എല്ലാ മാസവും വലിയ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി ഉപഭോക്താവ്; ട്വിസ്റ്റ്
Mail This Article
അമേരിക്കക്കാരനായ കെൻ വിൽസൺ 2006 ലാണ് കലിഫോർണിയയിലെ വക്കവില്ലിൽ സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്. അന്നുമുതൽ ഇങ്ങോട്ട് കെൻ തനിച്ചാണ് അവിടെ താമസം. എന്നാൽ താമസം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കു ശേഷം തൻ്റെ ഉപയോഗത്തിനേക്കാൾ അധികമാണ് വൈദ്യുതി ബിൽ എന്ന് കെന്നിന് തോന്നിയിരുന്നു. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും പിന്നീടങ്ങോട്ട് ബിൽ തുക അസാധാരണമാംവിധം അധികമാണെന്ന് തോന്നിയതോടെ അദ്ദേഹം കാരണം അന്വേഷിച്ചിറങ്ങി. 15 വർഷങ്ങളായി താൻ അയൽക്കാരന്റെ വൈദ്യുതി ബില്ല് കൂടി അടക്കുകയായിരുന്നു എന്നാണ് ഒടുവിൽ കെൻ കണ്ടെത്തിയത്.
പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് എന്ന കമ്പനിയുടെ ഉപഭോക്താവാണ് കെൻ. നാളുകൾ ചെല്ലുംതോറും വൈദ്യുതി ബില്ല് വർധിക്കുന്നതായി കണ്ടതോടെ സ്വന്തം ഉപഭോഗം കുറയ്ക്കാൻ എല്ലാവിധ മാർഗങ്ങളും അദ്ദേഹം സ്വീകരിച്ചു. എന്നാൽ എത്രയൊക്കെ ചുരുക്കി ചെലവാക്കിയിട്ടും വൈദ്യുതി ബിൽ ഉയർന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. വീട്ടിലെ ഓരോ ഇലക്ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതി ഉപഭോഗം എത്രയെന്ന് ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേക ഉപകരണം പോലും അദ്ദേഹം വാങ്ങി സ്ഥാപിച്ചു.
എല്ലാ ഉപകരണങ്ങളും നിർത്തിവച്ച ശേഷവും മീറ്റർ വീണ്ടും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഇതേത്തുടർന്ന് വൈദ്യുതി കമ്പനിയെ വിവരമറിയിക്കുകയായിരുന്നു. തുടക്കത്തിൽ മീറ്റർ തകരാറിലായതാണെന്നാണ് കെൻ കരുതിയത്. എന്നാൽ കമ്പനിയുടെ പ്രതിനിധി വീട്ടിലെത്തി പരിശോധിച്ചപ്പോൾ മാത്രമാണ് അയൽക്കാരൻ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാർജ് കൂടിയാണ് കെൻ ഇക്കാലമത്രയും നൽകിക്കൊണ്ടിരുന്നത് എന്ന് വെളിവായത്. 2009 മുതൽ ഇങ്ങോട്ട് അയൽക്കാരന്റെ വൈദ്യുതി ബില്ല് കൂടി അടച്ചിരുന്നത് താനാണ് എന്നറിഞ്ഞ കെൻ ഞെട്ടിപ്പോയി.
വൈദ്യുതി കമ്പനി നടത്തിയ വിശദമായ അന്വേഷണത്തിൽ 2009 മുതൽ കെന്നിന്റെ അയൽക്കാരന്റെ മീറ്റർ നമ്പർ പ്രകാരമുള്ള ബില്ല് മറ്റൊരു അപ്പാർട്ട്മെന്റിലേയ്ക്കാണ് എത്തുന്നത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാലമത്രയും ഇത് ശ്രദ്ധയിൽ പെടാതിരുന്നതിനും കെന്നിന് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി കമ്പനി പ്രതിനിധി അറിയിക്കുന്നു. എന്നാൽ അടുത്ത ബില്ലിങ് സൈക്കിൾ വരെ നിലവിലെ അവസ്ഥയിൽ മാറ്റം ഉണ്ടാകില്ല എന്നതാണ് പ്രധാന കാര്യം. അതിനുശേഷം പ്രശ്നം പരിഹരിക്കുന്നതോടെ കെന്നിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ മാത്രം ചാർജ് നൽകിയാൽ മതിയാകും. എന്നാൽ ഇത്രയും കാലം അയൽക്കാരൻ നൽകിയിരുന്ന ബിൽ തുക എത്രയായിരുന്നു എന്നതും കെന്നിന് നഷ്ടപരിഹാരം ലഭിക്കുമോ എന്നതും സംബന്ധിച്ച് വ്യക്തതയില്ല.