സ്തനാര്‍ബുദം വരുന്നത് സ്ത്രീകള്‍ക്കു മാത്രമല്ല , ശ്രദ്ധ വേണം പുരുഷന്മാർക്കും
Mail This Article
സ്ത്രീകള്‍ക്കു മാത്രമല്ല ചിലപ്പോഴൊക്കെ പുരുഷന്മാര്‍ക്കും വരാവുന്ന ഒന്നാണ് സ്തനാര്‍ബുദം. അപൂര്‍വമായതിനാല്‍ തന്നെ സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാര്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും വൈകാറുണ്ട്. ആകെയുള്ള സ്തനാര്‍ബുദ കേസുകളില്‍ ഒരു ശതമാനമാണ് പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യതയെന്ന് വിവിധ രാജ്യങ്ങളിലെ ഡേറ്റകള്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വെയ്‌ലന്‍സ്, എപ്പിഡെമോളജി ആന്‍ഡ് എന്‍ഡ് റിസള്‍ട്ട് പ്രോഗ്രാം അനുസരിച്ച് 2005നും 2010നും ഇടയില്‍ അവിടെ റിപ്പോര്‍ട്ട് ചെയ്ത 2,89,673 സ്തനാര്‍ബുദ കേസുകളില്‍ 2054 എണ്ണം പുരുഷന്മാരിലായിരുന്നു. ആഗോളതലത്തില്‍ പല രാജ്യങ്ങളിലും ഈ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്ത്യയിലും പുരുഷന്മാരിലെ സ്തനാര്‍ബുദ കേസുകള്‍ ആകെയുള്ളതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്. പല പുരുഷന്മാരിലും 60-70 വയസ്സിലാണ് ഈ അര്‍ബുദം വരാറുള്ളതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രായം കൂടും തോറും പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുമെന്ന് ഡല്‍ഹി സികെ ബിര്‍ല ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി ഡയറക്ടര്‍ ഡോ. മന്‍ദീപ് സിങ് മല്‍ഹോത്ര എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രായത്തിനു പുറമേ ശരീരത്തിലെ ഉയര്‍ന്ന തോതിലുള്ള ഈസ്ട്രജന്‍, ചില തരം രോഗങ്ങള്‍, സ്തനാര്‍ബുദത്തിന്റെ കുടുംബ ചരിത്രം, ജനിതകപരമായ ചില വ്യതിയാനങ്ങള്‍, റേഡിയേഷന്‍ എന്നിവയും പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യത ഉയര്‍ത്താം. കടുത്ത കരള്‍ രോഗം പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലിവര്‍ സിറോസിസ് പോലെയുള്ള അസുഖങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോത് വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം.
പുരുഷന്മാരിലെ സ്തനാര്‍ബുദത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍ ഇവയാണ്:
1. മുഴ
സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളില്‍ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാര്‍ബുദത്തിന്റെ ആദ്യലക്ഷണം
2. സ്തനത്തില്‍ ചുവപ്പ്, വരണ്ട ചര്‍മ്മം
മുലക്കണ്ണിനുചുറ്റും ചുവപ്പുനിറവും ചര്‍മം വരണ്ടിരിക്കുന്നതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
3. മുലക്കണ്ണില്‍ നിന്നും ദ്രാവകം
ഷര്‍ട്ടില്‍ കറ പോലെയുള്ള പാട് കാണപ്പെടുമ്പോള്‍ ആദ്യം അത് ചായയോ കാപ്പിയോ വീണതാണെന്ന് നാം കരുതും. പക്ഷേ ഈ കറ എപ്പോഴും നെഞ്ചിന്റെ ഒരേ ഇടത്തിലാണ് കാണപ്പെടുന്നതെങ്കില്‍ അവ മുലക്കണ്ണില്‍ നിന്നും പുറപ്പെടുന്ന ദ്രാവകം മൂലമായിരിക്കാം. ഇതും സ്തനാര്‍ബുദത്തിന്റെ ലക്ഷണമാണ്.
4. മുലക്കണ്ണില്‍ പ്രകടമായ മാറ്റം
മുഴ വരുമ്പോള്‍ ലിഗമെന്റുകള്‍ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാല്‍ മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നത് പോലെ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ചിലരില്‍ ചെതുമ്പല്‍ പോലെയുള്ള ചര്‍മവും ഈ ഭാഗത്ത് ഉണ്ടാകും
5. മുലക്കണ്ണില്‍ മുറിവടയാളം
ഒരു മുഖക്കുരു പറിച്ചെടുക്കുമ്പോള്‍ കാണുന്നതുപോലെയുള്ള മുറിവ് മുലക്കണ്ണില്‍ പ്രത്യക്ഷപ്പെടുന്നതും സ്തനാര്‍ബുദത്തിന്റെ ലക്ഷണമാണ്.
മാമോഗ്രാം (Mammography), സ്തനങ്ങളുടെ അള്‍ട്രാസൗണ്ട്, സ്തനങ്ങളിലെ മുഴകളുടെ ബയോപ്‌സി, മുലയില്‍ നിന്ന് വരുന്ന ദ്രാവകത്തിന്റെ പരിശോധന എന്നിവ രോഗനിര്‍ണ്ണയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ശസ്ത്രക്രിയ, ഹോര്‍മോണല്‍ തെറാപ്പി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ചികിത്സ. രോഗം മൂര്‍ച്ഛിച്ച കേസുകളില്‍ കീമോതെറാപ്പിയും റേഡിയേഷനും വേണ്ടി വരാറുണ്ട്. പുരുഷന്മാരിലെ സ്തനാര്‍ബുദത്തെ കുറിച്ചും കൂടുതല്‍ ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കാൻസറിനെ അതിജീവിച്ച മാലാഖ: വിഡിയോ