ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Mail This Article
എല്ലാവരുടെയും സ്വപ്നമാണ് വീട്. കഷ്ടപ്പാടുകൾക്കൊടുവിൽ വീടുപണി പൂർത്തിയാക്കി ഗൃഹപ്രവേശത്തിന് ഒരുങ്ങുംമുൻപ് അറിഞ്ഞിരിക്കേണ്ട ചില അവസാനവട്ട കാര്യങ്ങളുണ്ട്.
∙ഗൃഹപ്രവേശത്തിന്റെ തീയതി ഒരു മാസം മുൻപെങ്കിലും തീരുമാനിച്ച് ഡിസൈനറെയും കോൺട്രാക്ടറെയും അറിയിക്കണം.
∙സർക്കാർ തലത്തിലുള്ള റവന്യൂ ടാക്സ് അടച്ച്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലത്തിൽ നൽകാനുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലൈസൻസിയുടെ കയ്യിൽ നിന്നും വാങ്ങി സമർപ്പിക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് / വീട്ട് നമ്പർ ലഭിക്കൂ.
∙പ്ലമിങ് / വയറിങ് സംബന്ധമായ വർക്കുകളും എല്ലാ സിവിൽ വർക്കുകളും പൂർത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിന്റിങ് നൽകുക.
∙വാട്ടർലൈനുകൾ, മറ്റ് പ്ലമിങ് ലൈനുകൾ ഇവ ചാർജ് ചെയ്ത് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.
∙ലൈറ്റിങ് (ഇലക്ട്രിഫിക്കേഷൻ) പരിശോധിച്ച്, സ്വിച്ചുകൾ എല്ലാം പ്രവർത്തിക്കുന്നു എന്നും, മറ്റ് ഡാമേജുകളില്ല എന്നും കൃത്യതയോടെ ഉറപ്പാക്കുക.
∙ജനാലകൾ/ കതകുകൾ, മറ്റ് കബോഡ്/ ഫർണിച്ചറുകൾ ഇവയ്ക്ക് വുഡ് പോളീഷാണ് ചെയ്യുന്നതെങ്കിൽ പെയിന്ററെ ധരിപ്പിച്ച്, ഗൃഹപ്രവേശത്തിന് ഒരു മാസം മുൻപെങ്കിലും ജോലി ആരംഭിക്കണം.
∙വീട്ടിൽ ഉപയോഗിക്കുന്ന ബ്രാൻഡ് സാധനങ്ങളുടെ മുഴുവൻ വാറന്റി, ഗ്യാരന്റി, ബില്ലുകൾ പ്രത്യേകം സൂക്ഷിച്ചു വയ്ക്കണം.
∙കോമ്പൗണ്ട് വോൾ, ഗേറ്റ്, മറ്റ് ലാൻഡ് സ്കേപ്പിങ് പണികൾ, വീടിന്റെ അകം ഫൈനൽ പെയിന്റിങ്ങിന് മുൻപ് പൂർത്തീകരിക്കുന്നതാണ് ഉത്തമം.
∙ഫിനിഷിങ് ജോലികൾക്ക് മതിയായ സമയം നൽകിയില്ലെങ്കിൽ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
∙ഗൃഹപ്രവേശത്തിനു 48 മണിക്കൂർ മുൻപു തന്നെ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ് ഫ്ളോറിങ്ങാണെങ്കിൽ ഓയിൽ പഫ് ചെയ്യണം.
∙മേൽപ്പറഞ്ഞ പണികൾ തീർത്ത് പിറ്റേന്ന് രാവിലെ തന്നെ ഫർണിച്ചറുകൾ യഥാസ്ഥാനങ്ങളിൽ അറേഞ്ച് ചെയ്യാം. ഫൈനൽ ടച്ചിങ് പെയിന്റിങ് വേണമെങ്കിൽ ഫർണിച്ചർ അറേഞ്ച്മെന്റിനു ശേഷം െചയ്തു തീർക്കാം.
∙കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിശ്വാസമനുസരിച്ച് പല രീതികളിൽ ഗൃഹപ്രവേശ ചടങ്ങുകൾ നടത്താറുണ്ട്. ഐശ്വര്യപൂർണമായ ജീവിതത്തിലേക്ക് നയിക്കുന്ന പാലുകാച്ചൽ ചടങ്ങുകൾ പോസിറ്റീവ് എനർജി പ്രദാനം ചെയ്യുമെന്നതിൽ തര്‍ക്കമില്ല.
English Summary: Check list for Housewarming - Home Tips