ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റ്; സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ ഇന്ന്
Mail This Article
ന്യൂയോർക്ക് ∙ 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. ഉദ്ഘാടനം മുൻ വോളീബോൾ താരവും പാലാ എംഎൽഎയുമായ മാണി സി. കാപ്പൻ നിർവഹിച്ചു.
'ഇറ്റലിയിൽ വച്ച് കാറപകടത്തിൽ 32-മത്തെ വയസ്സിൽ മരിച്ച ജിമ്മിയുടെ സ്മരണാർഥം ഇറ്റലിയിലും ഇതേ രീതിയിലുള്ള ടൂർണമെന്റ് നടത്തിവരുന്നുണ്ട്. എല്ലാ വോളീബോൾ കളിക്കാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ടും ജിമ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ടും 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു' മാണി സി. കാപ്പൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത പാലായിലെ മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന കുര്യാക്കോസ് പാലക്കലും എല്ലാ കളിക്കാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് യോഗത്തിൽ സംസാരിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട മാർച്ച്ഫാസ്റ്റ് അതിമനോഹരമായിരുന്നു. ടൂർണമെന്റിന്റെ എല്ലാ അന്തസത്തയും കാത്തുസൂക്ഷിച്ചുകൊണ്ട് കളികളിൽ പങ്കെടുത്തുകൊള്ളാം എന്ന സത്യവാചകങ്ങൾ ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ് ടീം ക്യാപ്റ്റൻ റയാൻ ഉമ്മൻ ചൊല്ലിക്കൊടുത്തത് എല്ലാ ടീമിന്റെയും ക്യാപ്റ്റന്മാർ ഏറ്റ് ചൊല്ലി. പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. കളികൾ കാണുവാൻ എത്തിച്ചേർന്ന നൂറുകണക്കിന് സ്പോർട്സ് പ്രേമികൾ ആവേശത്തിന്റെ കൊടുമുടിയിൽ ആർത്തുല്ലസിച്ച് കളിക്കാർക്ക് വേണ്ടതായ പ്രോത്സാഹനം ഓരോ കളിയിലും നൽകി. അതി മനോഹരമായ വോളീബോൾ കളികളാണ് കാണികളെല്ലാം കൺകുളിർക്കെ കണ്ടാസ്വദിച്ചത്.
ശനിയാഴ്ചത്തെ ആവേശകരമായ മത്സരങ്ങളിൽ പതിനഞ്ച് ടീമുകൾ മുപ്പതിലധികം കളികളാണ് കാഴ്ചവച്ചത്. അതിൽ വിജയികളായവർ ഞായറാഴ്ച പത്തുമണിമുതൽ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നീ ഇനങ്ങളിലായി വീണ്ടും മാറ്റുരക്കുന്നതാണ്. പതിനെട്ടു വയസ്സിൽ താഴെയുള്ള കളിക്കാരുടെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സമ്മാനദാനം നിർവ്വഹിക്കുന്നതാണ്. ആവേശകരമായ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ നൂറുകണക്കിന് സ്പോർട്സ് പ്രേമികളാണ് തയാറെടുത്തിരിക്കുന്നത്. ആവേശത്തിന്റെ ഒരുനാൾ കൂടി ഇനി ബാക്കി.