നോമ്പുകാലത്തിന് പരിസമാപ്തിയാകുന്നു; മലയാളികളുടെ കൂടിച്ചേരലിനും

Mail This Article
മനാമ ∙ റമസാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ കേവലം ഒരു നോമ്പുതുറ മാത്രമല്ല. ബഹ്‌റൈനിലെ അസംഖ്യം സംഘടനകളുടെയും കൂട്ടായ്മയുടെയും പരസ്പരമുള്ള ഒത്തു ചേരൽ കൂടിയാണ്. അത് കൊണ്ട് തന്നെ ബഹ്‌റൈനിലെ ഓരോ ദിവസത്തെയും ഇഫ്താർ സംഗമങ്ങൾ ഏതൊരു സംഘടനയുടേതായാലും പരമാവധി ആളുകളെ അതിൽ ഉൾക്കൊള്ളിക്കാൻ സംഘാടകരും പരമാവധി സംബന്ധിക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ മലയാളിയും ശ്രമിക്കുകയും ചെയ്യുന്നു.
വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് ഇഫ്താർ സംഗമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത്. ബഹ്‌റൈനിലെ ഒട്ടുമിക്ക ഹാളുകളും ഈ ദിവസങ്ങളിൽ എല്ലാം ഇത്തരം സംഗമങ്ങളുടെ വേദിയായി മാറുന്ന കാഴ്ചയാണ് എല്ലാ വർഷവും കണ്ടുവരുന്നത്. കൂടാതെ മെഗാ ഇഫ്താറുകൾ, ഗ്രാൻഡ് ഇഫ്താറുകൾ, ഖബ്‌ഗകൾ, മജ്ലിസുകൾ തുടങ്ങിയവയെല്ലാം റമസാൻ മാസത്തിലെ പ്രവാസികളുടെ കൂടി സംഗമ വേദിയായി മാറുന്നു. ബഹ്‌റൈനിലെ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളും ഭാരവാഹികളും മറ്റ് അംഗങ്ങളും എല്ലാം ഇത്തരം സംഘടനകളുടെ ഇഫ്താർ സംഗമത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.
ഇത്തവണ കാലാവസ്‌ഥ വളരെ അനുകൂലമായത് കൊണ്ട് തന്നെ ഇഫ്താറുകൾക്ക് വളരെ നേരത്തെ തന്നെ ആളുകൾ എത്തിച്ചേർന്നിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ ചർച്ചകൾ മുതൽ പ്രവാസികളുടെ പ്രശ്നങ്ങൾ വരെ ചർച്ചകൾക്ക് വേദിയാകുന്ന ഇടം കൂടിയാണ് ഇഫ്താർ വേദികൾ. വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും നമസ്കാര സൗകര്യങ്ങളും എല്ലാ സംഘാടകരും ഒരുക്കാറുമുണ്ട്.

ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ സംഗമത്തിന് ഇത്തവണ രണ്ടു സ്‌ഥലങ്ങളാണ് വേദിയായത്. ഒന്ന് കെ എം സി സി യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ഇഫ്താർ. മറ്റൊന്ന് സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളും തൊഴിലുടമകളും ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമവും ബഹുജന പങ്കാളിത്തം ഉള്ളതായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് തുടങ്ങി വലുതും ചെറുതുമായ നിരവധി സംഘടനകളും ഇത്തരം കൂടിച്ചേരലുകൾക്ക് വഴി ഒരുക്കിക്കൊണ്ട് ബൃഹത്തായ ഇഫ്താർ സംഗമങ്ങളാണ് സംഘടിപ്പിച്ചത്. പുണ്യമാസത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പ്രഭാഷണങ്ങളും സർവമത സമ്മേളനങ്ങളും ഒരുക്കിയാണ് പല സംഘടനകളും ഇഫ്താറുകൾ ഒരുക്കിയത്.
