ന്യൂയോർക്ക് ടൈംസ്,സിയാന കോളേജ് സർവേ ഫലം: ട്രംപിന് നിരാശ, ബൈഡന് നേട്ടം
Mail This Article
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കാൾ സ്വാധീനം പ്രസിഡന്‍റ് ജോ ബൈഡൻ വർധിപ്പിക്കുന്നതായി ശനിയാഴ്ച പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ്/സിയാന കോളേജ് വോട്ടെടുപ്പ് ഫലം. നേരത്തെ ട്രംപിനുണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ ട്രംപ് നാല് പോയിന്‍റ് ലീഡ് നിലനിർത്തിയിരുന്നു. ഇപ്പോൾ രണ്ട് സ്ഥാനാർഥികളും ഏതാണ്ട് സമാസമമാണ്. വോട്ടർമാരിൽ 47 ശതമാനം പേർ ട്രംപിനെയും 46 ശതമാനം പേർ ബൈഡനെയും പിന്തുണയ്ക്കുന്നു.
ബൈഡന്‍റെ മുന്നേറ്റം ഡെമോക്രാറ്റിക് അടിത്തറയുടെ ഏകീകരണത്തെ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഫെബ്രുവരിയിൽ, അദ്ദേഹത്തിന്‍റെ 2020 വോട്ടർമാരിൽ 85 ശതമാനം പേർ മാത്രമാണ് വീണ്ടും വോട്ട് ചെയ്യുമെന്ന് പറഞ്ഞത്, ഇപ്പോൾ അത് 90 ശതമാനമായി ഉയർന്നു. നേരെമറിച്ച്, ട്രംപിന് തന്‍റെ 2020 വോട്ടർമാരിൽ 3 ശതമാനം നഷ്ടപ്പെട്ടു - ഫെബ്രുവരിയിലെ 97 ശതമാനത്തിൽ നിന്ന് ഏറ്റവും പുതിയ വോട്ടെടുപ്പിൽ 94 ശതമാനമായി കുറഞ്ഞു. ട്രംപുമായുള്ള മത്സരത്തിൽ ബൈഡൻ നേരിയ മുന്നേറ്റം നടത്തിയെങ്കിലും, വോട്ടർമാർ പ്രസിഡന്‍റിനോട് മൊത്തത്തിൽ നിരാശ പ്രകടിപ്പിക്കുന്നു. രണ്ട് പ്രസിഡന്‍റ് സ്ഥാനാർഥികളും വോട്ടർമാർക്കിടയിൽ ജനപ്രിയരല്ല.