്നതിനും നൈപുണ്യം വികസിപ്പിക്കുന്നതിനുമുള്ള പരിപാടികളും സജ്ജമാക്കും. എഴുത്ത്, ചിത്രരചന, നാടകം, നാടകാഭിനയം, ശാസ്ത്ര പരിചയം തുടങ്ങി വ്യത്യസ്ത മേഖലയിൽ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകളെ വികസിപ്പിക്കാൻ ഇവിടെ അവസരമുണ്ടാകും.