'ഇതിനേക്കാൾ വൈബ് അപ്പുറത്താണ് ': മമ്മൂട്ടിയുടെ പ്രായം ഉൾക്കൊള്ളാത്ത മലയാളികൾ; പ്രായത്തെ പിടിച്ചുകെട്ടും ‘വൈബവം’ !

Mail This Article
‘വൈബു’കളുടെ കാലത്ത് പ്രായത്തിന് വല്ലാത്തൊരു സ്ഥാനമുണ്ട്. നമ്മുടെ വൈബുകൾ നമ്മുടെ പ്രായത്തിന്റെ അടയാളങ്ങളത്രേ! എന്താണ് വൈബ്? മനഃസ്ഥിതി, മനോഭാവം, ഭാവനില തുടങ്ങിയവയാണ് വാച്യാർഥങ്ങൾ. എന്നാൽ, വൈബിനെ ‘ഓളം’ എന്നോ (തലയ്ക്കല്ല) രസമെന്നോ, സന്തോഷമെന്നോ, ആവേശമെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്തായാലും വൈബ് ആണ് ഇപ്പോൾ താരം. അർഥമറിയില്ലെങ്കിൽ കൂടി വൈബ് എന്നു പറയുമ്പോൾ എന്തോ ഒന്ന് നമ്മുടെ മനസ്സിൽ തെളിയുന്നുണ്ട്. ആ തെളിയുന്നതു തന്നെ അതിന്റെ അർഥം.
കരാമയിലെ ഫൂഡ് സ്ട്രീറ്റിൽ ഇപ്പോൾ വൈബാണ്. കരാമയിലെ വൈബ് പിടിച്ച് വരുന്നവർ രാവ് പുലരുവോളം അവരുടെ ‘വൈബവം’ തെളിയിക്കുന്നു. കാരമയിലെ ഫൂഡ് സ്ട്രീറ്റിൽ മധ്യ വയസ്സ് പിന്നിട്ട രണ്ടു വഴിപോക്കർ പറയുന്നതു കേട്ടു, ‘‘ഇതിനേക്കാൾ വൈബ് അപ്പുറത്താണ്’’. ചെറുപ്പക്കാർ മാത്രമല്ല, എല്ലാ പ്രായക്കാരും ഇപ്പോൾ വൈബ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്, അതിന്റെ അർഥം.
പറഞ്ഞു തുടങ്ങിയതു പ്രായത്തേക്കുറിച്ചാണ്. പ്രായത്തേക്കുറിച്ചു മൗനമായിരിക്കാനാണ് മനുഷ്യനിഷ്ടം. ആണുങ്ങളോടു ശമ്പളവും പെണ്ണുങ്ങളോടു വയസ്സും ചോദിക്കരുതെന്നൊരു പഴമൊഴി പോലുമുണ്ടല്ലോ. ആരോടും പ്രായം ചോദിക്കാൻ പാടില്ലാത്ത കാലമാണ്. ചേട്ടാ, ചേച്ചി വിളികളിൽ സന്തോഷിക്കുന്നവരെ പക്ഷേ, അങ്കിൾ ആന്റി വിളികൾ ക്രോധപരവശരാക്കുന്നു.

പ്രായം കൂടുന്നത് ഇഷ്ടമുള്ളവർ ആരാണ്? അതിന് ഒരുത്തരമേയുള്ളു കുട്ടികൾ. എങ്ങനെയും വളർന്നു വലുതായാൽ മതിയെന്നു ചിന്തിക്കുന്ന ഏക പ്രായം കുഞ്ഞുങ്ങളുടേതാണ്. അവരും പ്രായമാകുമ്പോൾ പണ്ടു ചിന്തിച്ചതിനെ പഴിക്കുമെന്നതു വേറേ കാര്യം. മറ്റെല്ലാ പ്രായക്കാരും കുട്ടികളായിരിക്കാനാണ് ആഗ്രഹിക്കുക. അതുമല്ലെങ്കിൽ ചെറുപ്പക്കാരായിരിക്കാൻ. പ്രായമായി എന്നങ്ങോട്ടു സമ്മതിക്കാൻ വയ്യാത്തൊരവസ്ഥ. എന്തിന് പ്രായമാകണം? പ്രായമാകുന്നതു കൊണ്ട് എന്താണ് ഗുണം. പണ്ടൊക്കെ മോക്ഷം പ്രാപിക്കണമെന്നൊരു പൂതി പ്രായമായവരിൽ രഹസ്യമായെങ്കിലും ഉണ്ടായിരുന്നു. ഇന്ന്, അതു പോലുമില്ലാതായി.
