ദുബായ് ഇൻഫിനിറ്റി പാലത്തിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കുള്ള മൂന്ന് വരി പാത തുറന്ന് ആർടിഎ

Mail This Article
ദുബായ് ∙ ദുബായ് ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ഇന്റർസെക് ഷനിലേക്കുള്ള പ്രധാന പാലം റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,210 മീറ്റർ നീളമുള്ള ഈ മൂന്ന് വരിപ്പാലത്തിന് മണിക്കൂറിൽ 4,800 വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
ഷെയ്ഖ് റാഷിദ് റോഡിലൂടെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ജങ്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക്‌ഷൻ വരെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദഗ ഇടനാഴി നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണിത്. ഈ ഘട്ടത്തിൽ 3.1 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് പാലങ്ങളുടെ നിർമാണം ഉൾപ്പെടുന്നു, എല്ലാ പാതകളിലുമായി മണിക്കൂറിൽ ആകെ 19,400 വാഹനങ്ങൾക്ക് ഇവയിലൂടെ സഞ്ചരിക്കാൻ കഴിയും. കൂടാതെ, ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ജങ്ഷനുകളിലെ നവീകരണം, 4.8 കിലോമീറ്റർ റോഡിന്റെ വികസനം, ഷെയ്ഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനട പാലങ്ങളുടെ നിർമാണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നാലാം ഘട്ടത്തിന്റെ 90% പൂർത്തിയായ പദ്ധതിയുടെ ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഈ വർഷം രണ്ടാം പാദത്തിൽ തുറക്കും.
780 മീറ്റർ ദൈർഘ്യമുള്ള ആദ്യ പാലത്തിൽ മൂന്ന് വരികൾ ഉണ്ടാകും. ഇതിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. ഇത് ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി അൽ വാസൽ സ്ട്രീറ്റിലേയ്ക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നു. 985 മീറ്റർ നീളമുള്ള രണ്ടാമത്തെ പാലത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് വരികളാണുള്ളത്. ഈ പാലം തുറക്കുന്നതോടെ ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീലേയ്ക്കും ഫാൽക്കൺ ഇന്റർസെക്‌ഷനിലേക്കുമുള്ള ഗതാഗതം സുഗമാകുമെന്ന് ആർടിഎ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.