യാത്ര ഇഷ്ടപ്പെടുന്നവർക്ക് 'എന്നെന്നും ചെറുപ്പം' എന്ന് പഠനം; പക്ഷേ, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
Mail This Article
മെൽബൺ ∙ യാത്ര ഇഷ്ടപ്പെടുന്നവരും പതിവായി യാത്രകൾ ചെയ്യുന്നവരുമാണോ നിങ്ങൾ ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത– നിങ്ങളെ കൂടുതൽ ചെറുപ്പമാക്കാൻ യാത്രകൾക്ക് കഴിയുമത്രെ.
ഓസ്ട്രേലിയയിലെ എഡിത് കൊവാൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമാണ് യാത്രകൾ പ്രായം കുറയ്ക്കാൻ സഹായിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സയൻസ് ഡെയ് ലിയിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യാത്രകളുമായി ബന്ധപ്പെട്ട സാമൂഹിക സമ്പർക്കം, മാനസിക ഉന്മേഷം, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം ഇവയെല്ലാം കൂടുതൽ ചെറുപ്പമാക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ പ്രായാധിക്യത്തിന്റെ പ്രക്രിയകളെ സാവധാനത്തിലാക്കാൻ യാത്രകൾക്ക് കഴിയുമെന്നാണ് പറയുന്നത്. ചുരുക്കം പറഞ്ഞാൽ യാത്രകൾ നിങ്ങളെ ചെറുപ്പമാക്കുമെങ്കിൽ പിന്നെയെന്തിനാണ് ആന്റി–ഏജിങ് സെറവും ക്രീമുകളും വാങ്ങി കാശ് ചെലവാക്കുന്നത് എന്നു സാരം.
ടൂറിസം വിശ്രമത്തിനും വിനോദത്തിനും വേണ്ടി മാത്രമല്ലെന്നും വ്യക്തിഗത, പൊതു ആരോഗ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും ഗവേഷണ സംഘത്തിലെ പ്രധാനിയായ ഫാൻഗ്ലി ഹു ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി, പ്രത്യേകിച്ചും വനങ്ങളും ബീച്ചുകളുമുള്ള മനോഹരമായ അന്തരീക്ഷം സഞ്ചാരികളിൽ സ്ട്രസ് കുറയ്ക്കാനും മാനസിക ക്ഷേമം വർധിപ്പിക്കാനും സഹായിക്കുന്നതിനൊപ്പം നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മറ്റ് യാത്രക്കാർ, തദ്ദേശീയർ തുടങ്ങി മൃഗങ്ങൾക്ക് വരെ നമ്മുടെ മനസ്ഥിതി മെച്ചപ്പെടുത്താനും വൈജ്ഞാനിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നതിലേക്കും യാത്രകൾ ഇടയാക്കുമെന്നും വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹൂ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രകളുടെ നേട്ടം കൊയ്യുന്നവർ നിരവധിയാണ്. രോഗങ്ങളെ ചെറുക്കാനോ അല്ലെങ്കിൽ തീവ്രത കുറയ്ക്കാനോ ജീവിത ദൈർഘ്യം നീട്ടാനോ യാത്രകൾ സഹായകമാണ്. യാത്രകൾക്ക് വലിയതോതിലുള്ള നേട്ടങ്ങളുണ്ട്. ഭൂരിഭാഗം പേരും യാത്രകളുടെ നേട്ടങ്ങളും സ്വന്തമാക്കാറുണ്ട്. രോഗങ്ങൾ കുറച്ച് ജീവിത ദൈർഘ്യം കൂട്ടാൻ യാത്രകൾ സഹായിക്കുന്നുണ്ട്.
അതേസമയം യാത്രകളുടെ ദോഷവശങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുന്ന ദോഷകരമായ അനുഭവങ്ങളും യാത്രയിൽ സംഭവിക്കാം. യാത്രക്കിടയിലെ അപകടങ്ങൾ, അക്രമണങ്ങൾ, അണുബാധകൾ, രോഗങ്ങൾ തുടങ്ങിയവ ശാരീരികമായും മാനസികമായും അസ്വസ്ഥമാക്കും. ഇത് പ്രായം കൂട്ടൽ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കും. യാത്രയിലെ ചില സ്ഥലങ്ങൾ ചിലർക്ക് കൂടുതൽ ഉത്കണ്ഠയും നിരാശയും ഉണ്ടാക്കും. ഇത്തരം ദോഷവശങ്ങൾ പക്ഷേ നേട്ടമുണ്ടാക്കില്ല. ഏതു തരം യാത്ര എന്നത് ഓരോ വ്യക്തികളുടെയും സാഹചര്യം, ആവശ്യങ്ങൾ, ആരോഗ്യ സ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യാത്രക്കിടെ ആരോഗ്യത്തിനും മനസിനും ഹാനികരമായ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ഗവേഷകർ ഓർമ്മപ്പെടുത്തുന്നു. ഡിമൻഷ്യ പോലുള്ള വിട്ടുമാറാത്ത രോഗമുള്ളവരെ യാത്രകൾ എങ്ങനെ സഹായിക്കുന്നുവെന്നതിനെക്കുറിച്ചുള്ള അടുത്ത പഠനത്തിനാണ് ഗവേഷകർ തയാറെടുക്കുന്നത്.