യുഎഇയിൽ ഫീസ് കുടിശികയുണ്ടെങ്കിൽ പരീക്ഷാഫലം തടയും

Mail This Article
അബുദാബി ∙ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കൽ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തൽ, അടുത്ത അധ്യയന വർഷത്തേക്കുള്ള റജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചു.
തടസ്സമില്ലാത്ത വിദ്യാഭ്യാസ സേവനങ്ങൾ ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. അടച്ച ഫീസിന്റെ രസീതുകൾ സൂക്ഷിച്ചുവയ്ക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
സമയപരിധിക്കകം ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ റജിസ്ട്രേഷന് കാലതാമസമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. ഇതേസമയം സ്കൂൾ ഫീസ് 3 മാസത്തെ (ഒരു ടേം) ഫീസ് ഒന്നിച്ച് അടയ്ക്കാൻ ആവശ്യപ്പെടുന്നത് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്യൂഷൻ ഫീസിനെ പുറമെ വാർഷിക, റീ റജിസ്ട്രേഷൻ ഫീസുകൾ തുടങ്ങിയവ ചേർത്ത് ഈടാക്കുമ്പോൾ കുടുംബ ബജറ്റിനെ ബാധിക്കുന്നതായും മാസത്തിൽ ഫീസ് അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത് ആശ്വാസമാകുമെന്നും ചില രക്ഷിതാക്കൾ പറഞ്ഞു.