മനുഷ്യരുടെ വൃഷ്ണങ്ങളില് മൈക്രോപ്ലാസ്റ്റിക്‌സ് സാന്നിധ്യം; ബീജത്തിന്റെ എണ്ണം കുറയ്ക്കും
Mail This Article
നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത വിധം സൂക്ഷ്‌മമായ പ്ലാസ്സ്‌റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്‌സ്. നമ്മുടെ ഭക്ഷണസാധനങ്ങളിലൂടെയും പാനീയങ്ങളിലൂടെയും ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇവ മനുഷ്യരുടെ വൃഷ്‌ണസഞ്ചികളില്‍ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്‌ക്കാമെന്ന് ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ആദ്യം നായ്‌ക്കളിലും പിന്നീട് മനുഷ്യരിലുമാണ് പഠനം നടത്തിയത്. പിവിസി അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകള്‍ പലതരത്തിലുള്ള രാസവസ്‌തുക്കള്‍ പുറന്തള്ളുന്നുണ്ടെന്നും ഇവ ബീജമുണ്ടാകുന്ന പ്രക്രിയയെ തടസ്സപ്പെടുത്താമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ രക്തത്തിലും ഗര്‍ഭസ്ഥശിശുവിലും മറുപിള്ളയിലും മാത്രമല്ല മുലപ്പാലില്‍ വരെ മെക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം അടുത്ത കാലത്ത് സ്ഥിരീകരിച്ചിരുന്നു.
കടലിന്റെ ആഴങ്ങള്‍ മുതല്‍ എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയില്‍ വരെ കാണുന്ന സര്‍വവ്യാപിയായ മൈക്രോപ്ലാസ്റ്റിക്കുകള്‍ നിത്യേനയെന്നോണം മനുഷ്യരുടെ ഉള്ളിലെത്തുന്നുണ്ട്. ഇത് കോശസംയുക്തങ്ങളില്‍ തങ്ങി നിന്ന് നീര്‍ക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. രക്തക്കുഴലുകളിലെ മൈക്രോപ്ലാസ്റ്റിക്‌സ് സാന്നിധ്യം പക്ഷാഘാതത്തിന്റെയും അകാലമരണത്തിന്റെയും സാധ്യത വര്‍ധിപ്പിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ടോക്‌സിക്കോളജിക്കല്‍ സയന്‍സസ് ജേണലിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മഴ നനഞ്ഞാൽ പനി വരുമോ? വിഡിയോ