ADVERTISEMENT

ദുബായ് ∙ എമിറേറ്റിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ അധികൃതർ നടപടി കർശനമാക്കിയതായി റിപോർട്ട്. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ നടപടി കർശനമാക്കിയത്. വീസാ കാലാവധി കഴിഞ്ഞവർക്ക് അവരുടെ പദവി നിയമവിധേയമാക്കാനോ പിഴകൾ കൂടാതെ നാട്ടിലേക്ക് തിരിച്ചു പോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്.

അടുത്തിടെ ചില കമ്പനികളിൽ സന്ദർശകവീസക്കാർക്ക് വേണ്ടി അധികൃതർ വ്യാപക തിരച്ചിൽ  നടത്തിയതായി ദുബായിലെ ട്രാവൽ ഏജൻസി പ്രതിനിധി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങൾ ചില ഓഫിസ് ടവറുകളും പല തവണ സന്ദർശിച്ചു. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് എല്ലായ്പോഴും നിയമവിരുദ്ധമാണ്. എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഇപ്പോൾ അധികാരികൾ ഉറപ്പാക്കുന്നുവെന്ന് മാത്രം. യുഎഇയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ സന്ദർശക വീസയിൽ വന്ന് ജോലി ചെയ്യാറുണ്ട്.

2024 സെപ്റ്റംബർ മുതൽ ഡിസംബർ വരെ നീണ്ടുനിന്ന പൊതുമാപ്പ് പരിപാടി ആയിരക്കണക്കിന് ആളുകളുടെ വീസ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചു. പദ്ധതി അവസാനിച്ചതിനെത്തുടർന്ന് വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ജനുവരിയിൽ നടത്തിയ പരിശോധനാ ക്യാംപെയ്‌നുകളിൽ 6,000-ത്തിലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സന്ദർശക വീസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ എണ്ണം പകുതിയിലേറെ കുറയ്ക്കുന്നതിൽ ഈ നടപടികൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജനുവരി മുതൽ സന്ദർശക വീസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ എണ്ണം 10 ശതമാനത്തിൽ താഴെ കുറഞ്ഞതായും റിപോർട്ടുണ്ട്.

മൂന്ന് മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കി. Image Credits: mirsad sarajlic/Istockphoto.com
Image Credits: mirsad sarajlic/Istockphoto.com

സന്ദർശക വീസയിൽ ജോലി ചെയ്യുന്നവർക്ക് വൻ പിഴയും നാടുകടത്തലും ആയിരിക്കും ഫലം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൃത്യമായ അനുമതി പത്രമില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതോ അവർക്ക് ജോലി ഉറപ്പാക്കാതെ അവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതോ ആയ കമ്പനികൾക്ക് 100,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ  പിഴ ചുമത്തുന്നതിനായി യുഎഇ തൊഴിൽ നിയമം ഭേദഗതി ചെയ്തു.

അതേസമയം, പലപ്പോഴും സന്ദർശക വീസക്കാരെ കൊണ്ട് തുച്ഛമായ വേതനത്തിന് ജോലി ചെയ്യിപ്പിച്ച് വീസ കാലാവധി കഴിഞ്ഞാൽ അവർക്ക് മടക്ക ടിക്കറ്റ് പോലും നൽകാതെ പറഞ്ഞയക്കുന്ന കമ്പനികളുമുണ്ട്. ഇത്തരത്തിൽ ജോലി ചെയ്തവരിൽ പലരും എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങിപ്പോകുന്നു. ഇവർ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനുള്ള വഴി ആവശ്യപ്പെട്ട് സന്ദർശക വീസ എടുത്ത ട്രാവൽ ഏജന്റിനെ ബന്ധപ്പെടാറുമുണ്ട്. കമ്പനികൾ കൈകൾ കഴുകിക്കളയുകയും നിരക്ഷരരായ തൊഴിലാളികളിൽ പലർക്കും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് വാങ്ങാൻ പോലും പണമില്ലാതെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഇവരെ പിടികൂടിയാലും കർശന നിയമമനുസരിച്ചുള്ള ശിക്ഷയ്ക്ക് വിധേയരാക്കും.

ചിത്രത്തിന് കടപ്പാട്: വാം.
ചിത്രത്തിന് കടപ്പാട്: വാം.

ടൂറിസ്റ്റ് വീസയിൽ യുഎഇയിലേക്ക് വരുന്ന ആളുകൾക്ക് സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, പണമായോ ബാങ്ക് അക്കൗണ്ടുകളിലോ ഒരു നിശ്ചിത തുക എന്നിവ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ അടുത്തിടെ ഭേദഗതി ചെയ്തു.  പുതിയ നിയമങ്ങളും പരിശോധനകളും കർശനമാക്കുന്നതോടെ അത്തരം സത്യസന്ധമല്ലാത്ത കമ്പനികൾക്ക് തൊഴിലാളികളെ അനാവശ്യമായി മുതലെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെടുന്നു.

English Summary:

UAE: Don’t work on visit visas, travel agents warn as crackdown intensifies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com