ADVERTISEMENT

മരങ്ങളുെട തോഴനാണ് അനീഷ്. പ്രഭാതം മുതൽ പ്രദോഷം വരെ വൃക്ഷത്തൈകളുടെ നടീലും പരിചരണവും മാത്രമാണ് പൊന്നാനി വെളിയംകോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ജോലി. ഫലവൃക്ഷങ്ങളുെട തോട്ടമുണ്ടാക്കുക, ബോൺസായ് വൃക്ഷങ്ങൾ ഉണ്ടാക്കുക, ഉപേക്ഷിക്കപ്പെട്ട മരങ്ങൾ ദത്തെടുത്തുവളർത്തുക, പ്രായാധിക്യവും രോഗവും മൂലം നാശത്തിലേക്കു നീങ്ങുന്ന മരങ്ങൾക്ക് പുനർയൗവനം നൽകുക തുടങ്ങി അവയുടെ ക്ഷേമത്തിനു തന്നാലാവുന്നതെല്ലാം ചെയ്യുന്നതിലൂടെ സന്തോഷവും സമ്പാദ്യവും കണ്ടെത്തുകയാണ് ഈ വൃക്ഷസ്നേഹി. 

പുതിയ വീടു വയ്ക്കുന്നവരെല്ലാം സ്വന്തമായി ഒരു പഴവർഗത്തോട്ടമുണ്ടാക്കാൻ കൊതിക്കുന്ന കാലമാണിത്. അങ്ങനെയുള്ളവർക്ക് നല്ല ഇനം ഫലവൃക്ഷങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്നെത്തിച്ച് അവയുെട തോട്ടമുണ്ടാക്കി നൽകുകയാണ് അനീഷിന്റെ മുഖ്യ ബിസിനസ്. പത്തു സെന്റിലായാലും പത്തേക്കറിലായാലും പഴത്തോട്ടമുണ്ടാക്കാൻ അനീഷ് തയാർ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ ധാരാളമാളുകൾ പഴവർഗത്തോട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് അനീഷിന്റെ പക്ഷം. ഒരു വർഷം 150–200 തോട്ടങ്ങൾക്കുള്ള ഓർഡർ അനീഷിനുതന്നെ കിട്ടുന്നുണ്ട്, ഫലവൃക്ഷത്തോട്ടമുണ്ടാക്കുന്നതിന്റെ ചെലവ് അതിലെ മരങ്ങളുെട ഇനവും പ്രായവും വലുപ്പവും സ്ഥലത്തിന്റെ സവിശേഷതകളുമനുസരിച്ച് വ്യത്യാസപ്പെടുമെന്ന് അനീഷ് ചൂണ്ടിക്കാട്ടി. എങ്കിലും 5000–12,000 രൂപ മുടക്കിയാൽ പത്തു സെന്റിൽ സാമാന്യം ഭേദപ്പെട്ട ഫലവൃക്ഷത്തോട്ടമുണ്ടാ ക്കാമെന്നാണ് അനീഷിന്റെ പക്ഷം. ചെടിയുടെ വിലയ്ക്കു പുറമെ വളങ്ങളുെടയും വളർച്ചാത്വരകങ്ങളുെടയും വിലയും പണിക്കൂലിയും ഉൾപ്പെടെയാണിത്. 

മാവ്, പ്ലാവ്, റമ്പുട്ടാൻ, ചാമ്പ, മാംഗോ സ്റ്റിൻ, സ്റ്റാർ ഫ്രൂട്ട് എന്നിങ്ങനെ വിവിധയിനം ഫലവൃക്ഷങ്ങളുെട നീണ്ട നിര തന്നെയുണ്ട്. ഇവയിൽനിന്ന് കസ്റ്റമറുടെ താൽപര്യമനുസരിച്ച് വൃക്ഷത്തൈകൾ തിരഞ്ഞെടുത്ത് നടുകയാണ് പതിവ്. അന്തരീക്ഷ താപനില, കാറ്റ്, മണ്ണിന്റെ സ്വഭാവം എന്നിവയൊക്കെ പരിഗണിച്ചു വേണം വൃക്ഷത്തൈകൾ തിരഞ്ഞെടുക്കാൻ. തെങ്ങും കമുകുമൊഴികെ മിക്കവാറും വൃക്ഷങ്ങളും പ്രൂൺ ചെയ്തു വലിപ്പം കുറയ്ക്കാമെന്നതിനാൽ ഇത്തിരി സ്ഥലമുള്ളവർക്കും ഫലവൃക്ഷത്തോട്ടമുണ്ടാക്കാനാകുമെന്ന് അനീഷ് ചൂണ്ടിക്കാട്ടി. 

