കുരുമുളകിൽ ചൂടൻ വാർത്ത, അമ്പരപ്പിക്കും വിലക്കയറ്റം; റബറിൽ വൻ ഇടിവ്: ഇന്നത്തെ (01/04/2025) അന്തിമ വില

Mail This Article
പെരുന്നാൾ രാവിന് ശേഷം ചൂടൻ വാർത്ത കുരുമുളകു വിപണിയിൽനിന്നു പുറത്തുവരുമെന്നു കഴിഞ്ഞ ദിവസം കർഷകശ്രീ ഉൽപാദകർക്കു നൽകിയ സൂചന ശരിവച്ച് ഉൽപന്നവില ക്വിൻറ്റലിന് 900 രൂപ ഒറ്റയടിക്കു വർധിച്ചു. ഗാർബിൾഡ് മുളക് 71,900 രൂപയിലും അൺ ഗാർബിൾഡ് കുരുമുളക് 69,900 രൂപയിലും വിപണനം നടന്നു. ആഭ്യന്തര വാങ്ങലുകാരിൽനിന്നുള്ള ശക്തമായ ഡിമാൻഡും രൂക്ഷമായ ചരക്കുക്ഷാമവും വിലക്കയറ്റത്തിനു വേഗം സമ്മാനിച്ചു. ഇതര ഉൽപാദകരാജ്യങ്ങളിൽ മുളകിനു കടുത്തക്ഷാമം തുടരുന്നു.
ഓട്ടോമോട്ടീവ് നിർമാണവുമായി അടുത്ത ബന്ധം നിലനിർത്തുന്ന ടയർ വ്യവസായ മേഖലയെ അമേരിക്കയുടെ വർധിപ്പിച്ച നികുതി വൻ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പുതിയ മാസത്തെ ആദ്യ ദിനത്തിൽ റബർ വിപണികൾ തളർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. ഇറക്കുമതി നടത്തുന്ന കാറുകൾക്കും ചെറു വാഹനങ്ങൾക്കും ഇന്നു മുതൽ പുതിയ ഇറക്കുമതി നികുതി അമേരിക്കയിൽ പ്രാബല്യത്തിൽ വന്നു. ചൈനീസ് വ്യവസായത്തെ പിടിച്ചുലയ്‌ക്കുന്ന നീക്കങ്ങളിൽ ഭയന്ന് റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ വിൽപ്പനക്കാരായത് വിലയെ ബാധിച്ചു. രണ്ടാഴ്‌ചയായി വാങ്ങൽ താൽപര്യം കുറഞ്ഞതിനാൽ ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഇടപാടുകളുടെ വ്യാപ്‌തി ചുരുങ്ങി. ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ റബർ വില ഇടിഞ്ഞത് റബർ ഉൽപാദകരാജ്യങ്ങളെയും ഞെട്ടിച്ചു. ബാങ്കോക്കിൽ വെള്ളിയാഴ്‌ച കിലോ 206 രൂപയിൽ ഇടപാടുകൾ നടന്ന റബർ ഇന്ന് 201ലേക്ക് ഇടിഞ്ഞു. വിദേശ മാർക്കറ്റുകളിലെ തളർച്ച ഇന്ത്യൻ റബറിൽ പ്രതിഫലിച്ചില്ല. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 207 രൂപ.

വണ്ടൻമേട്ടിൽ നടന്ന ഏലക്ക ലേലത്തിൽ ഏകദേശം 60,000 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 59,498 കിലോയും ഇടപാടുകാർ ഉത്സാഹതോടെ ശേഖരിച്ചു. ഉത്സവ ദിനങ്ങൾ മുന്നിൽ കണ്ട് ഏലക്ക വാരി കൂട്ടാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും മത്സരിച്ചെങ്കിലും അതിന് അനുസൃതമായ ഒരു മുന്നേറ്റം ലേലത്തിൽ ദൃശ്യമായില്ല. ശരാശരി ഇനങ്ങൾ കിലോ 2794 രൂപയിലും മികച്ചയിനങ്ങൾ കിലോ 3260 രൂപയിലും കൈമാറി. പെരുന്നാൾ കഴിഞ്ഞതോടെ ഗൾഫ് മേഖലയിൽനിന്നുള്ള ആവശ്യക്കാർ കുറഞ്ഞു, എന്നാൽ ഈസ്റ്റർ ഡിമാൻഡ് തുടരുന്നു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക