യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും; പുതിയ അധ്യയന വർഷത്തിലേക്ക് കുരുന്നുകൾ

Mail This Article
അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി സ്കൂളുകൾ.
മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ സ്പ്രിങ് ബ്രേക്കിനു ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്കു കടക്കും.
എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ ജൂണിൽ വാർഷിക പരീക്ഷ നടത്തി സെപ്റ്റംബറിലായിരിക്കും പുതിയ അധ്യയനത്തിലേക്കു കടക്കുക. ഗൾഫിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് നാട്ടിൽനിന്നും വ്യത്യസ്തമായി ഏപ്രിലിൽ തന്നെ പുതിയ അധ്യയനം ആരംഭിക്കുന്നത്.
പുസ്തകം വൈകുന്നത് വെല്ലുവിളി
2, 4, 6, 8, 10 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ എത്താതെയാണ് ഇന്ത്യൻ സ്കൂളുകളിൽ അധ്യയനം തുടങ്ങുന്നത്. പത്താം ക്ലാസിലെ പുസ്തകത്തിന്റെ പിഡിഎഫ് ലഭ്യമാക്കി പഠനം തുടരാനാണ് സ്കൂളുകളുടെ തീരുമാനം.
എന്നാൽ മറ്റു ക്ലാസുകളിലെ മാറിയ പാഠപുസ്തകത്തിന് ഓൺലൈൻ ഓർഡർ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. ഓർഡർ നൽകി പണം അടച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്പോയിലെത്തി പുസ്തകം ഏറ്റുവാങ്ങി ഗൾഫിൽ എത്തിക്കുന്നതുവരെ ഈ ക്ലാസുകളിലെ പഠനം എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയുണ്ട്. സിലബസ് മാറിയതിനാൽ മുൻ വർഷത്തെ പുസ്തകം വച്ച് പഠിപ്പിക്കാനുമാകില്ല. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് കാത്തിരിക്കുകയാണ് സ്കൂളുകൾ.
കഴിഞ്ഞ വർഷം 9ാം ക്ലാസിലെ പാഠപുസ്തകം ഗൾഫിലെ സ്കൂളുകളിൽ ഡിസംബർ അവസാന വാരമാണ് എത്തിയത്. ഇതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഗൾഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ പുസ്തകം ലഭ്യമാക്കണമെന്ന് യുഎഇയിലെ വിവിധ സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ഗൾഫിലെ അധ്യാപകർക്ക് അധ്യാപക പരിശീലനം ലഭിക്കാറില്ല.
ഓരോ സ്കൂൾ ഗ്രൂപ്പുകളും സ്വന്തം നിലയ്ക്കാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ഗൾഫിലെ അധ്യാപകർക്കുകൂടി പങ്കെടുക്കാവുന്ന വിധം ഓൺലൈൻ പരിശീലനം നടത്തണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.
പ്രവേശനോത്സവം വ്യത്യസ്ത ദിവസങ്ങളിൽ
തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ക്ലാസുകൾ ക്രമീകരിക്കുന്നതിന്റെയും ഭാഗമായി കെ.ജി. ക്ലാസുകളിലെ പ്രവേശനോത്സവം വിവിധ സ്കൂളുകളിൽ വ്യത്യസ്ത തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പല സ്കൂളുകളിലും രണ്ടോ നാലോ ദിവസം കഴിഞ്ഞാണ് ചെറിയ ക്ലാസുകളിലെ കുട്ടികളെ സ്വീകരിക്കുന്നത്. നവാഗതരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ സ്കൂളുകളിൽ തുടങ്ങി. ബഹുവർണ നിറങ്ങളിൽ ഒരുക്കിയ ക്ലാസ് മുറികളിൽ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ ചുവരുകളിൽ പതിച്ചും അലങ്കരിക്കുന്ന തിരക്കിലായിരുന്നു അധ്യാപകർ.