അതേസമയം അതിരിനോടു ചേർന്നു മരങ്ങൾ നട്ട് അയൽക്കാരുമായി വ്യവഹാരത്തിലാവാതെ സൂക്ഷിക്കണം. ഇല പൊഴിയുന്ന മരങ്ങൾ മുറ്റത്തോടു ചേർന്നു നടാതിരിക്കാനും മാംഗോസ്റ്റിൻ, ജാതി, കുടമ്പുളി തുടങ്ങിയവ കഠിനമായ വെയിലിൽനിന്ന് സംരക്ഷണം നൽകി നടാനും ശ്രദ്ധിക്കണം. ഫലവൃക്ഷത്തൈകൾ അനീഷ് സ്വയം ഉൽപാദിപ്പിക്കുകയാണ്. മറ്റു നഴ്സറികളിൽ നിന്നു വാങ്ങാറുമുണ്ട്. മൂ ന്നു വർഷം വരെ പ്രായമുള്ള വൃക്ഷത്തൈകൾ വലിയ കൂടകളിൽ കിട്ടാനുണ്ട്. പ്രായം കൂടിയവയ്ക്ക് വിലയും കൂടുതലായിരിക്കും. എങ്കിലും തീരെ ചെറിയ വൃക്ഷത്തൈകൾ നട്ടുവളർത്തി നിശ്ചിത പ്രായമെത്തിക്കുന്നതിനുള്ള ചെലവ് പരിഗണി ക്കുമ്പോൾ മൂന്നു വർഷം പ്രായമുള്ളവ വാങ്ങുന്നതുതന്നെയാവും ഉചിതമെന്നാണ് അനീഷ് നിർദേശിക്കുന്നത്. 

മരങ്ങളുെട പുനർയൗവന ചികിത്സയിലൂെടയാണ് അനീഷ് കൂടുതൽ ശ്രദ്ധേയനാവുന്നത്. വിവിധ കാരണങ്ങളാൽ നാശത്തിന്റെ വക്കിലെത്തിയ ഫലവൃക്ഷങ്ങളുണ്ടാവാം. അവയ്ക്ക് പുതുജീവൻ നൽകി സംരക്ഷിക്കുന്ന പ്രവർത്തനമാണിത്. പഴയ തറവാടുകളിലും മറ്റും പ്രായാധിക്യം മൂലം നശിച്ചു തുടങ്ങിയമാവും പ്ലാവുമൊക്കെ പുനർയൗവനപ്രക്രിയയ്ക്കു വിധേ യമാക്കാം– മകനിൽ നിന്നു യൗവനം സ്വീകരിച്ച യയാതിയെപ്പോലെ. രോഗം ബാധിച്ച തുമൂലവും ഇത്തിൾകണ്ണി ആക്രമിച്ചതു മൂലവുമൊക്കെ നശിച്ചു തുടങ്ങിയ മരങ്ങളെ രക്ഷിക്കാനും പുനർയൗവനപ്രക്രിയ പ്രയോജനപ്പെടും. അപൂർവങ്ങളായ നാടൻ ഇനങ്ങളുടെ സംരക്ഷണം ആഗ്രഹിക്കുന്നവരും തലമുറകൾ കൈമാറിക്കിട്ടിയ മരങ്ങൾ നിലനിർത്താൻ വഴി തേടുന്നവരുമൊക്കെയാണ് പുനർയൗവനപ്രക്രിയ പ്രയോജനപ്പെടുത്തുന്നത്. ഇത്തരം വൃക്ഷങ്ങളുെട കമ്പുകൾ ശാസ്ത്രീയമായി വെട്ടിയിറക്കി അവയുെട ശാഖാവിന്യാസം ശാസ്ത്രീയവും സംതുലിതവുമാക്കുകയാണ് ഇതിലെ പ്രധാന പ്രവർത്തനമെന്ന് അനീഷ് പറഞ്ഞു. 

കമ്പ് വെട്ടിനീക്കിയ മുറിപ്പാടിൽ കുമിൾനാശിനികൾ പുരട്ടും. വേണ്ടത്ര വളവും വെള്ളവും മുടക്കമില്ലാതെ നൽകുകയും വേണം. മാനം മുട്ടെ വളർന്ന മാവും പ്ലാവും സപ്പോട്ടയുമൊക്കെ കൈയെത്തുന്നത്ര ഉയരത്തിൽ ചെറുപ്പക്കാരായി മാറുമ്പോൾ പഴങ്ങൾ കേടാകാതെ പറിച്ചെടുക്കാനാവുന്നു. വെട്ടിനീക്കുന്ന കമ്പുകൾ വിറകായി ഉപയോഗിക്കുകയും ചെയ്യാം. 

