സിഫിലിസ് നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാം; ലക്ഷണങ്ങൾ ഇവ
Mail This Article
ട്രെപോണെമ പല്ലിഡം എന്ന ബാക്‌ടീരിയ മൂലം ഉണ്ടാകുന്ന ലൈംഗിക രോഗമാണ് സിഫിലിസ്. ലൈംഗിക അവയവങ്ങളിലും മലദ്വാരത്തിലും വായിലും പ്രത്യക്ഷപ്പെടുന്ന കുരുക്കളാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. ലൈംഗിക ബന്ധത്തിലൂടെ ഈ ബാക്ടീരിയ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഗർഭാവസ്ഥയിലും പ്രസവത്തിലും മുലയൂട്ടലിലും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും സിഫിലിസ് പകരാം.
ചികിത്‌സിക്കാതെ വിട്ടാൽ പിന്നീട് ചർമ്മത്തെയും ഹൃദയാരോഗ്യത്തെയും നാഡിവ്യൂഹ സംവിധാനത്തെയും വരെ സിഫിലിസ് ബാധിക്കാം . ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 12 ആഴ്ചകൾക്കുള്ളിൽ കുരുക്കൾ പ്രത്യക്ഷമാകും. ഈ കുരുക്കൾ ചിലപ്പോൾ തനിയെ ദേദമാകാമെങ്കിലും അണുബാധ മാറില്ല. കുരുക്കൾ പ്രത്യക്ഷപ്പെട്ട് ഒന്ന് മുതൽ ആറ് മാസത്തിനുള്ളിൽ കൈപ്പത്തിയും, കാൽപ്പത്തിയും അടക്കം ശരീരമാസകലം ചൊറിച്ചിൽ ഇല്ലാത്ത തിണർപ്പുകൾ പ്രത്യക്ഷമാകാം. പനി, ക്ഷീണം, പേശി വേദന, ഭാരനഷ്‌ടം, ലിംഫ് നോഡുകൾ വീർക്കൽ പോലുള്ള ലക്ഷണങ്ങളും ഈ ഘട്ടത്തിൽ പ്രകടമാകാം. അടുത്ത ഘട്ടത്തിൽ അണുബാധ ഹൃദയം, എല്ലുകൾ, നാഡീവ്യൂഹം എന്നിവയെയെല്ലാം ബാധിച്ചെന്ന് വരാം. ഈ ഘട്ടത്തിൽ രോഗ വ്യാപനത്തിന് സാധ്യത കുറവാണ്. അവസാന ഘട്ടങ്ങളിൽ തലച്ചോറിന് ക്ഷതം, ഹൃദ്രോഗം, ചലന പ്രശനങ്ങൾ, ചുഴലി, കാഴ്ച പ്രശ്നം, അന്ധത എന്നിവയ്‌ക്ക് വരെ സിഫിലിസ് കാരണമാകാം.
രക്‌തമോ, കുരുകളിൽ നിന്നുള്ള ദ്രാവകമോ പരിശോധിച്ചാൻ സിഫിലിസ് രോഗനിർണ്ണയം നടത്താൻ സാധിക്കും. സിഫിലിസ് മൂലം നാഡിവ്യൂഹ തകരാർ ഉള്ളവരിൽ നട്ടെല്ലിൽ നിന്നുള്ള ദ്രാവകമെടുത്തും പരിശോധനകൾ നടത്താറുണ്ട്. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്തിയാൽ പെൻസിലിൻ മരുന്ന് ഉപയോഗിച്ച് ലളിതമായി ഈ രോഗം ചികിത്‌സിച്ച് മാറ്റവുന്നതാണ്.പെൻസിലിൻ അലർജിയുള്ളവർക്ക് മറ്റ് ആൻ്റിബയോട്ടിക്കുകൾ നൽകുകയോ, പെൻസിലിൻ അലർജി പതിയെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതാണ്.
ചികിത്‌സയ്ക്ക‌് ശേഷം തുടർ രക്ത പരിശോധനകളിലൂടെ ഇതിൻ്റെ ഫലപ്രാപ്‌തി വിലയിരുത്തും. ചികിത്‌സാ സമയത്ത് പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്. സിഫിലിസ് രോഗബാധ സ്‌ഥിരീകരിച്ചർ ഇതിനെ പറ്റി ലൈംഗിക പങ്കാളികളോട് വെളിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്: വിഡിയോ