നിയമലംഘകര്‍ക്ക് 'മാപ്പ്': പിഴ അടയ്ക്കാൻ മൂന്ന് ദിവസം കൂടി; കുവൈത്തില്‍ 22 മുതല്‍ പുതിയ ഗതാഗത നിയമം

Mail This Article
കുവൈത്ത് സിറ്റി∙ പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളവർക്ക് പിഴ ഒടുക്കി നിയമവിധേയമാക്കാനുള്ള അവസരം മൂന്നുനാൾ കൂടി അവന്യൂസ് മാളിൽ ഒരുക്കിയിട്ടുണ്ട്. മാളിലെ ചീസ് ഫാക്ടറിക്ക് സമീപം ഗതാഗത വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് സൗകര്യമുള്ളത്.
അംഗപരിമിതർക്ക് അനുവദിച്ച പാർക്കിങ് ഏരിയയിൽ വാഹനം ഇട്ട കേസുകൾ ഒഴികെ എല്ലാ ലംഘനങ്ങളും പിഴ അടച്ചു മാറ്റുവാൻ അവസരമുണ്ടെന്ന് മീഡിയ വിഭാഗം ക്യാപ്റ്റൻ അബ്ദുള്ള അൽ അദ്‌വാനി മനോരമ ഓൺലൈനോട് പറഞ്ഞു.

മാറ്റാവുന്ന ലംഘനങ്ങൾ താഴെപ്പറയുന്നവയാണ്:
01-ചുവപ്പ് സിഗ്‌നൽ മറികടന്ന കേസുകൾ
02-നിശ്ചിത വേഗപരിധി കഴിഞ്ഞ് മണിക്കൂറിൽ 40 കിലോമീറ്റർ അധിക വേഗം
03-അനുവാദമില്ലാതെ റോഡുകളിൽ നടത്തിയ മത്സരയോട്ടത്തിൽ പിടികൂടിയ വാഹനങ്ങൾ
04-അമിത ശബ്ദംമൂലം പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങൾ
05-അനുമതിയില്ലാതെ വാഹനങ്ങൾ റിപ്പയർ ചെയ്യുക
06-അംഗീകാരം നേടാതെ വാഹനത്തിന്റെ നിറം മാറ്റുക.
07-റോഡിലൂടെ നിയന്ത്രണമില്ലാതെ വളഞ്ഞും തിരിഞ്ഞും വണ്ടി ഓടിക്കുക.

വ്യാഴാഴ്ച വരെ പിഴത്തുക അടയ്ക്കാൻ അവന്യൂസ് മാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയാണ് സമയം. ലംഘകർ സിവിൽ ഐഡിയുമായി നേരിട്ട് എത്തേണ്ടതാണ്. കൗണ്ടറിൽ തന്നെ ഇവ പരിശോധിച്ച് ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റത്തിന് സാഹേൽ ആപ്പ് വഴി പിഴത്തുക അടയ്ക്കാൻ അവസരം നൽകുമെന്ന് ക്യാപ്റ്റൻ അബ്ദുള്ള അൽ അദ്‌വാനി പറഞ്ഞു.
എന്നാൽ, അംഗപരിമിതരുടെ പാർക്കിങ്ങിലുള്ള അതിക്രമത്തിന് സാൽമിയായിലെ തക്കിക്കാത്തിൽ (കുറ്റാന്വേഷണം വിഭാഗം) നിന്നാണ് തീരുമാനം എടുക്കുക. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ അൽ ഖൈറാൻ മാളിലും പിഴ അടയ്ക്കാൻ അവസരം ഒരുക്കിയിരുന്നു. ഇവിടെ നിന്ന് രണ്ടു ദിവസം കൊണ്ട് ബ്ലോക്ക് ചെയ്ത 5,700 ലംഘനങ്ങൾ നീക്കിയിട്ടുണ്ട്. അതുപോലെ പിടിച്ചെടുത്തിട്ടുള്ള 75 വാഹനങ്ങളും തിരിച്ചുനൽകി.
അരനൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഗതാഗത നിയമം പരിഷ്ക്കരിച്ചത് ഈ മാസം 22 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണം മാളുകൾ കേന്ദ്രീകരിച്ചും, സമൂഹമാധ്യമത്തിലൂടെയും ആഭ്യന്തര മന്ത്രാലയം നടത്തി വരുന്നുണ്ട്.