എല്ലാ പ്രായക്കാരും ചെറുപ്പമാണ്. ചെറുപ്പക്കാർക്കിടയിൽ അൻപതും അറുപതും എഴുപതും വയസ്സ് പിന്നിടുന്നവരാണ് ഇപ്പോഴുള്ളവരെല്ലാം. പണ്ടൊക്കെ 50 വയസ്സെന്നു പറഞ്ഞാൽ അതൊരു പ്രായമായിരുന്നു. 60 ആകുമ്പോഴേക്കും ഷഷ്ഠിപൂർത്തിയാക്കി, മനുഷ്യരെ കാരണവരായി പ്രതിഷ്ഠിക്കുമായിരുന്നു. പിന്നെ, സപ്തതി, ശതാഭിഷേകം അങ്ങനെ പോകുന്നു ആഘോഷങ്ങൾ. ഇന്ന് 60 കഴിഞ്ഞ ഏതു ചെറുപ്പക്കാരാണ് ഷഷ്ഠിപൂർത്തി ആഘോഷിക്കുന്നത്. നമ്മുടെ മമ്മൂട്ടിക്ക് 70 കഴിഞ്ഞെന്ന് അറിയാമെങ്കിലും അങ്ങനൊരു യാഥാർഥ്യം മലയാളികൾ ഉൾക്കൊണ്ടിട്ടു പോലുമില്ല.
ശരീരത്തിൽ പ്രായമാകുന്നതിന്റെ തോത് വർധിക്കുന്നത് 44ാം വയസ്സിലാണെന്ന് ഒരു പഠനം തെളിയിക്കുന്നു. പിന്നീട്, ഒരു കുതിച്ചു ചാട്ടം ഉണ്ടാകുന്നത് 60ാം വയസ്സിലും. മധ്യേയുള്ള കാലം പ്രായം കുതിച്ചു പായാറില്ലത്രേ! ഈ 44ാം വയസ്സിലെ വാർധക്യത്തിനു കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പും മദ്യപാനം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണെന്നും പഠനം പറയുന്നു.
ഒരുപക്ഷേ, ഈ വക ദുശ്ശീലങ്ങൾ ഇല്ലായെങ്കിൽ, പ്രായത്തിന്റെ പോക്ക് പിടിച്ചു കെട്ടാം. എന്നാൽ, 60ാം വയസ്സിലേത് കുറച്ചു പ്രശ്നക്കാരനാണ്. ഈ പ്രായത്തിൽ രോഗ പ്രതിരോധ ശേഷി അൽപം കുറഞ്ഞു തുടങ്ങും. മസിലുകളും ക്ഷീണിക്കും. 40കളിലെ കുഴപ്പങ്ങൾ ഇല്ലാത്തവർക്ക് ഒരുപക്ഷേ, 60കളിൽ കുറച്ചു കൂടി പിടിച്ചു നിൽക്കാനാകും.40കളിലെ കുഴപ്പക്കാർ 60 കഴിഞ്ഞു വല്യ പ്രതീക്ഷകളൊന്നും പ്രായത്തിന്റെ കാര്യത്തിൽ വച്ചു പുലർത്തേണ്ടതില്ലെന്നും ശാസ്ത്രം പറയുന്നു.
ശരീരത്തിലെ ചുളിവുകൾ മറച്ചു പിടിക്കാമെങ്കിലും തലച്ചോറും ഹൃദയവും പ്രായത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്നതിൽ മുന്നിലാണ്. അവയ്ക്കു പ്രായമേറിക്കൊണ്ടേയിരിക്കും. ഒരിക്കൽ പ്രവർത്തിച്ചു തുടങ്ങിയാൽ, വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഹൃദയവും തലച്ചോറുമെല്ലാം. ഒന്നിരുന്നു വിശ്രമിക്കാമെന്ന് ഇവയിൽ ഏതിനെങ്കിലും തോന്നിയാൽ അന്നു തീരും ആളിന്റെ കാര്യം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഒരു വൈബ് പിടിച്ചങ്ങു പോയാൽ, എല്ലാ പ്രായവും നല്ലതാകും.