കുതിപ്പ് തുടർന്ന് നാളികേരം; ലോകത്തെ ഞെട്ടിച്ച് പുതിയ നാളികേര ശക്തിയായി വളരുന്ന വിയറ്റ്നാം: ഇന്നത്തെ (25/3/25) അന്തിമ വില

Mail This Article
ആഗോള തലത്തിൽ നാളികേര ക്ഷാമം രൂക്ഷമായതിനിടയിൽ വിപണിയിലെ പുതിയ ശക്തിയായി വളരുന്ന വിയറ്റ്‌നാമിൽനിന്നും ഞെട്ടിക്കുന്ന വിവരം. അവിടെ നാളികേര ഉൽപാദനം 50 ശതമാനം കുറയുമെന്നാണ് ഉൽപാദകരുടെ വിലയിരുത്തൽ. മറ്റ് ഉൽപാദക രാജ്യങ്ങളിലെന്ന പോലെ കാലാവസ്ഥ വ്യതിയാനം തന്നെയാണ് വിയറ്റ്‌നാമിലും വിളവ് ചുരുങ്ങാൻ ഇടയാക്കിയത്. ഏതാനും മാസങ്ങളായി അവർ ചൈനയിലേക്കു തേങ്ങയും കരിക്കും കയറ്റുമതി തുടങ്ങിയിട്ട്. രാജ്യാന്തര തലത്തിൽ ചരക്കു ലഭ്യത കുറഞ്ഞതിനാൽ ബെയ്‌ജിങ്ങിൽനിന്നു വൻ ഓർഡറുകൾ വിയറ്റ്‌നാമിന് ലഭിച്ചെങ്കിലും കയറ്റുമതിക്കാർ ചരക്കുക്ഷാമത്തിൽ നക്ഷത്രമെണ്ണുന്നു. നേരത്തെ തായ്‌ലൻഡും മലേഷ്യയും മാത്രമാണ് വിയറ്റ്‌നാമിൽനിന്നുള്ള നാളികേരം ശേഖരിച്ചിരുന്നത്. ഒക്‌ടോബറിൽ അവർ ചൈനയിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ സ്ഥിതിഗതികൾ പാടെ മാറി മറിഞ്ഞു. പിന്നിട്ട വർഷത്തെ അപേക്ഷിച്ച് വിയറ്റ്‌നാമിൽ നാളികേര വില 110 ശതമാനം ഉയർന്നപ്പോൾ കൊപ്ര വിലയിൽ 150 ശതമാനം കുതിച്ചുചാട്ടം സംഭവിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ കർഷകർ വരും വർഷങ്ങളിൽ നാളികേര കൃഷിയിൽ ഭാഗ്യപരീക്ഷണങ്ങൾക്ക് നീക്കം നടത്താം. കേരളത്തിൽ വെളിച്ചെണ്ണ കൊപ്ര വിലകൾ ഇന്ന് 300 രൂപ വർധിച്ചു. വിളവെടുപ്പ് വേളയെങ്കിലും ചരക്ക് ക്ഷാമം ഇവിടെയും രൂക്ഷമാണ്. കൊപ്ര ക്വിന്റലിന് 17,200 രൂപയായും വെളിച്ചെണ്ണ 25,600 രൂപയായും കയറി.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ ജാപ്പനീസ് യെന്നിനു വീണ്ടും കാലിടറുന്നു. യെൻ മൂന്നാഴ്‌ചകളിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്ക് നീങ്ങിയത് റബർ അവധി വ്യാപാരത്തിൽ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ പ്രേരിപ്പിച്ചു. ഒസാക്ക എക്‌സ്‌ചേഞ്ചിൽ പിന്നിട്ടവാരം ഇടപാടുകളുടെ വ്യാപ്‌തിയിൽ ഓഗസ്റ്റ് അവധിക്ക് സംഭവിച്ച കുറവ് കണക്കിലെടുത്താൽ റബറിന് 100 ദിവസത്തെ ശരാശരിയായ 367 യെന്നിൽ പ്രതിരോധം തല ഉയർത്താം. വ്യാപാരാന്ത്യം നിരക്ക് 357 യെന്നിലാണ്. ബാങ്കോക്കിൽ റബർ വില കിലോ 209 രൂപ. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 205 രൂപ.

കൊച്ചി ടെർമിനൽ മാർക്കറ്റിൽ പിന്നിട്ട രണ്ട് ദിവസങ്ങളിൽ കുരുമുളക് വരവ് 40 ടണ്ണിൽ ഒതുങ്ങിയെങ്കിലും വാങ്ങലുകാരിൽ നിന്നും ചരക്ക് സംഭരണത്തിന് കാര്യമായ തിടുക്കം ദൃശ്യമായില്ല. പണത്തിന് അനുഭവപ്പെടുന്ന ഞെരുക്കം മുൻ നിർത്തി ഒരു വിഭാഗം വാങ്ങലുകാർ അൽപ്പം വിട്ടു നിൽക്കുകയാണ്. അതേസമയം വിപണിയുടെ അടിയോഴുക്ക് അളക്കുകയാണ് അന്തർ സംസ്ഥാന ഇടപാടുകാർ. അൺ ഗാർബിൾഡ് കുരുമുളക് 68,700 രൂപയിൽ സ്‌റ്റെഡിയാണ്.
ഏലക്ക സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിക്കുകയാണ്. ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി വിൽപ്പനയ്‌ക്ക് എത്തിയ 78,726 കിലോ ഏലക്ക പൂർണമായി വിറ്റഴിഞ്ഞു. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത മാസം മുതൽ ലഭ്യത ഗണ്യമായി കുറുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. ഇന്ന് സുഗന്ധഗിരിയിൽ നടന്ന ലേലത്തിൽ 45,062 കിലോ ചരക്കിന്റെ ഇടപാടുകൾ നടന്നു. ശരാശരി ഇനങ്ങൾ കിലോ 2532 രൂപയിൽ കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക