കാണാതായ ഉംറ തീർഥാടകയെ കണ്ടെത്തിയ സന്തോഷത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹം

Mail This Article
മനാമ ∙ ബഹ്‌റൈനിൽ നിന്നുള്ള ഉംറ തീർഥാടന ഗ്രൂപ്പിൽ മകനോടൊപ്പം മക്കയിലേക്ക് പോയ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ ഏറെ അനിശ്ചിതത്വത്തിനുമൊടുവിൽ സുരക്ഷിതമായി കണ്ടുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബഹ്‌റൈൻ പ്രവാസികളും. ബഹ്‌റൈനിൽ താമസമാക്കിയ ഇളയ മകൻ മുജീബിനോടൊപ്പമാണ് സൗദിയിലേക്ക് പോയത്.
ഉമ്മയെ കാണാതായ വിവരം ബഹ്‌റൈനിലെ തന്റെ സുഹൃത്തുക്കളെയും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം പ്രവർത്തകരും ബഹ്‌റൈനിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരുമെല്ലാം അവരുടെ സൗദിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടും റഹീമയുടെ ഫോട്ടോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ഇക്കാര്യത്തിൽ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം റഹീമയെ കണ്ടെത്തിയ കാര്യം അറിഞ്ഞതോടെ ബഹ്‌റൈനിലെ മലയാളികളുടെ സംഘടനാ ഗ്രൂപ്പുകളിൽ എല്ലാം ഇക്കാര്യം ഷെയർ ചെയ്യപ്പെട്ടു.