ബഹ്‌റൈൻ ട്രാക്കിലെ ഓറഞ്ച് വിസ്മയം: സവിശേഷ ആദരവുമായി രാജ്യം

Mail This Article
മനാമ ∙ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബിഐസി) നടന്ന 2025 ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ മക്ലാരൻ ടീമിലെ ഓസ്‌ക്കാർ പിയാസ്ട്രി ഒന്നാം സ്ഥാനം നേടി. ഇതിന്റെ ആഘോഷത്തിനായി ബഹ്‌റൈനിലുടനീളമുള്ള പ്രധാന ലാൻഡ്‌മാർക്കുകളും സർക്കാർ, സ്വകാര്യ കെട്ടിടങ്ങളും മക്ലാരൻ ടീമിന്റെ നിറമായ ഓറഞ്ചിൽ പ്രകാശപൂരിതമാക്കി.
ബഹ്‌റൈൻ വേൾഡ് ട്രേഡ് സെന്റർ, ഫോർ സീസൺ ഹോട്ടൽ, ബിബികെ ബാങ്ക് തുടങ്ങിയ നിരവധി സ്വകാര്യ, സർക്കാർ കെട്ടിടങ്ങൾ വിജയികൾക്ക് അഭിവാദ്യം അർപ്പിച്ച് ഓറഞ്ച് നിറത്തിൽ തിളങ്ങി. 2025 ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ വിജയകരമായി സംഘടിപ്പിച്ചതിന് സംഘാടകരെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ അഭിനന്ദിച്ചു.
ബഹ്‌റൈൻ ഗ്രാൻഡ് പ്രീയുടെ 21-ാമത് പതിപ്പായ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബിഐസി) നടന്ന പോഡിയം ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ടീം മക്ലാരന്റെ വിജയിയായ ഓസ്‌ക്കാർ പിയാസ്ട്രിക്ക് അവാർഡ് സമ്മാനിച്ചു.

ടീം മെഴ്‌സിഡസിലെ ജോർജ് റസ്സൽ, ടീം മക്ലാരന്റെ ലാൻഡോ നോറിസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പോഡിയം ഫിനിഷർമാരെയും പങ്കെടുത്ത എല്ലാ ടീമുകളെയും രാജകുമാരൻ അഭിനന്ദിച്ചു. ഈ വർഷത്തെ മത്സരത്തെയും അവരുടെ അസാധാരണമായ പ്രകടനത്തെയും മത്സര മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.
ലോകോത്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് പരിപാടിയുടെ തുടർച്ചയായ വിജയം കാണിക്കുന്നതെന്നും അന്താരാഷ്ട്ര കായിക വിനോദങ്ങൾ, പ്രത്യേകിച്ചും മോട്ടർസ്‌പോർട്ടിന്റെ ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പരിപാടിയിലെ ശക്തമായ രാജ്യാന്തര സാന്നിധ്യവും രാജകുമാരൻ എടുത്തുപറഞ്ഞു. ഈ വിജയത്തിനായി പ്രവർത്തിച്ച നിരവധി തൊഴിലാളികളുടെ സമർപ്പണം, സർഗ്ഗാത്മകത, അക്ഷീണ പരിശ്രമം എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു. ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിൽ കഴിഞ്ഞ 21 വർഷമായി ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് ചെലുത്തിയ വലിയ സ്വാധീനവും അദ്ദേഹം ചൂണ്ടിക്കാട്ടി.


മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിലും മോട്ടർസ്‌പോർട്ടിനുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. തുടർന്ന് അദ്ദേഹം സർക്യൂട്ട് സന്ദർശിക്കുകയും മത്സരം ആസ്വദിക്കാൻ ഒത്തുകൂടിയ മോട്ടർസ്‌പോർട്ട് പ്രേമികളുമായി സംവദിക്കുകയും ചെയ്തു.