സംരംഭമെന്ന നിലയിൽ പഴവർഗത്തോട്ട നിർമാണവും പുനർയൗവന ചികിത്സയും നടത്തുന്നതിനൊപ്പം ഒട്ടേറെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കും അനീഷ് നേതൃത്വം നൽകുന്നു. പ്ലാൻറ് അക്വാ ആൻഡ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യ, പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി എന്നിങ്ങനെ രണ്ട് നേച്ചർ ക്ലബുകളുെട സ്ഥാപകനും ജനറൽ സെക്രട്ടറിയുമാണ് അനീഷ്. ഈ സംഘടനകളിലൂെട കണ്ടൽ വനങ്ങളുെട സംരക്ഷണം, ഇക്കോഷോപ്പ് എന്നിവ നടത്തുന്നതിനൊപ്പം ഉപേക്ഷിക്കപ്പെട്ട മരങ്ങളെ ദത്തെടുക്കുന്ന പദ്ധതിക്കും തുടക്കം കുറി ച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾക്കു വേണ്ടി മുറിച്ചു നീക്കേണ്ടിവരുന്ന മരങ്ങളാണ് ഇപ്രകാരം ദത്തെടുക്കാറുള്ളത്. മതിലുകളിലും കെട്ടിടങ്ങളിലുമൊക്കെ വളർന്നു വലുതായ ആൽമരങ്ങളെയാണ് കൂടുതലായി രക്ഷിക്കേണ്ടിവരാറുള്ളതെ ന്ന് അനീഷ് പറഞ്ഞു. ഇത്തരം മരങ്ങളെ ചുവടോടെ പിഴുത് പൊതുസ്ഥലങ്ങളിലേക്ക് മാറ്റും. എന്നാൽ ഇതിനായി സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. 

ദത്തെടുക്കുന്ന മരത്തിൽ അമിതമായുള്ള കമ്പുകളും ഇലകളും മുറിച്ചു കളയുകയാണ് ആദ്യഘട്ടം. സംതുലിതാവസ്ഥ നഷ്ടപ്പെട്ട് മരം മറിയാത്ത വിധത്തിലാണ് കമ്പു മുറിക്കേണ്ടത്. ചുവടുഭാഗത്തെ വേരുമണ്ഡലം നിശ്ചിത വലുപ്പത്തിൽ നില നിറുത്തി ബാക്കി വേരുകൾ മുറിച്ചുനീക്കുകയാണ് അടുത്ത ഘട്ടം. മുറിച്ചുനീക്കിയ വേരും മണ്ണും കൂടി ചാക്കുപയോഗിച്ചു പൊ തിഞ്ഞുകെട്ടുന്നു. തുടർന്ന് ക്രെയിനുപ യോഗിച്ച് ഉയർത്തുന്ന മരം നടാനുദ്ദേശി ക്കുന്ന സ്ഥലത്ത് നിശ്ചിതവലുപ്പത്തിൽ കുഴിയെടുത്ത് സ്ഥാപിക്കുന്നു. തുടർച്ചയായ പരിചരണത്തിലൂെട ഒരു വർഷത്തിനുള്ളിൽ മരം പുതുജീവിതത്തിലേക്ക് കടക്കുമെന്ന് അനീഷ് പറയുന്നു. വളരെയേറെ പണച്ചെലവും അധ്വാനവും വേണ്ട കാര്യ മായതിനാൽ പ്രകൃതിസ്നേഹികളുടെ യും ജനപ്രതിനിധികളുെടയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുെടയും സഹായ ത്തോെടയാണ് ഇതു ചെയ്യുന്നത്. അനീഷിന്റെ വീടിനു ചുറ്റും വിവിധ സ്ഥലങ്ങ ളിൽനിന്നു രക്ഷിച്ചുകൊണ്ടുവന്ന ആൽമ രങ്ങളുടെയും മറ്റും ഒരു ശേഖരം തന്നെയുണ്ട്. ക്ലബുകളും സ്ഥാപനങ്ങളുമൊക്കെ സ്ഥലവും സംരക്ഷണവും ഉറപ്പാക്കുന്നത നുസരിച്ച് ഇവയെ മാറ്റിപാർപ്പിക്കുമെന്ന് അനീഷ് പറയുന്നു. ഫോൺ: 9946709899 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com